|    Oct 16 Tue, 2018 4:22 pm
FLASH NEWS

ഗവിയില്‍ സഞ്ചാരികള്‍ കുറയുന്നു

Published : 9th September 2017 | Posted By: fsq

 

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: തേക്കടിക്കു പിന്നാലെ ഗവി മേഖലയിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. തേക്കടി, ഗവി ടൂറിസം മേഖല തകര്‍ക്കാനുള്ള ചില തല്‍പ്പരകക്ഷികളുടെ നീക്കമാണ് ഇതിനുപിന്നിലെന്ന ആക്ഷേപവും ശക്തമായി. അതേസമയം, വനംവകുപ്പിന്റെ പരിഷ്‌ക്കാരങ്ങളാണ് വിനോദ സഞ്ചാരികള്‍ കുറയാന്‍ പ്രധാന കാരണമെന്നു വിലയിരുത്തപ്പെടുന്നു. ഏറെ വിനോദ സഞ്ചാരികള്‍ എത്തുന്ന ഗവിയില്‍ സ്വകാര്യ വാഹനങ്ങളെ നിയന്ത്രിച്ച് വനംവകുപ്പിന്റെ വാഹനം മാത്രമാണ് സര്‍വീസ് നടത്തുന്നത്. 32 പേര്‍ക്ക് മാത്രം യാത്ര ചെയ്യാനുള്ള ഒരു വാഹനം മാത്രമാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. ടൂറിസ്റ്റ് സീസണായ ഓണനാളുകളില്‍ ഇതിനു പുറമെ ബ്ലോക്ക് പഞ്ചായത്ത് ഗോത്രസാരധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വഞ്ചിവയല്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍വീസ് നടത്തുന്ന വാഹനം ക്രമീകരിച്ചിരുന്നുവെങ്കിലും ഇതില്‍ 28 പേര്‍ക്ക് മാത്രമെ യാത്ര ചെയ്യാന്‍ കഴിയു. ഉല്‍സവ സീസണ്‍ നാളുകളില്‍ നൂറുകണക്കിനു ആളുകളാണ് ഗവി കാണാന്‍ എത്തുന്നത്. എന്നാല്‍ വാഹന സൗകര്യം ഇല്ലാത്തതിനാല്‍ ഭൂരിഭാഗം പേരും മടങ്ങി പോവുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. രണ്ട് വര്‍ഷം മുന്‍പ്  ആനയുടെ ചവിട്ടേറ്റു രണ്ടു വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് വനംവകുപ്പ് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.  ഈ ദുരന്തത്തിനു ശേഷം വിനോദ സഞ്ചാരികള്‍ക്ക് ഗവിയിലേക്കുള്ള യാത്ര താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് വനംവകുപ്പ് പറയുമ്പോഴും പച്ചക്കാനം,ഗവി, തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിസോര്‍ട്ടുകളിലേക്ക് യാതൊരു നിയന്ത്രണവും ഇല്ലാതെ സഞ്ചാരികളെ ഗവിയിലേക്ക് എത്തിക്കുന്നുണ്ട്. റിസോര്‍ട്ടു ഉടമകള്‍ സഞ്ചാരികളെ താമസിപ്പിക്കുന്നതിനു പുറമെ രാത്രി കാലത്ത് വനത്തിലൂടെ ട്രക്കിംഗ് നടത്തുന്നതായും സൂചനയുണ്ട്. വൈകിട്ട് ആറു മണിക്ക് ശേഷം വനത്തില്‍ പ്രവേശിക്കുന്നതിനു തടസം ഉണ്ടങ്കിലും ഉന്നതരുടെ സ്വാദീനത്തില്‍ ഇത്തരക്കാര്‍ക്ക് രാത്രിയിലും വനത്തിലൂടെ സൈരവിഹാരത്തിനു അനുമതിയുണ്ട്. സഞ്ചാരികള്‍ക്ക് ഗവിയിലേക്കുള്ള നിയന്ത്രണം നീക്കിയതിനു ശേഷം വനംവകുപ്പ് സ്വകാര്യ വാഹനങ്ങള്‍ വനത്തിനുള്ളില്‍ പ്രവേശിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്നവര്‍ ദുരിതത്തിലായി. ഇതോടെ വള്ളക്കടവില്‍ നിന്നും ശബരിമല മൗണ്ട് വഴി പരുന്തന്‍ പാറയിലേക്കാണ് സഞ്ചാരികളെ എത്തിക്കുന്നത്.ഈ പ്രദേശത്തേക്ക് പോകുന്നതിനു തടസവും പ്രവേശന ഫീസും ഇല്ലാത്തതിനാല്‍ സഞ്ചാരികള്‍ക്കം ഇതിനോടു യോജിപ്പാണ്. പോകുന്ന വഴിയില്‍ ആനയും,കാട്ടു പോത്തും അടക്കം വന്യമ്യഗങ്ങളെ കാണാന്‍ കഴിയുന്നതിനാല്‍ സഞ്ചാരികളും സന്തോഷത്തിലാണ്. ദിവസവും നൂറുകണക്കിനു വിനോദ സഞ്ചാരികളാണ് ഇതു വഴി കടന്നു പോകുന്നത്. ഗവിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികളില്‍ നിന്നും ഒരാള്‍ക്ക് 325 രൂപാ വീതമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയ മിനിബസിനു സര്‍വീസ് ചാര്‍ജടക്കം വനംവകുപ്പ് ഈടാക്കുന്നത്. ദിവസവും മൂന്നു സര്‍വീസുകളും ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം വനത്തിനുള്ളില്‍ പ്ലാസ്റ്റിക്ക് കാരീബാഗ് കുറയ്ക്കാന്‍ കഴിഞ്ഞു, വാഹനങ്ങള്‍ കുറവായതിനാല്‍ കൂടുതല്‍ മൃഗങ്ങളെ കാണാന്‍ കഴിയും, സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം കുറയ്ക്കാന്‍ കഴിഞ്ഞതായും, ടൂറിസത്തിന്റെ പേരിലുള്ള കൊള്ളയടി അവസാനിപ്പിക്കാന്‍ സാധിച്ചതായും അധികൃതര്‍ പറയുന്നു. വനമേഖലയുടെ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട് തന്നെ ടൂറിസത്തെ പരിപോഷിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss