|    Oct 21 Sat, 2017 8:50 am
FLASH NEWS
Home   >  Kerala   >  

ഗര്‍ഭിണിയുടെ മരണം: ആശുപത്രി മാനേജരും ഡോക്ടര്‍മാരും 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Published : 15th March 2017 | Posted By: G.A.G

law-court

മഞ്ചേരി: ചികിത്സയിലെ അശ്രദ്ധ മൂലം ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തില്‍ 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം  വിധിച്ചു.
തിരൂര്‍ നോര്‍ത്ത് ബിപി അങ്ങാടി കാട്ടിച്ചിറ റോഡ് മുണ്ടേക്കാട്ട് ഹനീഫ-സൈനബ ദമ്പതികളുടെ മകള്‍ ജുബൈരിയ്യ (21)യും കുഞ്ഞും മരണപ്പെട്ട കേസിലാണ് വിധി.  തിരൂര്‍ സൂര്യ ആശുപത്രി മാനേജര്‍ ഹരീഷ്, ഡോക്ടര്‍മാരായ റിനി സലാസ്, കെ ബി വത്സന്‍ എന്നിവരാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്.
ഫോറം പ്രസിഡന്റ്  വിജയന്‍, അംഗങ്ങളായ മദനവല്ലി, മിനി മാത്യു എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.
ഗര്‍ഭിണിയായ ജുബൈരിയ ബി പി അങ്ങാടി സൂര്യ ആശുപത്രിയിലെ ഡോക്ടര്‍ റിനി സലാസിന്റെ ചികിത്സയിലായിരുന്നു. വേദന അനുഭവപ്പെട്ട ജുബൈരിയയെ 2010 ജൂണ്‍ 19ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോ. റിനി സലാസ് അവധിയിലായതിനാല്‍ രണ്ടു ദിവസം ആശുപത്രിയില്‍ ഇവര്‍ക്ക് ചികിത്സ ലഭിച്ചില്ല. തുടര്‍ന്ന് മറ്റൊരു ഗൈനക്കോളജിസ്റ്റായ ഡോ. കെ ബി വത്സനാണ്  പരിശോധിച്ചത്.  പരിശോധനയില്‍ ജുബൈരിയ ഉയര്‍ന്ന പ്രമേഹ ബാധിതയെന്ന് കണ്ടെത്താന്‍ ഡോക്ടര്‍ക്കായില്ല. ജൂണ്‍ 21ന് നടന്ന ആന്റി നാറ്റല്‍ ചെക്കപ്പില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തി.  ഗര്‍ഭസ്ഥശിശുവിനെ നീക്കം ചെയ്യുന്നതിനിടെ ഗര്‍ഭാശയത്തിലുണ്ടായ  മുറിവില്‍ നിന്നും  അമിത രക്തസ്രാവമുണ്ടാകുകയായിരുന്നു.   32 കുപ്പി രക്തം നല്‍കിയെങ്കിലും മാറ്റമുണ്ടായില്ല. തുടര്‍ന്ന്  23ന്  കോഴിക്കോട് സ്വകാര്യ  ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുവെങ്കിലും 25ന് മരണപ്പെട്ടു.  സംഭവത്തില്‍  മാതാവ് സൈനബയുടെ പരാതിയില്‍ തിരൂര്‍ പോലീസ് കേസ്സെടുത്തിരുന്നു. ജുബൈരിയയുടെ മരണത്തിന് കാരണം ഡോക്ടര്‍മാരുടെ അശ്രദ്ധയാണെന്നും നേരത്തെ  വിദ്ഗ്ദ ചികിത്സക്ക് റഫര്‍ ചെയ്തിരുന്നുവെങ്കില്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് അഭിഭാഷകരായ പി എം സഫറുല്ല, വി മനോജ്, വി പി വിപിന്‍നാഥ് എന്നിവരുടെ വാദം കോടതി ശരിവെക്കുകയായിരുന്നു. നഷ്ടപരിഹാര തുക ഒരു മാസത്തിനുള്ളില്‍ നല്‍കണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക