|    May 24 Wed, 2017 11:43 am
FLASH NEWS

ഗര്‍ഭിണികളെ തെരുവുനായ്ക്കളുമായി താരതമ്യം; മേനകഗാന്ധിക്കെതിരേ വക്കീല്‍ നോട്ടീസ്

Published : 26th September 2016 | Posted By: SMR

maneka-gandhi

കൊച്ചി: കേരളത്തിലെ ഗര്‍ഭിണികളായ സ്ത്രീകളെ തെരുവുനായ്ക്കളുമായി താരതമ്യം ചെയ്ത് പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി മേനകഗാന്ധിക്കെതിരേ പിറവം നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമായ ജില്‍സ് പെരിയപ്പുറം വക്കീല്‍ നോട്ടീസ് അയച്ചു.
പിറവം നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം കൗണ്‍സിലറായ തന്റെ നേതൃത്വത്തില്‍ അപകടകാരികളായ തെരുവ് നായ്ക്കളെ കൊന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍  ശ്രദ്ധയില്‍പ്പെട്ട കേന്ദ്രമന്ത്രി മേനകഗാന്ധി ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗര്‍ഭിണികളായ തെരുവ് നായ്ക്കളെ കൊല്ലുന്നത് കേരളത്തിലെ ഗര്‍ഭിണികളായ സ്ത്രീകളെ കൊല്ലുന്നതിന് സമാനമാണെന്ന പരാമര്‍ശം നടത്തിയതെന്ന് ജില്‍സ് പെരിയപ്പുറം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിറവം നഗരസഭയിലെ കൗണ്‍സിലറായ താന്‍ ബിസിനസുകാരനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പണം കൈപ്പറ്റി അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുകയാണെന്നും മേനകഗാന്ധി ആരോപണം ഉന്നയിച്ചുവെന്നും ജില്‍സ് പെരിയപ്പുറം പറഞ്ഞു.
ഇതേതുടര്‍ന്നുകൂടിയാണ് മേനകഗാന്ധിക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ താന്‍ തീരുമാനിച്ചത്. കേരളത്തിലെ സ്ത്രീകളെ ഒന്നടങ്കമാണ് കേന്ദ്രമന്ത്രിയായ മേനകഗാന്ധി തെരുവ് നായ്ക്കളുമായി താരതമ്യം ചെയ്തുകൊണ്ട് അപമാനിച്ചിരിക്കുന്നത്.
15 ദിവസത്തിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം നിയമപരമായ നടപടികളുമായി മുന്നോട്ടുപോവാനാണ് തീരുമാനമെന്നും ജില്‍സ് പെരിയപ്പുറം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day