|    Apr 27 Fri, 2018 2:25 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു; വന്‍ വാഗ്ദാനങ്ങള്‍

Published : 6th February 2016 | Posted By: SMR

തിരുവനന്തപുരം: 13ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് പ്രതിപക്ഷ ബഹിഷ്‌കരണത്തോടെയും ഗവര്‍ണറുടെ ചരിത്രപരമായ ഇടപെടലോടെയും തുടക്കം. പുതിയ പ്രഖ്യാപനങ്ങളെക്കാള്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറയുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതുമായിരുന്നു ഗവര്‍ണറുടെ പ്രസംഗം.
കഴിഞ്ഞ അഞ്ചുവര്‍ഷം യുഡിഎഫ് സര്‍ക്കാരിന്റെ സുവര്‍ണ കാലഘട്ടമെന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. വിഴിഞ്ഞം മുതല്‍ കണ്ണൂര്‍ വിമാനത്താവളം വരെയുള്ള വന്‍കിട പദ്ധതികള്‍ നേട്ടമായി ചൂണ്ടിക്കാണിക്കുമ്പോള്‍ 2030 വരെ ചെയ്തുതീര്‍ക്കേണ്ട പദ്ധതികളെക്കുറിച്ചും നയപ്രഖ്യാപനം വിഭാവനം ചെയ്യുന്നുണ്ട്. അതേസമയം, ബാര്‍ കോഴ-സോളാര്‍ കേസുകളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജിയാവശ്യപ്പെട്ട് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
ഗവര്‍ണറുടെ പ്രധാന പ്രഖ്യാപനങ്ങള്‍: കൊച്ചി മെട്രോയുടെ ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാവും. കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ ഈ മാസം. കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ ഒന്നാംഘട്ടം ഫെബ്രുവരി 20ന് ഉദ്ഘാടനം ചെയ്യും. എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍. 27.79 കോടി രൂപയുടെ ഖാദിഗ്രാമം ഈ വര്‍ഷം. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി ആദ്യത്തെ മെഡിക്കല്‍ കോളജ് പാലക്കാട്ട് ആരംഭിക്കും. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ റബര്‍മാര്‍ക്ക് വൈവിധ്യവല്‍ക്കരണം നടപ്പാക്കും. ഐടി കയറ്റുമതി ഈ വര്‍ഷം 18,000 കോടി രൂപയിലെത്തിക്കും. കേരളത്തിന്റെ വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയെക്കാള്‍ മുന്നില്‍.
തിരുവനന്തപുരത്ത് ഗ്ലോബല്‍ ആയുര്‍വേദ വില്ലേജും എറണാകുളത്ത് ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ കം കണ്‍വന്‍ഷന്‍ സെന്ററും. പാലക്കാട്, തൊടുപുഴ എന്നിവിടങ്ങളിലേക്ക് വ്യാവസായിക വികസനമേഖലകള്‍ വ്യാപിപ്പിക്കും. അടുത്ത സാമ്പത്തികവര്‍ഷം കണ്ണൂരില്‍ ഹാന്‍ഡ്‌ലൂം പ്രദര്‍ശനത്തിന് സ്ഥിരം സെന്റര്‍. തിരഞ്ഞെടുക്കപ്പെട്ട റവന്യൂ ബ്ലോക്കുകളില്‍ കൈത്തറി ക്ലസ്റ്ററുകള്‍. കേരള ബിസിനസ് ടു ബിസിനസ് മീറ്റ് ഈ മാസം കൊച്ചിയില്‍ നടക്കും. ഖാദിയുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ 23.79 കോടി ചെലവില്‍ ഖാദിഗ്രാമം പദ്ധതി. കോട്ടയത്ത് ഖാദി വിപണനസമുച്ചയവും പയ്യന്നൂര്‍ ഖാദി സെന്ററില്‍ ഗാന്ധി ഖാദി മ്യൂസിയവും പരിഗണനയില്‍. കരകൗശല പണിക്കാരെ സംരംഭകരായി ഉയര്‍ത്തും.
ഒറ്റപ്പാലത്ത് കേന്ദ്രസഹായത്തോടെ പ്രതിരോധ പാര്‍ക്ക്. രണ്ടു സെന്റ് സ്ഥലമുള്ളവര്‍ക്ക് കാരുണ്യ പദ്ധതിയിലൂടെ വീടുവയ്ക്കാന്‍ സഹായം. ഹരിതഭവനം വായ്പാപദ്ധതി, ഷെല്‍ട്ടര്‍ ഫണ്ട് ട്രസ്റ്റ്, സാന്ത്വനം റെന്റല്‍ ഹൗസിങ് സ്‌കീം എന്നിവ അടുത്ത വര്‍ഷം. കോട്ടയത്ത് കാലാവസ്ഥാ വ്യതിയാനം പഠിക്കാനുള്ള കേന്ദ്രം. അടുത്ത വര്‍ഷം സര്‍ക്കാര്‍ ഓഫിസുകളില്‍ 100 ശതമാനം തസ്തികനിയമനം. ആധുനിക സുരക്ഷാക്രമീകരണങ്ങളുള്ള ജയില്‍ വിയ്യൂരില്‍ ഈ വര്‍ഷം.
മൂന്നാറില്‍ പരിസ്ഥിതി മ്യൂസിയം, പഞ്ചായത്തുകളില്‍ ആയുര്‍വേദ ചികില്‍സാകേന്ദ്രങ്ങള്‍, സ്മാര്‍ട്ട് റവന്യൂ ഓഫിസുകള്‍, കോഴിക്കോട്ട് ഫൂട്‌വെയര്‍ പാര്‍ക്ക്, കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളില്‍ സോളാര്‍ പാനലുകള്‍ തുടങ്ങിയ പദ്ധതികളും നയപ്രഖ്യാപനത്തിലുണ്ട്. സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതുവരെ സര്‍ക്കാരിന് വിശ്രമമില്ലെന്നു പറഞ്ഞാണ് രണ്ടരമണിക്കൂറിലേറെ നീണ്ട നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അവസാനിപ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss