|    Dec 18 Tue, 2018 2:04 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം

Published : 24th November 2018 | Posted By: kasim kzm

ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നടപടി ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ ജനാധിപത്യവിരുദ്ധവും ഭരണഘടനയുടെ ലംഘനവുമാണ്. ബിജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മെഹബൂബ മുഫ്തി രാജിവയ്ക്കുകയും പുതിയ മന്ത്രിസഭ നിലവില്‍ വരാതെ തുടര്‍ന്നുപോരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസ്സും ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ വട്ടംകൂട്ടിയത്. അവര്‍ക്ക് അവസരം നല്‍കാതെ പൊടുന്നനെ നിയമസഭ പിരിച്ചുവിടുകയാണ് ഗവര്‍ണര്‍ ചെയ്തത്. അതിനു പറയുന്ന കാരണങ്ങളാണ് അതിവിചിത്രം- സംസ്ഥാനത്തു വ്യാപകമായ ‘കുതിരക്കച്ചവടം’ നടക്കാന്‍ പോവുന്നു, പരസ്പരവിരുദ്ധമായ രാഷ്്ട്രീയാശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന പാര്‍ട്ടികള്‍ക്ക് ഭദ്രമായ ഗവണ്‍മെന്റ് രൂപീകരിക്കാനാവുകയില്ല. ഇതൊന്നും നിയമസഭ പിരിച്ചുവിടാനുള്ള കാരണമായി കണക്കാക്കിക്കൂടെന്നു രാമേശ്വര്‍ പ്രസാദ് കേസില്‍ സുപ്രിംകോടതി 2006ല്‍ വ്യക്തമായി വിധിയെഴുതിയ വസ്തുത മുമ്പിലിരുന്നിട്ടും ഗവണ്‍മെന്റ് ഇങ്ങനെയൊരു നടപടിക്കു മുതിര്‍ന്നതിന്റെ അര്‍ഥം വളരെ വ്യക്തം- കശ്മീരില്‍ പ്രതിപക്ഷ ഐക്യനിര ഗവണ്‍മെന്റ് രൂപീകരിക്കുന്നത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനു സമ്മതമല്ല. ബിജെപിക്കാരനായ ഗവര്‍ണര്‍ വിനീതവിധേയനായി കേന്ദ്രസര്‍ക്കാരിന്റെ തിരുവുള്ളം നടപ്പില്‍വരുത്തുകയായിരുന്നു.
ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിന്റെ മുന്‍കൈയില്‍ ബിജെപിക്കു പ്രാമുഖ്യമുള്ള ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിന്റെ അപകടം മണത്തറിഞ്ഞാണ് ബദ്ധവൈരികളായ മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് ഗവണ്‍മെന്റുണ്ടാക്കാന്‍ ഒരുമ്പെട്ടതെന്നതു ശരിതന്നെ. അതിനെ അവസരവാദപരമെന്നു പറയുകയും ചെയ്യാം. എന്നാല്‍, ഇത്തരം രാഷ്ട്രീയനീക്കങ്ങള്‍ക്കു തടയിടേണ്ടത് ഭരണഘടനാലംഘനം വഴിയല്ല. ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള സാധ്യതകള്‍ ആരായാന്‍ ബാധ്യതപ്പെട്ട ഗവര്‍ണര്‍ കൈക്കൊണ്ട നടപടി ദുഷ്ടലാക്കോടു കൂടിയ ഒന്നായി മാറുന്നത് അതുമൂലമാണ്. എന്നു മാത്രമല്ല, ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള നീക്കം പാകിസ്താന്‍ പദ്ധതിയുടെ ഭാഗമാണെന്ന അപഹാസ്യമായ അഭിപ്രായവുമായി ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവ് രംഗത്തുവരുകയും ചെയ്തു. പ്രസ്താവന പിന്‍വലിച്ച് അദ്ദേഹത്തിന് തടിതപ്പേണ്ടിവന്നുവെങ്കിലും ബിജെപി കശ്മീര്‍ രാഷ്ട്രീയത്തെ എത്രമാത്രം ദൂരക്കാഴ്ചയില്ലാതെയാണു കൈകാര്യം ചെയ്യുന്നതെന്നു സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തുവായിച്ചാല്‍ വ്യക്തമാവും.
ജനവികാരം തൊട്ടറിഞ്ഞ് കശ്മീര്‍ ജനതയെ ഇന്ത്യയോടടുപ്പിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റും ഗവര്‍ണറും ചെയ്യേണ്ടത്. പകരം കേന്ദ്രത്തിന്റെ ഒത്താശയോടെ ഗവര്‍ണര്‍ കൈക്കൊണ്ട നടപടി ജനങ്ങളെ കൂടുതല്‍ ഇന്ത്യയില്‍ നിന്ന് അകറ്റുകയേയുള്ളൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്ന് ജനാധിപത്യവ്യവസ്ഥയില്‍ നിന്ന് അകല്‍ച്ച പാലിച്ച കശ്മീര്‍ ജനതയെ കൂടുതല്‍ അകറ്റിയിട്ട് എന്തുകാര്യം?

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss