|    May 26 Sat, 2018 5:51 am

ഗര്‍ഭകാല പരിചരണ പദ്ധതി തുടങ്ങി

Published : 10th November 2016 | Posted By: SMR

കല്‍പ്പറ്റ: സമഗ്രവും ഗുണമേന്മയുമുള്ള ഗര്‍ഭകാല പരിചരണം ഉറപ്പുവരുത്തി മാതൃമരണവും ശിശുമരണവും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്താകമാനം നടപ്പാക്കുന്ന പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. എല്ലാ മാസവും ഒമ്പതാം തിയ്യതി പദ്ധതി പ്രകാരം പ്രത്യേക പരിശോധന നടത്തും. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തിനാണ് ഇതു പ്രയോജനപ്പെടുക. ഗര്‍ഭകാലത്തിലെ മൂന്നു മുതല്‍ ഒമ്പതു മാസം വരെ ഏറ്റവും ചുരങ്ങിയത് രണ്ടുതവണയെങ്കിലും ഗൈനക്കോളജിസ്റ്റിന്റെയും വിദഗ്ധ ഡോക്ടര്‍മാരുടെയും പരിശോധന ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഗര്‍ഭകാലത്ത് ആവശ്യമായ എല്ലാ പരിശോധനകളും സൗജന്യമായി ലഭിക്കും. ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ ഗൈനോക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കും. സന്നദ്ധസേവകരായാണ് ഇവരെ പരിഗണിക്കുക. ഇവര്‍ക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക അവാര്‍ഡുകളും ഏര്‍പ്പെടുത്തും. മീനങ്ങാടി, പനമരം, മേപ്പാടി, പുല്‍പ്പള്ളി, പൊരുന്നന്നൂര്‍, അപ്പപ്പാറ എന്നീ ആരോഗ്യകേന്ദ്രങ്ങളില്‍ ഈ പരിശോധനാ സംവിധാനമൊരുക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പുറമെ ആശാവര്‍ക്കര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, അങ്കണവാടികള്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ഐഎംഎ, റോട്ടറി, ലയണ്‍സ് ക്ലബ്ബുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണവും പദ്ധതിക്കായി ഉപയോഗപ്പെടുത്തും. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. എ ദേവകി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി കെ ബേബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. വി ജിതേഷ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ ഓമന, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സിന്ധു, അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍, മിനി ജോണ്‍സണ്‍, ലിസി പൗലോസ്, മിനി സാജു, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ സന്തോഷ്, ഐസിഡിഎസ് സെല്‍ ജില്ലാ പ്രോഗ്രാം വി ഐ നിഷ, ഐടിഡിപി പ്രോഗ്രാം ഓഫിസര്‍ പി വാണിദാസ്, ഡോ. കെ എസ് അജയന്‍, ഡോ. വിന്‍സന്റ്, ഡോ. മൊയിനുദ്ദീന്‍, ബേബി നാപ്പള്ളി, സി സി ബാലന്‍, കെ എം ജോസഫ്, ടി കെ പൗലോസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss