|    Oct 20 Fri, 2017 5:06 am

ഗതാഗത നിയന്ത്രണത്തില്‍ പോലിസിന് പിഴവ് ; തൃശൂര്‍ നഗരം സ്തംഭിച്ചു

Published : 13th August 2017 | Posted By: fsq

 

തൃശൂര്‍: കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പ്രകടനം പോലിസ് വീഴ്ച്ചയെത്തുടര്‍ന്ന് ഗതാഗതക്കുരുക്കിന് കാരണമായി. സ്വരാജ് റൗണ്ടില്‍ ഉച്ചമുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നായിരുന്ന അറിയിപ്പെങ്കിലും പ്രകടനം തുടങ്ങുന്നതിന് തൊട്ടു മുമ്പ് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്താല്‍ മതിയെന്നായിരുന്നു പോലിസ് അധികാരികളുടെ നിര്‍ദ്ദേശം. ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്റില്‍ നിന്നും വടക്കേ സ്റ്റാന്റില്‍ നിന്നും നാലരയ്ക്ക് മുമ്പ് മുതല്‍ പ്രകടനം സ്വരാജ് റൗണ്ടിലേയ്ക്ക് പ്രവേശിച്ചുതുടങ്ങിയിരുന്നു. ശക്തനില്‍ നിന്നും ഹൈറോഡ് വഴി സ്വരാജ് റൗണ്ടിലേയ്ക്ക് പ്രകടനം കയറാനായിരുന്നു നേരത്തെ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പട്ടാളം റോഡ് വഴിയാണ് പ്രകടനം എത്തിയത്. അതോടെ എം.ഒ റോഡിലൂടെ ചെറുവാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാതെയായി. ജയ്ഹിന്ദ് മാര്‍ക്കറ്റിലെ ഇടവഴിയിലൂടെ എത്തിയ അനേകം വാഹനങ്ങള്‍ ഏത് വഴിക്ക് വിടണമെന്നറിയാതെ പോലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരായി നില്‍ക്കുകയായിരുന്നു. പ്രകടനം തുടങ്ങിയ വിവരം കണ്‍ട്രോള്‍ റൂമിലെത്താനും അവിടെ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്കുമിടയിലേയ്ക്ക് എത്താനും വൈകി. റൗണ്ടിലൂടെ കടന്നുപോയിരുന്ന വാഹനങ്ങള്‍ അരമണിക്കൂറിലേറെ കുരുക്കില്‍പ്പെടാന്‍ ഇതുകാരണമായി. തെക്കേഗോപുരനടയിലൂടെ തേക്കിന്‍കാട് മൈതാനത്തേയ്ക്ക് പോലിസ് ആളുകളെ കയറ്റാതിരുന്നതും പ്രതിഷേധത്തിന് ഇടയാക്കി. ക്ഷേത്രത്തിലേയ്ക്ക് എത്തിയവരേയും സ്ഥിരം തേക്കിന്‍കാട് മൈതാനത്ത് ഇരിക്കാറുള്ളവരേയും പോലിസ് കമ്മീഷണര്‍ രാഹുല്‍ നായരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ വിരട്ടിയോടിച്ചു. പുതിയതായി നിയമിച്ച ജില്ലയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ നഗരത്തെക്കുറിച്ച് അറിയാത്തവരായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള അവസരങ്ങളില്‍ പോലും സംഭവിക്കാത്ത വിധത്തിലായിരുന്നു ഗതാഗതക്കുരുക്ക്. ഇതിനിടെ പോസ്റ്റ് ഓഫിസ് റോഡില്‍ സമ്മേളനത്തിന് എത്തിയവരെ കൊണ്ടുവന്ന വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതും ഗതാഗതക്കുരുക്കിലേയ്ക്ക് നയിച്ചു. പോലീസ് ഇവിടെയും കാഴ്ച്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക