|    Jun 23 Sat, 2018 9:50 pm
FLASH NEWS
Home   >  Pravasi   >  

ഗര്‍ഭപാത്ര പുനര്‍നിര്‍മാണം; ചരിത്രം സൃഷ്ടിച്ച് ഖത്തര്‍ വിമന്‍സ് ഹോസ്പിറ്റല്‍

Published : 30th January 2017 | Posted By: fsq

 

ദോഹ: ഗര്‍ഭപാത്ര പുനര്‍ നിര്‍മാണ ശസ്ത്രക്രിയയില്‍ വിജയത്തിന്റെ പടവുകള്‍ താണ്ടി ഖത്തര്‍ വിമന്‍സ് ഹോസ്പിറ്റല്‍ പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ലോകത്താദ്യമായി ഗര്‍ഭ പാത്ര പുനര്‍നിര്‍മാണ പ്രക്രിയ പരീക്ഷിച്ചു വിജയിച്ച ഖത്തര്‍ വിമന്‍സ് ഹോസ്പിറ്റല്‍ ഇതിനകം 30 സ്ത്രീകളില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥയിലെത്തുന്ന സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും വീണ്ടും പ്രസവിക്കുന്നതിനും അവസരം സൃഷ്ടിക്കുന്ന പുനര്‍നിര്‍മാണ രീതിക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചു വരുന്നു.  ലോക ചരിത്രത്തില്‍ ആദ്യമായി ഖത്തര്‍ വിമന്‍സ് ഹോസ്പിറ്റലിലാണ് ഈ ശസ്ത്രക്രിയ നടത്തിയത്. 2009ല്‍ ഡോ. അറാബോ ഇബ്രാഹിം ബായോയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഡോ. അറാബോ നേതൃത്വം നല്‍കുന്ന സംഘം തന്നെയാണ് ഇപ്പോഴും ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്നത്. രക്തക്കുഴലുകളും മറുപിള്ളയുടെ മറ്റ് ഭാഗങ്ങളും ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ വളരുന്ന മറുപിള്ള അടിഞ്ഞുകൂടല്‍(പ്ലാസന്റ അക്രിറ്റെ) എന്ന രോഗം ബാധിച്ചാല്‍ സ്ത്രീകളുടെ ഗര്‍ഭപാത്രം എടുത്തുമാറ്റേണ്ടി വരുമെന്ന് ഡോ. ബായോ പറഞ്ഞു. മറുപിള്ള മൂലം ഗര്‍ഭപാത്ര മുഖം അടയുന്നതുമായി ബന്ധപ്പെട്ടാണ് ഇത് സംഭവിക്കുന്നത്. ഇത് ശക്തമായ രക്തസ്രാവത്തിനും അമ്മയുടെ മരണത്തിനും കാരണമാവുന്നു. സിസേറിയനുകളും മറ്റ് ഗര്‍ഭപാത്ര ശസ്ത്രക്രിയകളും കാരണം ഈ രോഗം വര്‍ധിച്ചു വരികയാണ്. ഒന്നിലധികം കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുന്നവര്‍ക്കും ഈ പ്രശ്‌നം കാണുന്നു. ഗര്‍ഭപാത്രം നീക്കം ചെയ്യുക എന്നതാണ് ഭൂരിഭാഗം കേസുകളിലും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന രീതി. എന്നാല്‍ ഇത് സ്ത്രീകളുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളയുകയും പിന്നീട് പ്രസവിക്കാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ടാക്കും. എന്നാല്‍ പുനര്‍നിര്‍മാണ ശസ്ത്രക്രിയകളിലൂടെ സ്ത്രീകള്‍ക്ക് തുടര്‍ന്നും പ്രസവിക്കുക വരെ ചെയ്യാവുന്ന രീതിയാണ് ഡോ. അറോബയുടെ നേതൃത്വത്തില്‍ വിമന്‍സ് ഹോസ്പിറ്റലില്‍ നടത്തി വരുന്നത്.  മാത്രമല്ല ആര്‍ത്തവം കൃത്യമായി നടക്കുമെന്നതിനാല്‍ ഇത് സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും.  സ്ഥായിയായ വൈകല്യമുള്ള  രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കിയ മാതാവില്‍ നടത്തിയ പുനര്‍നിര്‍മാണ ശസ്ത്രക്രിയക്കു ശേഷം അവര്‍ പൂര്‍ണാരോഗ്യമുള്ള ഒരു കുഞ്ഞിനു ജന്മം നല്‍കിയത് ഡോ. അറോബ അഭിമാനപൂര്‍വം ഓര്‍ക്കുന്നു. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് പകരം  മറുപിള്ള നീക്കം ചെയ്ത്  ഗര്‍ഭപാത്രം പൂര്‍വസ്ഥിതിയിലാക്കുകയാണ് ഇവരില്‍ ചെയ്തത്.   ഇപ്പോഴും ലോകത്ത് ഈ ശസ്ത്രക്രിയ നല്‍കുന്ന ഏക ആശുപത്രി വിമന്‍സ് ഹോസ്പിറ്റലാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 2013ല്‍ ലിവര്‍പൂളില്‍ നടന്ന ദി റോയല്‍ കോളജ് ഓഫ് ഒബ്‌സ്‌ടെട്രിഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ് വേള്‍ഡ് കോണ്‍ഗ്രസില്‍ ഡോ. അറോബയും സംഘവും ഈ ശസ്ത്രക്രിയാ രീതി അവതരിപ്പിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss