|    Aug 23 Wed, 2017 12:03 am
FLASH NEWS
Home   >  Pravasi   >  

ഗള്‍ഫ് രാജ്യങ്ങളിലെ വിസ ഉള്ളവര്‍ക്കും ഖത്തര്‍ വിസാ ഇളവ് പരിഗണിക്കുന്നു

Published : 10th August 2017 | Posted By: fsq

 

ദോഹ: ജിസിസി(ബഹ്‌റയ്ന്‍, കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ, യുഎഇ) രാജ്യങ്ങള്‍, യുകെ, യുഎസ്എ, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലന്റ്, ഷെന്‍ഗന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ റസിഡന്‍സ് പെര്‍മിറ്റ് അല്ലെങ്കില്‍ സാധുവായ വിസ ഉള്ളവര്‍ക്കും ഖത്തര്‍ സന്ദര്‍ശിക്കുന്നതിന് വിസ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നതായി അധികൃതര്‍ അറിയിച്ചു. 80 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഖത്തറില്‍ വിസ ഒഴിവാക്കുന്നതിന് പുറമേയാണിത്. യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാല്‍ ഇവര്‍ക്ക് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ ലഭിക്കും. ഇന്നത്തെ പ്രഖ്യാപനത്തോടെ മേഖലയില്‍ തന്നെ ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ക്കു വിസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യമായി ഖത്തര്‍ മാറിയെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ബാക്കിര്‍ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളെ രാജ്യത്തെത്തിക്കുന്ന ഖത്തര്‍ എയര്‍വെയ്‌സിന് ഇതിലൂടെ കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടൂറിസം മേഖലാ നയത്തില്‍ സുപ്രധാനമാണ് പുതിയ വിസാ നിയമമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡവലപ്‌മെന്റ് ഓഫിസര്‍ ഹസന്‍ അല്‍ഇബ്്‌റാഹിം പറഞ്ഞു. ലോക ടൂറിസം ദിനത്തിന് ഖത്തര്‍ ആതിഥ്യമരുളുന്ന സപ്തംബര്‍ 27ന് രാജ്യത്തെ ടൂറിസത്തിന് ഊര്‍ജം പകരുന്ന പുതിയ നയപ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസാ നയത്തില്‍ കൂടുതല്‍ പരിഷ്‌കരണങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ അതു സംബന്ധമായ പ്രഖ്യാപനം ഉണ്ടാവുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോര്‍ട്‌സ് ആന്റ് എക്‌സ്പാട്രിയേറ്റ്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍അതീഖ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക