|    Oct 18 Thu, 2018 4:55 am
FLASH NEWS

ഗവി നിവാസികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ കലക്ടറെത്തി

Published : 28th September 2017 | Posted By: fsq

 

പത്തനംതിട്ട: ഗവി നിവാസികളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കുന്നതിന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. അടിസ്ഥാനസൗകര്യങ്ങളിലെ അപര്യാപ്തതകള്‍ സംബന്ധിച്ച് തൊഴിലാളി പ്രതിനിധികളുമായും കെഎഫ്ഡിസി അധികൃതരുമായും കലക്ടര്‍ ചര്‍ച്ച നടത്തി.  ലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ആശ്രിത നിയമനം സമയബന്ധിതമായി നടത്തണമെന്നും കെഎഫ്ഡിസി അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇവിടുത്തെ അങ്കണവാടിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സാമൂഹ്യനീതി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.  ഗവിയിലേക്കുള്ള റോഡുകള്‍ മോശം സ്ഥിതിയിലാണെന്നും പരിഹാരം കാണണമെന്നും ജനങ്ങള്‍ കളക്ടറോടു പരാതിപ്പെട്ടു.സ്‌കൂള്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യമുയര്‍ന്നു. ഗവി സ്‌കൂളില്‍ ഇപ്പോഴുള്ള തമിഴ് മീഡിയത്തിലുള്ള അധ്യയനം ജംഗ്ലീഷിനു പ്രാധാന്യം നല്‍കി കൊണ്ട് മലയാളം മീഡിയത്തിലേക്ക് ക്രമമായി മാറ്റാന്‍ നടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. ഇവിടുത്തെ സ്‌കൂളില്‍ നാലാം ക്ലാസ് വരെയാണ് ഇപ്പോള്‍ ഉള്ളത്.  ഇത് അപ്‌ഗ്രേഡ് ചെയ്യുന്നതിന് പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. കെഎഫ്ഡിസിയുടെ മിനി ബസിലാണ് ഗവിയിലെ വിദ്യാര്‍ഥികളില്‍ കൂടുതല്‍ പേരും വണ്ടിപ്പെരിയാറില്‍ പഠിക്കാന്‍ പോകുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലായതിനാല്‍ ഒരു ബസ് കൂടി അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നു. ആംബുലന്‍സിന്റെ സ്ഥിതി മോശമായതിനാല്‍ മാറ്റി നല്‍കുന്നതിന് ആവശ്യമായ നടപടി ഏകോപിപ്പിക്കുന്നതിന് കെഎഫ്ഡിസിയെ ചുമതലപ്പെടുത്തി. ഗവി നിവാസികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു സംബന്ധിച്ച് ഇപ്പോള്‍ ഇറങ്ങിയിട്ടുള്ള ഉത്തരവു പ്രകാരം ശ്രീലങ്കയില്‍ നിന്ന് ഫാമിലി കാര്‍ഡില്‍ ജാതി രേഖപ്പെടുത്താത്തവര്‍ ഉണ്ടെങ്കില്‍, ഇവരെ അറിയാവുന്ന അഞ്ച് പേരുടെ മൊഴിയും വ്യക്തിയുടെ മൊഴിയും രേഖപ്പെടുത്തി ജാതി നിര്‍ണയിക്കാമെന്ന് കലക്ടര്‍ പറഞ്ഞു. ലയങ്ങളില്‍ സൂക്ഷിച്ചിരുന്ന പലരുടെയും ഫാമിലി കാര്‍ഡ്  നശിച്ചു പോയതായും പരാതിയുണ്ട്. ശ്രീലങ്കയില്‍ നിന്നുള്ളവര്‍ മാത്രമല്ല. തമിഴ്‌നാട്ടില്‍ നിന്നുള്ളവരും ഗവിയിലുണ്ട്. ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യത്തില്‍ എന്തു തീരുമാനം എടുക്കണമെന്ന് സര്‍ക്കാരില്‍ നിന്ന് തീരുമാനമുണ്ടാകേണ്ടതുണ്ട്. വൈകീട്ട് ആറിനു ശേഷം വള്ളക്കടവ് ചെക്ക്‌പോസ്റ്റിലൂടെ പച്ചക്കാനത്തുള്ളവരെ കടത്തി വിടുന്നെന്നും ഗവി നിവാസികളെ കടത്തി വിടുന്നില്ല എന്നുമുള്ള പരാതി പരിഹരിക്കുന്നതിന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. ഗവി നിവാസികളുടെ പ്രശ്‌നം പരിഹരിക്കുന്നതു സംബന്ധിച്ച നടപടികള്‍ വിലയിരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഒക്ടോബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റില്‍ ചേരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. എഡിഎം അനു എസ് നായര്‍, അടൂര്‍ ആര്‍ഡിഒ എം എ റഹിം, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍ എസ് സന്തോഷ് കുമാര്‍, സാമൂഹികനീതി ഓഫിസര്‍ എല്‍ ഷീബ, കെഎഫ്ഡിസി ഡിവിഷനല്‍ മാനേജര്‍ ടി കെ രാധാകൃഷ്ണന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss