|    Aug 17 Thu, 2017 1:22 pm
FLASH NEWS

ഗബ്രിയേല്‍ ചുണ്ടന്റെ രാജകിരീടം പറവൂരിന് ആവേശത്തിരയിളക്കി

Published : 13th August 2017 | Posted By: fsq

 

പറവൂര്‍: ജലോല്‍സവങ്ങളുടെ പൈതൃക നാടായ പറവൂരിന് ഗബ്രിയേല്‍ ചുണ്ടന്റെ രാജ കിരീടം ആവേശത്തിരയിളക്കി. പറവൂര്‍ക്കാരുടെ ഏറെ കാലത്തെ സ്വപ്‌ന സാക്ഷാല്‍കാരമാണ് ഇക്കുറി ഗബ്രിയേല്‍ ചുണ്ടനിലൂടെ സാര്‍ഥകമാക്കിയത്.  പറവൂരിന്റെ ചുണക്കുട്ടികളോടൊപ്പം കുട്ടനാട്, കൈനകരി, കുമരകം എന്നിവിടങ്ങളില്‍ നിന്നുമുള്ള തുഴച്ചില്‍ക്കാരുമായിട്ടാണ് ഇത്തവണ ഗബ്രിയേല്‍ ചുണ്ടന്‍ പുന്നമടയിലേക്ക് മല്‍സരത്തിനായി പോയത്. നെഹ്‌റു ട്രോഫിയില്‍ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനമാണ് കൂടുതല്‍ ആത്മവിശ്വാസത്തോടെ ഗബ്രിയേല്‍ ചുണ്ടനെ മുന്നോട്ടു കുതിപ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാരമ്പര്യ ജലരാജാക്കന്‍മാരെ പിന്തള്ളിയാണ് പറവൂര്‍ പുത്തന്‍വേലിക്കര തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ  ഗബ്രിയേല്‍ ചുണ്ടന്‍ അറുപത്തിഅഞ്ചാമത് നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്. മറ്റു ചുണ്ടന്‍ വള്ളങ്ങളില്‍ നിന്നും വ്യത്യസ്തമായി തുഴതാഴ്ത്തി വലിച്ചുമുന്നേറുന്ന രീതിയാണ് ഇവര്‍ പ്രയോഗിച്ചത്. വള്ളംകളി പറവൂര്‍ പ്രദേശങ്ങളുടെ ആവേശമാണ്. ഏതൊരു ജലോല്‍സവ പ്രേമിയുടെയും ജലകായിക താരങ്ങളുടെയും ഏറെക്കാലത്തെ സ്വപ്‌നമാണ് നെഹ്‌റു ട്രോഫി നേടുകയെന്നത്. ഇതിനായി തുരുത്തിപുറത്ത് പെരിയാറില്‍ പതിനെട്ടു ദിവസത്തെ തീവ്രമായ പരിശീലനവും പൂര്‍ത്തിയാക്കിയാണ് ഇവര്‍ മല്‍സരത്തിന് തയ്യാറായത്. കഴിഞ്ഞ വര്‍ഷം കാരിച്ചാല്‍ ചുണ്ടനും അതിന് മുമ്പ് ദേവാസുമായി പുന്നമടയിലേക്ക് തുരുത്തിപ്പുറത്തുകാര്‍ പോയെങ്കിലും കഴിഞ്ഞ തവണ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇക്കുറി നെഹ്‌റു കപ്പ് സ്വന്തമാക്കും എന്ന വാശിയിലായിരുന്നു നാട്ടുകാര്‍. ആലപ്പുഴയുടെയും കോട്ടയത്തിന്റെയും കുത്തക തകര്‍ത്ത് നെഹ്‌റു വിന്റെ കൈയ്യൊപ്പ് പതിഞ്ഞ കപ്പ് ക്യാപ്റ്റന്‍ ഉമ്മന്‍ ജേക്കബ് ചെത്തിക്കാടിന്റെ നേതൃത്വത്തില്‍ പറവൂരിലെത്തിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക