|    Jan 18 Wed, 2017 3:02 am
FLASH NEWS

ഗര്‍ഭിണി ചമഞ്ഞ് തട്ടിപ്പിനു ശ്രമിച്ച തമിഴ് യുവതിയെ പിടികൂടി

Published : 1st July 2016 | Posted By: SMR

തൊടുപുഴ: ഗര്‍ഭിണി ചമഞ്ഞ് ബസ്സുകളില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ ബാഗില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിക്കുന്ന യുവതിയെ വനിതാ മുനിസിപ്പല്‍ കൗണ്‍സിലറും യാത്രക്കാരും ചേര്‍ന്ന് പിടികൂടി. ഇവരെ പിന്നീട് പോലിസില്‍ എല്‍പ്പിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ റിനി ജോഷിയുടെ പഴ്‌സാണ് തമിഴ് യുവതി മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇന്നലെ വൈകീട്ട് നാലിനാണ് സംഭവം.
മുനിസിപ്പാലിറ്റിയില്‍ നിന്ന് ബസില്‍ മുതലക്കോടത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. ബാഗ് തുറന്ന് പഴ്‌സ് എടുക്കുന്നത് പിന്‍ സീറ്റിലിരുന്ന വിദ്യാര്‍ഥികള്‍ കണ്ടു. ഇവര്‍ ബസ്സിലെ പോര്‍ട്ടറെ വിവരമറിയിച്ചു. ഇദ്ദേഹം ബാഗില്‍ നിന്നു പണം നഷ്ടപ്പെട്ടോയെന്ന് ചോദിച്ചപ്പോഴാണ് റിനി പഴ്‌സ് നഷ്ടപ്പെട്ടതു ശ്രദ്ധിച്ചത്. തമിഴ് യുവതി ബസില്‍ പഴ്‌സ് ഉപേക്ഷിച്ചതിനുശേഷം പുറത്തിറങ്ങി പോകാന്‍ തുടങ്ങുന്നതിനിടെ ബസ് യാത്രക്കാര്‍ ചേര്‍ന്ന് യുവതിയെ തടഞ്ഞുവച്ചു. തമിഴ്‌നാട് സ്വദേശി മുത്തുമാരിയാണ് (25) പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച സോപാനം ബസില്‍ സഞ്ചരിക്കുകയായിരുന്ന കാരിക്കോട് സ്വദേശിനി ദീപയുടെ ബാഗില്‍ നിന്ന് 12,000 രൂപയും കഴിഞ്ഞ ചൊവ്വാഴ്ച മേഴ്‌സി ജോസഫിന്റെ ബാഗില്‍ നിന്ന് 15,500 രൂപയും മോഷണം നടത്തിയത് ഇവരാണെന്ന് സമ്മതിച്ചു. യുവതിയുടെ കൈയില്‍ നിന്ന് 22,000 രൂപയും സ്വര്‍ണാഭരണങ്ങളും പോലിസ് കണ്ടെത്തി. പരിശോധനയില്‍ ഇവര്‍ ഗര്‍ഭിണിയല്ലെന്നും തെളിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ബസുകളില്‍ മോഷണം വ്യാപകമായതിനെ തുടര്‍ന്ന് പോലിസ് അന്വേഷണം ശക്തമാക്കിയിരുന്നു. പിടിയിലാകുന്ന ഇവരെ പുറത്തിറക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് അഭിഭാഷകരുള്‍പ്പെട്ട പ്രത്യേക സംഘം എത്തിയിട്ടുണ്ട്. തൊടുപുഴ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ജാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക