|    Oct 22 Sun, 2017 9:05 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഗര്‍ഭിണിയായതിന് ജോലി പോയി; യുവതി നിയമ നടപടിക്ക്

Published : 16th September 2016 | Posted By: SMR

ദോഹ: ഗര്‍ഭിണിയായതിന്റെ പേരില്‍ ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ട യുവതി തൊഴിലുടമയ്‌ക്കെതിരേ കോടതിയെ സമീപിച്ചു. നേപ്പാള്‍ സ്വദേശിയായ ശ്രീജന ശ്രേഷ്ത എന്ന 32കാരിയാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെതിരേ നിയമ നടപടി ആരംഭിച്ചത്. ഖത്തര്‍ മെയ്ഡ് സര്‍വീസിന്റെ സഹ സ്ഥാപനമായ സ്റ്റാഫ് സോഴ്‌സ് ഇന്റര്‍നാഷനലിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് വിഭാഗത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇവര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടത്.
ശ്രീജനയ്ക്ക് നല്‍കിയ ടെര്‍മിനേഷന്‍ ലെറ്ററില്‍ ഗര്‍ഭിണിയായത് കാരണമാണ് നടപടിയെന്ന് വ്യക്തമായി പറയുന്നുണ്ട്. ചീഫ് ഓപറേറ്റിങ് ഓഫിസര്‍ക്ക് നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ നിന്ന് താങ്കള്‍ ഗര്‍ഭിണിയായതായി മനസ്സിലാക്കുന്നു. കമ്പനിയില്‍ ബാച്ചിലര്‍ എന്ന നിലയിലാണ് താങ്കള്‍ ജോലി ചെയ്യുന്നത് എന്നതിനാല്‍ തൊഴില്‍ കരാര്‍ പ്രകാരം ഇത് സ്വീകാര്യമല്ല-എന്നാണ് കമ്പനി സിഇഒ അശോക് ശ്രേഷ്ത നല്‍കിയ ടെര്‍മിനേഷന്‍ ലെറ്ററില്‍ പറയുന്നത്.
അതേ സമയം, ഖത്തര്‍ തൊഴില്‍ നിയമത്തിന്റെ 98ാം അനുഛേദപ്രകാരം ഗര്‍ഭിണിയായതിന്റെ പേരില്‍ വനിതാ തൊഴിലാളിയെ പിരിച്ചുവിടുന്നത് അനുവദിക്കുന്നില്ല. ശ്രീജനയെ തെറ്റായ രീതിയിലാണ് പുറത്താക്കിയിരിക്കുന്നതെന്നും വ്യക്തമായ നിയമലംഘനമാണ് ഇതെന്നും പ്രമുഖ നിയമ വിദഗ്ധന്‍ അബ്ദുല്ല യൂസുഫ് ദോഹ ന്യൂസിനോട് പറഞ്ഞു. നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റിയും ലേബര്‍ കോര്‍ട്ടും ഇക്കാര്യം ശരിവയ്ക്കുന്നതായി  ശ്രീജന പറഞ്ഞു. നിയമപരമായി വിവാഹം ചെയ്ത് ഭര്‍ത്താവിനൊപ്പം താമസിക്കുന്ന താങ്കള്‍ ഗര്‍ഭിണിയാവുന്നതില്‍ എന്താണ് കുഴപ്പമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കി. ഇതേ അവസ്ഥ വരുന്ന മറ്റ് സ്ത്രീകള്‍ക്കും പ്രതികരിക്കാനുള്ള പ്രചോദനമേകുന്നതിനാണ് താന്‍ കോടതിയെ സമീപിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവ് സ്‌പോണ്‍സര്‍ ചെയ്ത ഫാമിലി വിസിറ്റ് വിസയിലാണ്  ശ്രീജന ഖത്തറിലെത്തിയത്. എന്നാല്‍, കുടുംബാംഗത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള ശമ്പളം ഭര്‍ത്താവിന് ഇല്ലാത്തതിനാല്‍ ഖത്തര്‍ മെയ്ഡ് സര്‍വീസ് സ്‌പോണ്‍സറാവുന്നതിനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അദ്ദേഹം നല്‍കുകയായിരുന്നു. രണ്ട് വര്‍ഷത്തെ കരാറില്‍ ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് താന്‍ ഗര്‍ഭിണിയായ കാര്യം  ശ്രീജന തൊഴിലുടമയെ അറിയിച്ചത്. ഗര്‍ഭ കാല ചികില്‍സയ്ക്ക് പല തവണ ആശുപത്രിയില്‍ പോകേണ്ടി വരുന്നതിനാലാണ് അക്കാര്യം മറച്ചുവയ്ക്കാതിരുന്നത്.
എന്നാല്‍, ശ്രീജനയുടെ റസിഡന്‍സ് പെര്‍മിറ്റ് മാരീഡ് വിസയല്ലെന്ന് കമ്പനി സിഒഒ നര്‍കാജി ഗുരുങ് പറഞ്ഞു. ഈ നിര്‍വ്വചന പ്രകാരം ജോലിക്കെടുത്ത വനിതകള്‍ ഗര്‍ഭിണിയായാല്‍ ജോലിയില്‍ നിന്ന് ഒഴിവാക്കുന്നത് കമ്പനി സ്വീകരിക്കുന്ന സാധാരണ നടപടിയാണെന്നും അദ്ദേഹം വിശദീകരിച്ചു. 300ലേറെ ഫിലിപ്പിനോ, നേപ്പാളി വനിതകള്‍ കമ്പനിയില്‍ ശൂചീകരണ തൊഴിലാളികളായി പണിയെടുക്കുന്നുണ്ടെന്നും ഗര്‍ഭിണിയായാല്‍ അവരും ഒഴിവാകേണ്ടി വരുമെന്നും ഗുരുങ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ശ്രീജനയുടെ ജോലി ശുചീകരണവുമായി ബന്ധപ്പെടുന്നതല്ല. താന്‍ വിവാഹിതയാണെന്നത് തൊഴിലുടമയ്ക്ക് അറിയാമായിരുന്നുവെന്നും ശ്രീജന തറപ്പിച്ചു പറയുന്നു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡ്രൈവ് ചെയ്തു പോവേണ്ടി വരുമെന്നതിനാല്‍ ഗര്‍ഭിണിയായിരിക്കേ അത് സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ പിരിച്ചുവിടല്‍ നടപടി.
ജൂണിലാണ് ശ്രീജന തൊഴിലുടമയ്‌ക്കെതിരേ കോടതിയെ സമീപിച്ചത്. ജൂലൈയിലായിരുന്നു ആദ്യ വാദം കേള്‍ക്കല്‍. എന്നാല്‍, തുടര്‍ന്ന് വേനലവധിക്ക് കോടതി പിരിഞ്ഞതിനാല്‍ അടുത്ത വാദം കേള്‍ക്കല്‍ ഒക്ടോബറിലേ നടക്കൂ. അപ്പോഴേയ്ക്കും ശ്രീജന 7 മാസം ഗര്‍ഭിണിയാവും. ഹെല്‍ത്ത് കാര്‍ഡോ റെസിഡന്‍സ് പെര്‍മിറ്റോ ഇല്ലാത്തതിനാല്‍ പ്രസവത്തിന് അവര്‍ നേപ്പാളിലേക്ക് പോവേണ്ടി വരും. കേസ് നടത്തിപ്പിന് വേണ്ടി ഭര്‍ത്താവിന് പവര്‍ ഓഫ് അറ്റോണി നല്‍കി നാട്ടിലേക്കു പോവാനാണ് ശ്രീജന ഉദ്ദേശിക്കുന്നത്. ആദ്യ കുഞ്ഞിന്റെ ജനന സമയത്ത് ഭര്‍ത്താവുമായി പിരിഞ്ഞിരിക്കേണ്ടി വരുന്നതിന്റെ സങ്കടത്തിലാണിപ്പോള്‍ ശ്രീജന.
അതേ സമയം, ശ്രീജനയുടെ പിരിച്ചുവിടല്‍ ലിംഗവിവേചനമാണെന്ന് നിയമവിദഗ്ധന്‍ യൂസുഫ് പറഞ്ഞു. ഭരണഘടനയുടെ 35ാം അനുഛേദത്തിന്റെ ലംഘനമാണിത്. ഇക്കാര്യത്തില്‍ നഷ്ടപരിഹാരം തേടാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 10,000 റിയാല്‍ നഷ്ടപരിഹാരമായി നല്‍കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. എന്നാല്‍, ശ്രീജന ഇത് സ്വീകരിച്ചില്ല. ബാക്കിയുള്ള ശമ്പളം, അവധി ശമ്പളം, ബാക്കിയുള്ള കരാര്‍ കാലാവധിയിലെ അലവന്‍സ് എന്നിവ അടക്കം ലക്ഷം റിയാല്‍ നഷ്ടപരിഹാരം വേണമെന്നാണ് ശ്രീജനയുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക