|    Nov 19 Mon, 2018 2:52 pm
FLASH NEWS

ഗവേഷക വിദ്യാര്‍ഥി സമരത്തിന് കാംപസ് ഫ്രണ്ട് പിന്തുണ

Published : 21st December 2017 | Posted By: kasim kzm

കാലടി: എകെആര്‍എസ്എ (എസ്എഫ്‌ഐയുടെ ഗവേഷക വിദ്യാര്‍ഥി സംഘടന) പ്രവര്‍ത്തകര്‍ ഗവേഷക വിദ്യാര്‍ഥിനികളെ അസഭ്യം പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന പരാതി നല്‍കിയിട്ടും കുറ്റക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാംപസില്‍ വിഹരിക്കുന്നതില്‍ പ്രതിഷേധിച്ച് നീതി തേടി കാലടി സംസ്‌കൃത സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥിനികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു കാംപസ്ഫ്രണ്ട് പിന്തുണ. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിദ്യാര്‍ഥിനികള്‍ സമരം ആരംഭിച്ചത്. കാംപസ്ഫ്രണ്ട് ജില്ലാ സെക്രട്ടറി ആരിഫ് ബിന്‍സലീം, ജില്ലാ സമിതി അംഗങ്ങളായ അഷ്‌കര്‍, തന്‍സീല്‍ പെരുമ്പാവൂര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു കാംപസ്ഫ്രണ്ട് പിന്തുണ നല്‍കി. ദലിത് വിദ്യാര്‍ഥികളോടും പെണ്‍കുട്ടികളോടും എസ്എഫ്‌ഐ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേയാണ് സമരം. സര്‍വകലാശാല എസ്എഫ്‌ഐയുടെ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നു ഇവര്‍ കാംപസ്ഫ്രണ്ട്  ഭാരവാഹികളോട് പറഞ്ഞു. ലേഡീസ് ഹോസ്റ്റലിലേക്ക് അര്‍ധരാത്രി എകെആര്‍എസ്എ പ്രവര്‍ത്തകരായ അബ്ദുര്‍റഹ്്മാന്‍ കെകെ (അബ്ദു കോട്ടയ്ക്കല്‍), അഖില്‍ സി എം (അഖില്‍ പുറക്കാട്) എന്നിവരുടെ നേതൃത്വത്തില്‍ ഗവേഷകര്‍ പ്രതിഷേധ പ്രകടനവുമായി എത്തിയതോടെയാണ് വിദ്യാര്‍ഥിനികള്‍ ഇവര്‍ക്കെതിരേ സര്‍വകലാശാലയില്‍ ആദ്യം പരാതി നല്‍കിയത്. ശേഷം ഹോസ്റ്റല്‍ മേട്രനെ അബ്ദുര്‍റഹ്്മാന്‍ കെ കെ, അഖില്‍ പുറക്കാട് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം രാത്രി കാലടി പിഎംഎം ആശുപത്രിയില്‍ പോയി ഭീഷണിപ്പെടുത്തുകയും ഉണ്ടായി. പരാതി നല്‍കുവാന്‍ പോയ മൂന്ന് ഗവേഷക വിദ്യാര്‍ഥിനികളെ അബ്ദുര്‍റഹ്്മാന്‍ കെ കെ, അഖില്‍ സി എം, രാകേഷ് കെ(രാകേഷ് ബ്ലാത്തൂര്‍) എന്നിവര്‍ തടഞ്ഞു നിര്‍ത്തി പരസ്യമായി ഭീഷണിപ്പെടുത്തിയതിനും അപമാനിക്കുകയും ചെയ്തു. ലൈബ്രറിയില്‍ നിന്നും മടങ്ങി വരികയായിരുന്ന ഗവേഷകയെ അബ്ദുര്‍റഹ്്മാന്‍ കെ കെ, മുരളീധരന്‍ കെ വി, രാകേഷ് കെ എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി വധഭീഷണി മുഴക്കിയതിനും അസഭ്യം പറയുകയും ചെയ്തതായും വിദ്യാര്‍ഥിനികള്‍ കൂട്ടി ചേര്‍ത്തു. മേല്‍പ്പറഞ്ഞ പരാതികളിന്മേല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ അബ്ദുര്‍റഹ്്മാന്‍ കെ കെ (ഗവേഷകന്‍, ഫിലോസഫി വിഭാഗം), അഖില്‍ സി എം ( ഗവേഷകന്‍, വേദാന്ത വിഭാഗം), രാകേഷ് കെ (ഗവേഷകന്‍, ഫിലോസഫി വിഭാഗം), മുരളീധരന്‍ കെ വി (ഗവേഷകന്‍, മലയാള വിഭാഗം) എന്നീ നാല് എകെഎസ്ആര്‍എ പ്രവര്‍ത്തകരെ വൈസ് ചാന്‍സിലര്‍ പദവിയുള്ള പ്രോ. വൈസ് ചാന്‍സിലര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍വകലാശാല മേല്‍പറഞ്ഞവരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിവരം പോലും വിദ്യാര്‍ഥിനികള്‍ക്ക് കൊടുത്തിട്ടില്ല. അര്‍ഹമായ അവകാശങ്ങളെ സംരക്ഷിക്കാന്‍ അധികാരികള്‍ തയ്യാറായില്ലയെങ്കില്‍ സമരക്കാര്‍ക്കു ഒപ്പം ശക്തമായ സമരങ്ങളുമായി കാംപസ് ഫ്രണ്ട് മുന്നോട്ട് പോവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss