|    Dec 14 Fri, 2018 11:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗള്‍ഫില്‍ സമവായനീക്കംഉച്ചകോടി: ജിസിസി രാജ്യങ്ങള്‍ റിയാദില്‍ സംഗമിക്കും

Published : 20th November 2018 | Posted By: kasim kzm

കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങളുടെ ഉച്ചകോടി അടുത്തമാസം സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുമെന്നു കുവൈത്ത്. എന്നാല്‍ സൗദിയില്‍ നടക്കുന്ന ഉച്ചകോടിക്ക് ഖത്തര്‍ പങ്കെടുക്കുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്.
സൗദിയുടെയും ഖത്തറിന്റെയും മധ്യസ്ഥ ശ്രമങ്ങള്‍ക്കു കുടപിടിക്കുന്ന കുവൈത്ത് ഉച്ചകോടിയില്‍ ഖത്തറും എത്തുമെന്ന സൂചന നല്‍കുന്നു. ഖത്തര്‍ പ്രതിനിധിയും ഉച്ചകോടിക്ക് എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജറല്ല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജിസിസിയില്‍ സമാധാനം നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും എല്ലാ രാജ്യങ്ങളുടെയും നേതാക്കളും ഉച്ചകോടിക്ക് എത്തുമെന്നും ജറല്ലയെ ഉദ്ധരിച്ച് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കഴിഞ്ഞതവണ കുവൈത്തില്‍ നടന്ന ഉച്ചകോടി വേണ്ടത്ര ഗുണം ചെയ്തിരുന്നില്ലെന്നതും ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികളും ഉച്ചകോടിയില്‍ അംഗരാജ്യങ്ങളുടെ പങ്കാളിത്തം സാധ്യമാക്കുമെന്ന് കുവൈത്ത് അഭിപ്രായപ്പെട്ടു.
ഖത്തറിനെതിരേ ഉപരോധം മൂര്‍ച്ഛിച്ച ഘട്ടത്തിലായിരുന്നു കഴിഞ്ഞവര്‍ഷത്തെ ജിസിസി ഉച്ചകോടി. തുടര്‍ന്നാണ് ഉച്ചകോടിയില്‍ നിന്നു സൗദി പിന്‍വാങ്ങിയത്.
ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി കുവൈത്തില്‍ എത്തിയെങ്കിലും സൗദിയടക്കം മറ്റു രാജ്യങ്ങളിലെ ഭരണാധികാരികള്‍ വന്നില്ല. അതേ സാഹചര്യം ഇത്തവണയും ആവര്‍ത്തിക്കാതിരിക്കാന്‍ കുവൈത്ത് കഠിനമായി ശ്രമിക്കുന്നുണ്ട്. എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തി. ഇനിയും ചര്‍ച്ച തുടരുമെന്നാണു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
തീവ്രവാദത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്ന കാരണത്താലാണു നിലവിലെ ഉപരോധം. എന്നാല്‍ ഖത്തര്‍ ഇതു നിഷേധിക്കുന്നുണ്ട്. ഉപരോധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഇറാന്റെയും ഒമാന്റെയും തുര്‍ക്കിയുടെയും സഹായത്തോടെ ഖത്തര്‍ മറികടന്നിട്ടുണ്ട്. ഇന്നു ലോകത്തെ മിക്ക രാജ്യങ്ങളുമായും ഖത്തര്‍ വ്യാപാരബന്ധം സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം സൗദിയില്‍ നടന്ന സാമ്പത്തിക സമ്മേളനത്തില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറിനെ പുകഴ്ത്തി സംസാരിച്ചതും ഉച്ചകോടിക്ക് ശുഭപ്രതീക്ഷയാണു നല്‍കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss