|    Dec 15 Fri, 2017 3:55 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി വേണ്ട

Published : 29th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പൂര്‍ണവളര്‍ച്ചയെത്താത്ത സ്വന്തം ഗര്‍ഭം അലസിപ്പിക്കാന്‍ സ്ത്രീക്ക് ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്നു സുപ്രിംകോടതി. തന്റെ അനുമതിയില്ലാതെ ഗര്‍ഭം അലസിപ്പിക്കാനുള്ള തീരുമാനം തടയണമെന്ന് ആവശ്യപ്പെട്ട് യുവതിയുമായി അകന്നുകഴിയുന്ന ഭര്‍ത്താവ് നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. തന്റെ അനുമതിയില്ലാതെ ഗര്‍ഭം അലസിപ്പിച്ച യുവതിയും അവരുടെ വീട്ടുകാരും ഗര്‍ഭഛിദ്രത്തിനു നേതൃത്വം നല്‍കിയ ഡോക്ടറും നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. കേസ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഗര്‍ഭം അലസിപ്പിക്കലും ഗര്‍ഭം ധരിക്കലും സ്ത്രീകളുടെ സവിശേഷാധികാരത്തില്‍പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഭര്‍ത്താവിന്റെ ഹരജി തള്ളിയത്.അവിശുദ്ധബന്ധത്തിലുണ്ടായ ഗര്‍ഭം അലസിപ്പിക്കാനുള്ള യുവതിയുടെ തീരുമാനം ശരിയാണ്.  ഗര്‍ഭഛിദ്ര നിയമപ്രകാരം ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അനുവാദം ആവശ്യമില്ല. യുവതി ഒരമ്മയും പ്രായപൂര്‍ത്തി ആയവളുമാണ്. തനിക്കു ഗര്‍ഭിണിയാവേണ്ടെന്ന് അവള്‍ തീരുമാനിച്ചാല്‍ അത് തടയാന്‍ ആര്‍ക്കു കഴിയുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. 1994ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് തൊട്ടടുത്ത വര്‍ഷം തന്നെ കുഞ്ഞ് പിറന്നു. 1999ല്‍ ദമ്പതികള്‍ അകലുകയും യുവതിയും മകനും അവളുടെ വീട്ടില്‍ താമസമാക്കുകയും ചെയ്തു. 2002ല്‍ ദമ്പതികള്‍ വീണ്ടും ഒന്നിക്കുകയും അടുത്തവര്‍ഷം യുവതി വീണ്ടും ഗര്‍ഭിണിയാവുകയുമായിരുന്നു. എന്നാല്‍, ഇതിനിടെ വീണ്ടും ദമ്പതികള്‍ അകന്നതോടെ ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ ഗര്‍ഭം ആവശ്യമില്ലെന്നു പറഞ്ഞ് അലസിപ്പിച്ചു. ഇതേത്തുടര്‍ന്ന് തനിക്കു മാനസിക വിഷമവും വേദനയും ഉണ്ടാക്കിയതിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക