|    Sep 21 Fri, 2018 8:45 pm
FLASH NEWS

ഗര്‍ഭിണിയും ഗര്‍ഭസ്ഥശിശുവും മരിച്ച സംഭവം; രണ്ടു നഴ്‌സുമാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 28th December 2017 | Posted By: kasim kzm

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച ഗര്‍ഭിണിയും ഗര്‍ഭസ്ഥശിശുവും മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായ രണ്ടു നഴ്‌സുമാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സ്റ്റാഫ് നഴ്‌സുമാരായ പി ഷിജിന, സി സിന്ധു എന്നിവര്‍ക്കെതിരേയാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡിഎംഒ നാരായണ നായിക് വകുപ്പുതല നടപടി സ്വീകരിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഗുരുതരമായ കൃത്യവിലോപം കാട്ടിയതിന് 1960ലെ കേരള സിവില്‍ സര്‍വീസ് ചട്ടപ്രകാരമാണ് നടപടിയെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ തങ്ങളുടേതല്ലാത്ത കുറ്റം ചുമത്തി ബലിയാടാക്കിയെന്നാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നഴ്‌സുമാരുടെയും അവരുടെ സംഘടനാ നേതൃത്വത്തിന്റെയും വാദം. വിഷയത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹികള്‍ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും ഇന്നലെ രാവിലെ ആശുപത്രി സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും അടക്കമുള്ളവരുമായി സംസാരിച്ചതിനെ തുടര്‍ന്ന് പ്രത്യക്ഷ സമര പരിപാടി ഒഴിവാക്കി. രണ്ടാമത്തെ പ്രസവത്തിനായി മൂന്നുദിവസം മുമ്പ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൂത്തുപറമ്പ് മാങ്ങാട്ടിടം വട്ടിപ്രത്തെ മാണിക്കോത്ത് വയലില്‍ പി മനോജിന്റെ ഭാര്യ രമ്യ(30)യും ഗര്‍ഭസ്ഥശിശുവും ചൊവ്വാഴ്ച പുലര്‍ച്ചെയാണു മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി ലേബര്‍ റൂമിലേക്കും പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റിയ രമ്യയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ഹൃദയമിടിപ്പ് സാധാരണ നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പുലര്‍ച്ചെ 2.30ഓടെ ചലനമറ്റ നിലയില്‍ കാണപ്പെട്ടു. രമ്യയുടെ ബന്ധുക്കള്‍ പോലിസില്‍ നല്‍കിയ പരാതിയിലാണു അസ്വാഭാവിക മരണത്തിനു കേസെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss