|    Jan 25 Wed, 2017 1:12 am
FLASH NEWS

ഗവേഷകയുടെ വധം: അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്

Published : 9th October 2016 | Posted By: SMR

പനാജി: പ്രമുഖ സുഗന്ധദ്രവ്യ ഗവേഷകയും മോഡലുമായ മോണിക്ക ഖുര്‍ദെയുടെ കൊലയാളികളെ പിടികൂടാന്‍ ഗോവ പോലിസ് അയല്‍ സംസ്ഥാനങ്ങളിലേക്ക് അന്വേഷണ സംഘങ്ങളെ അയച്ചു. കൊലയാളികള്‍ ഗോവ വിട്ടിട്ടുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണിത്. കേസ് ഉടനെ തെളിയുമെന്നും അയല്‍ സംസ്ഥാനങ്ങള്‍ അടക്കം വിവിധ ഇടങ്ങളിലേക്ക് പോലിസ് സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും ഡിഐജി വിമല്‍ ഗുപ്ത അറിയിച്ചു.
ഗോവയിലെ സാന്‍ഗോള്‍ഡ ഗ്രാമത്തിലെ വാടക ഫഌറ്റില്‍ 39കാരിയായ മോണിക്കയുടെ മൃതദേഹം കണ്ടെത്തിയത് വ്യാഴാഴ്ചയായിരുന്നു. ഇവരെ ബലാല്‍സംഗത്തിനുശേഷം കൊലപ്പെടുത്തിയെന്നാണ് പോലിസ് സംശയിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്കും രാത്രിക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. അതിനുശേഷം അവര്‍ ആരുമായും ബന്ധപ്പെട്ടില്ല.
തനിച്ചായിരുന്നു മോണിക്കയുടെ താമസം. ഫഌറ്റില്‍നിന്ന് യാതൊന്നും നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ കവര്‍ച്ചാസാധ്യത പോലിസ് തള്ളിക്കളയുന്നു. കൊലയാളി മോണി—ക്കയ്ക്ക് അറിയുന്ന ആളായിരിക്കണമെന്നും സംശയിക്കുന്നുണ്ട്. നാഗ്പൂര്‍ സ്വദേശിയായ മോണിക്ക തമിഴ്‌നാട്ടുകാരനായ ഫോട്ടോഗ്രാഫര്‍ ഭാരത് രാമാമൃതത്തെയാണ് വിവാഹം ചെയ്തിരുന്നത്. ഈ വര്‍ഷമാദ്യം മുതല്‍ അവര്‍ പിണങ്ങി വേറിട്ടാണ് താമസിച്ചിരുന്നത്. മരണകാരണം വെളിവാക്കാന്‍ സഹായിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കാത്തിരിക്കുകയാണ് പോലിസ്. വീട്ടുജോലിക്കാരി രാവിലെ എത്തിയപ്പോള്‍ ഫഌറ്റ് അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ മോണിക്കയുടെ മുംബൈയിലുള്ള സഹോദരനെ വിവരമറിയിച്ചതോടെയാണ് കൊലപാതകം പുറംലോകമറിഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക