|    Jan 20 Fri, 2017 7:41 pm
FLASH NEWS
Home   >  Life  >  Health  >  

ഗര്‍ഭകാലം; ചില മുന്‍കരുതലുകള്‍

Published : 7th August 2015 | Posted By: admin

lady

രോഗ്യമുള്ള  ശരീരവും മനസ്സും ഉണ്ടെങ്കില്‍ മാത്രമേ ആരോഗ്യമുള്ള കുഞ്ഞു ജനിക്കുകയുള്ളൂ. അതിനു ചില മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. 20-25 വരെയുള്ള പ്രായമാണ് ആദ്യപ്രസവത്തിനു യോജിച്ചത്. 30നു ശേഷവും 20 വയസ്സിനു താഴെയും കുട്ടിക്ക് ജനിതക തകരാറുകളും മറ്റു വൈകല്യങ്ങളും ഉണ്ടാവാനുള്ള സാധ്യതയേറെയാണ്. മാത്രമല്ല, അമ്മയ്ക്കും ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അതു വഴിവച്ചേയ്ക്കാം.  സ്ത്രീയെപ്പോലെ പുരുഷനും 55 വയസ്സു കഴിഞ്ഞാല്‍ ആരോഗ്യമുള്ള കുഞ്ഞുണ്ടാവുക എന്നതു ബുദ്ധിമുട്ടാവും. മാനസികമായി ഒരു കുഞ്ഞിനെ സ്വീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞാല്‍ അമ്മയാവാന്‍ പോവുന്നയാളുടെ ശരീരം  അതിനു യോജിച്ചതാണോ എന്ന് അറിയണം. കുടുംബപരമായി അപസ്മാരം, ജനിതകരോഗങ്ങള്‍, അംഗവൈകല്യങ്ങള്‍ തുടങ്ങിയവയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുകയോ ഉണ്ടെങ്കില്‍ അതിനുവേണ്ട മുന്‍കരുതല്‍ എടുക്കുകയും വേണം. ഇതിനെല്ലാം പുറമെ സങ്കീര്‍ണതകള്‍ ഏറെയുണ്ടാക്കുന്ന ചില രോഗങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതില്‍  പ്രധാനപ്പെട്ടതാണ് പ്രമേഹം, അനീമിയ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തൈറോയിഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍, ചിക്കന്‍പോക്‌സ്, കാല്‍സ്യത്തിന്റെ അഭാവം തുടങ്ങിയവ.

പ്രമേഹം

പ്രമേഹരോഗികളല്ലാത്തവരിലും ഗര്‍ഭകാലത്ത് പ്രമേഹമുള്ളതായി കണ്ടുവരുന്നുണ്ട്.  ശരിയായ സമയത്ത് കണ്ടെത്തി ചികില്‍സിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കുന്ന ഒന്നാണിത്. ഇങ്ങനെ വരുന്ന പ്രമേഹം പ്രസവശേഷം നോര്‍മല്‍ ആവുമെങ്കിലും ചിലരില്‍ പില്‍ക്കാലത്ത് ടൈപ്പ് 2 പ്രമേഹമായി അതു തിരിച്ചുവരാറുണ്ട്. ഗര്‍ഭകാലത്തുണ്ടാവുന്ന പ്രമേഹം നിയന്ത്രണവിധേയമാക്കിയാല്‍ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്നില്ല. എന്നാല്‍, പ്രമേഹരോഗിയാണ് അമ്മയാവാന്‍ പോവുന്നതെങ്കില്‍ ഗര്‍ഭധാരണത്തിനു മുമ്പുതന്നെ മുന്‍കരുതല്‍ എടുക്കണം. അല്ലാത്തപക്ഷം  കുഞ്ഞിനു മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഗര്‍ഭകാലത്തു കാണുന്ന രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവനുതന്നെ ഭീഷണിയാണ്. ഗര്‍ഭാവസ്ഥയില്‍ ആദ്യമായി രക്തസമ്മര്‍ദ്ദം കൂടുന്ന അവസ്ഥയാണ് ജസ്റ്റേഷനല്‍ ഹൈപ്പര്‍ ടെന്‍ഷന്‍. പ്രമേഹം പോലെത്തന്നെ തുടക്കത്തിലേ കണ്ടെത്തി നിയന്ത്രിക്കുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നു കഴിക്കുകയും വേണം. രക്തസമ്മര്‍ദ്ദം കൂടിയാല്‍ കുഞ്ഞു പ്ലാസന്റയില്‍ നിന്നു വേര്‍പെട്ട് അബോര്‍ഷന്‍ വരെ സംഭവിക്കാം. വലുപ്പക്കുറവുള്ള കുഞ്ഞു ജനിക്കുക, പ്രസവസമയത്ത് അമ്മയുടെ ആരോഗ്യം അപകടത്തിലാവുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദംമൂലം ഉണ്ടാവാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തോടൊപ്പം മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് പ്രീ എക്ലാംസിയ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗര്‍ഭകാലത്തു തടയാനാവില്ല. എങ്കിലും അതിന്റെ തീവ്രത സമയോചിത ചികില്‍സയിലൂടെ കുറയ്ക്കാന്‍ കഴിയും.

തൈറോയിഡ് പ്രശ്‌നങ്ങള്‍

രക്തസമ്മര്‍ദ്ദം പോലെത്തന്നെ തൈറോയിഡ് ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവനുവരെ ഭീഷണിയായേക്കാം. തൈറോയിഡ് പ്രശ്‌നത്തിനു മരുന്നു കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അതു തുടരണം. കുഞ്ഞുണ്ടാവാതിരിക്കുക, അബോര്‍ഷനാവുക, മാനസികവും ശാരീരികവുമായ വൈകല്യങ്ങളുള്ള കുഞ്ഞു ജനിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ തൈറോയിഡ് ഹോര്‍മോണുകളുടെ വ്യതിയാനംകൊണ്ടു സംഭവിക്കാം.

അനീമിയ

അനീമിയ എന്ന രോഗാവസ്ഥ 90 ശതമാനം പെണ്‍കുട്ടികളിലും കണ്ടുവരുന്ന ഒന്നാണ്. പെണ്‍കുട്ടികളുടെ അനാരോഗ്യകരമായ ഭക്ഷണക്രമം, കൊക്കപ്പുഴു എന്നിവയാണ് അതിനു പ്രധാന കാരണം. ഈ അവസ്ഥയിലുള്ള പെണ്‍കുട്ടി അമ്മയാവാന്‍ തയ്യാറെടുക്കുമ്പോള്‍ ആദ്യം പോരായ്മകള്‍ പരിഹരിക്കണം. പൊതുവേ പെണ്‍കുട്ടികള്‍ക്ക് അയേണ്‍ കൂടുതല്‍ ആവശ്യമായി വരുന്നു. ഇലക്കറികള്‍, ചെറിയമീന്‍ മുള്ളോടെ കഴിക്കുക, മുട്ടയുടെ മഞ്ഞ, ഈത്തപ്പഴം, നെല്ലിക്ക, അണ്ടിപ്പരിപ്പ്, എള്ളുണ്ട, നിലക്കടല തുടങ്ങിയ പദാര്‍ഥങ്ങള്‍ ചെറുപ്പത്തിലെ പെണ്‍കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍  അനീമിയ പോലുള്ള രോഗങ്ങളെ ചെറുക്കാം.

ചിക്കന്‍പോക്‌സ്

ചിക്കന്‍പോക്‌സ് സാധാരണക്കാര്‍ തന്നെ പേടിക്കുന്ന ഒരു രോഗമാണ്. ഗര്‍ഭിണികളില്‍ ചിക്കന്‍പോക്‌സ് വന്നാല്‍ കുഞ്ഞിനു മാനസികമായോ ശാരീരികമായോ അംഗവൈകല്യങ്ങള്‍ ഉറപ്പാണ്. അതുകൊണ്ടുതന്നെ ആദ്യത്തെ മൂന്നുമാസത്തിനുള്ളിലാണ് വരുന്നതെങ്കില്‍ കുഞ്ഞിനെ വേണ്ടെന്നുവയ്ക്കുകയാണ് ചെയ്യാറ്.

പോഷണവും ശരീരഭാരനിയന്ത്രണവും

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് 300 കലോറി കൂടുതലായി ആവശ്യമുണ്ട്. സമീകൃതവും ആരോഗ്യപ്രദവുമായ ആഹാരമാണ് ഈ അവസ്ഥയില്‍ ആവശ്യം. ജീവകങ്ങളും ധാതുക്കളും അയേണും കാല്‍സ്യവും മറ്റ് അവശ്യ ധാതുലവണങ്ങളും ലഭിക്കുന്ന ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. അയഡിന്‍ കൂടുതലുള്ള ഭക്ഷണങ്ങളായ സ്‌ട്രോബറി, തക്കാളി, കടല്‍മല്‍സ്യങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.  10-12 കിലോ ഭാരം മാത്രമേ കൂടാന്‍ പാടുള്ളൂ. അമിതാഹാരം ഒഴിവാക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുക. പഴങ്ങളും പച്ചക്കറികളും ബ്രഡും കിഴങ്ങുവര്‍ഗങ്ങളും പാലും പാലുല്‍പ്പന്നങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ധാരാളം വെള്ളം കുടിക്കുക, രാത്രിയില്‍ ചുരുങ്ങിയത് എട്ടു മണിക്കൂറും പകല്‍ രണ്ടു മണിക്കൂറും ഉറങ്ങുക. ഡോക്ടറുടെ ഉപദേശം കൂടാതെ ഒരു മരുന്നും കഴിക്കരുത്. ഗര്‍ഭാവസ്ഥയില്‍ അയേണ്‍ പോലെത്തന്നെയാണ് കാല്‍സ്യവും. കുഞ്ഞിനു വളരാന്‍ കാല്‍സ്യം വേണമെന്നതിനുപുറമെ ശക്തിയുള്ള എല്ലുകള്‍ക്കും പല്ലുകള്‍ക്കും അതു പ്രധാനവുമാണ്. ആദ്യത്തെ ആറു മാസത്തിനുള്ളില്‍ അമ്മയുടെ ശരീരത്തില്‍ നിന്നു 50 ശതമാനത്തോളം കാല്‍സ്യം കുഞ്ഞ് ആഗിരണം ചെയ്യുന്നു. അതിനാല്‍ കൂടുതല്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണം  കഴിക്കേണ്ടത് ആവശ്യമാണ്.

തയ്യാറാക്കിയത്: സബീനാ നായര്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 263 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക