|    Apr 23 Mon, 2018 2:33 pm
FLASH NEWS
Home   >  Editpage  >  Article  >  

ഗവേഷകര്‍ക്കെതിരേ യുജിസി

Published : 19th June 2016 | Posted By: SMR

slug-avkshngl-nishdnglബാബുരാജ് ബി എസ്

യുജിസി അങ്ങനെയാണ്. അവരെപ്പോഴും നിയമങ്ങള്‍ മാറ്റിക്കൊണ്ടേയിരിക്കും. മറ്റൊന്നുംകൊണ്ടല്ല, മാറ്റങ്ങള്‍ അവര്‍ക്ക് വലിയ ഇഷ്ടമാണ്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയുടെ വിധി നിര്‍ണയിക്കുന്ന സുപ്രധാന ബോഡിയായതിനാല്‍ അവരുടെ ഇഷ്ടങ്ങള്‍ പലപ്പോഴും നാട്ടുകാര്‍ക്ക് ഇഷ്ടക്കേടാവാറുണ്ട്.
കുറേക്കാലം ഒരു ഹയര്‍ സെക്കന്‍ഡറിയില്‍ പഠിപ്പിച്ചുകഴിഞ്ഞപ്പോഴാണ് രോഷ്‌നിക്ക് പിഎച്ച്ഡി ചെയ്യാന്‍ മോഹമുദിച്ചത്. തൃശൂര്‍ കേരളവര്‍മ കോളജ് കേന്ദ്രമാക്കി അവര്‍ കോഴിക്കോട് സര്‍വകലാശാലയില്‍ അപേക്ഷിച്ചു. മറ്റൊരു സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജില്‍ പഠിപ്പിക്കുന്ന ഒരു അധ്യാപകനെ ഗൈഡായും നിശ്ചയിച്ചു. വൈകാതെ എന്‍ട്രന്‍സും അഭിമുഖവും പോലുള്ള കടമ്പകള്‍ ചാടിക്കടന്നു. രജിസ്‌ട്രേഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സര്‍വകലാശാല ഒരു നിയമം കൊണ്ടുവന്നത്. ഒരു സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യുന്നയാള്‍ അതേ സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജിലെ അധ്യാപകരെ മാത്രമേ ഗൈഡായി തിരഞ്ഞെടുക്കാവൂ. രോഷ്‌നി അതുവരെ ചെയ്ത പണി വെള്ളത്തിലായി. ഇനി മറ്റൊരാളെ കണ്ടെത്തിയല്ലേ പറ്റൂ.
അടുത്തത് ഒരു സര്‍ക്കാര്‍ കോളജിലെ അസി. പ്രഫസറുടെ കഥയാണ്. കേരള യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ ഗവേഷകന്റെ കീഴിലായിരുന്നു അദ്ദേഹം ഗവേഷണം തുടങ്ങിയത്. ആറുമാസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനും കിട്ടി സര്‍വകലാശാലയുടെ അറിയിപ്പ്. റിട്ടയര്‍ ചെയ്ത അധ്യാപകര്‍ ഗൈഡാവാന്‍ പാടില്ല. പുതിയ ആളെ ഉടന്‍ കണ്ടെത്തണം. നടന്നു മടുത്ത് അദ്ദേഹം സര്‍വീസിലുള്ള ഗൈഡിനെ കണ്ടെത്തി. ഇത്തവണ ഗൈഡ് ഒരു അസി. പ്രഫസറാണ്. പ്രശ്‌നങ്ങള്‍ തീര്‍ന്നല്ലോ എന്നു സമാധാനിച്ചിരിക്കുമ്പോഴാണ് മറ്റൊരു കുരിശ്. മനുഷ്യവിഭവശേഷി വകുപ്പാണ് ഇത്തവണ കൊലക്കയറുമായി വന്നത്. ഒരു അസി. പ്രഫസറുടെ കീഴില്‍ നാലാള്‍ മാത്രമേ പിഎച്ച്ഡി ചെയ്യാന്‍ പാടുള്ളൂ. എട്ടെണ്ണം എന്നതാണ് നാലാക്കി ചുരുക്കിയത്. ഗവേഷകന്‍ വീണ്ടും പുറത്ത്!
അസി. പ്രഫസറുടെ മാത്രമല്ല, പ്രഫസറുടെയും അസോഷ്യേറ്റ് പ്രഫസറുടെയും കീഴില്‍ ചേരാവുന്ന വിദ്യാര്‍ഥികളുടെ എണ്ണവും ആനുപാതികമായി വെട്ടിക്കുറച്ചിട്ടുണ്ട്. മൊത്തം 50 ശതമാനം സീറ്റാണ് കുറച്ചിട്ടുള്ളത്. പ്രഫസര്‍മാര്‍ വളരെ കുറച്ചേ രാജ്യത്തുള്ളു. ഉള്ളവര്‍ കൂടുതലും അസി. പ്രഫസര്‍മാരും അസോ. പ്രഫസര്‍മാരുമാണ്. അവര്‍ക്കാണെങ്കില്‍ കുറച്ചുപേരെയേ എടുക്കാനാവൂ. കൂടുതല്‍ പേരെ എടുക്കാവുന്ന പ്രഫസറാവട്ടെ ആ തസ്തികയിലെത്തി ഏറെ താമസിയാതെ പെന്‍ഷനാവുകയും ചെയ്യും. പുതിയ നിയമമനുസരിച്ച് പെന്‍ഷനായവര്‍ക്ക് ഗൈഡാവാനാവില്ല.
ഉന്നതവിദ്യാഭ്യാസമേഖലയില്‍ യുജിസിയുടെ ഇടപെടലുകള്‍ ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. ഗവേഷകര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സ്റ്റൈപ്പന്‍ഡ് തടഞ്ഞുകൊണ്ടായിരുന്നു തുടക്കം. ഗവേഷണത്തിന് നിലവില്‍ രണ്ടു സ്ട്രീമുകളാണ് ഉള്ളത്. ഒന്ന്, നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് എഴുതി പാസായി വരുന്നവരും മറ്റൊന്ന്, സര്‍വകലാശാലകള്‍ നടത്തുന്ന ടെസ്റ്റുകള്‍ പാസാവുന്നവരും. രണ്ടു വിഭാഗക്കാര്‍ക്കും വ്യത്യസ്ത രീതിയിലാണെങ്കിലും യുജിസി സ്റ്റൈപ്പന്‍ഡ് അനുവദിച്ചിരുന്നു. സര്‍വകലാശാലകള്‍ നടത്തുന്ന ടെസ്റ്റ് എഴുതിവരുന്നവരെയായിരുന്നു മനുഷ്യവിഭവശേഷി മന്ത്രാലയം ആദ്യം കുരുക്കിയത്. അത്തരം വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന ഗ്രാന്റ് പെട്ടെന്നൊരു ദിവസം അവര്‍ പിന്‍വലിച്ചു. അനുവദിക്കുന്ന പണം സുതാര്യമായല്ല സര്‍വകലാശാലകള്‍ ചെലവഴിക്കുന്നതെന്നതായിരുന്നു ആരോപണം.
സര്‍വകലാശാലകളെ സുതാര്യമാക്കേണ്ടത് 35000ഓളം വരുന്ന ഗവേഷകരെ ശിക്ഷിച്ചാണോ എന്നായിരുന്നു വിദ്യാര്‍ഥികളുടെ ചോദ്യം. വിദ്യാഭ്യാസമേഖലയില്‍ ചെലവഴിക്കുന്ന തുക വെട്ടിച്ചുരുക്കി മേഖലയെ വിദേശ സ്വകാര്യസര്‍വകലാശാലകളുടെ കീഴിലൊതുക്കാനുള്ള തന്ത്രമാണ് ഇതെന്നും അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം അവസാനം അതിനെതിരേ വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ യുജിസി ആസ്ഥാനം ഉപരോധിക്കുകയുണ്ടായി. ഇതേ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരമാണ് ഒടുവില്‍ ഹൈദരാബാദില്‍ രോഹിത് വെമുലയുടെ മരണത്തില്‍ അവസാനിച്ചത്.
ഗവേഷകരെ പുറന്തള്ളാനുള്ള അടുത്ത അടവായിരുന്നു നേരത്തേ സൂചിപ്പിച്ച ഗൈഡുമാരുടെ കീഴിലുള്ള വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിച്ചുരുക്കല്‍. അതിന്റെ പ്രകമ്പനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത്തരം പരിഷ്‌കാരങ്ങള്‍ മുഖ്യമായും ഗ്രാമീണമേഖലയില്‍നിന്നു വരുന്ന പാവപ്പെട്ട വിദ്യാര്‍ഥികളെയായിരിക്കും ബാധിക്കുക. അതില്‍ തന്നെ ദലിതരും ന്യൂനപക്ഷങ്ങളും പിന്നാക്കക്കാരുമായിരിക്കും ഇതിന്റെ ആദ്യ ഇരകള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss