|    Oct 19 Fri, 2018 1:23 pm
FLASH NEWS

ഗതാഗതക്കുരുക്ക് : മഞ്ചേരിയില്‍ ജനകീയാടിസ്ഥാനത്തില്‍ റോഡ് വികസന പദ്ധതി

Published : 11th September 2017 | Posted By: fsq

 

മഞ്ചേരി: ഗതാഗത കുരുക്കില്‍ നിന്നും മഞ്ചേരിയെ മുക്തമാക്കാന്‍ ജനകീയ പദ്ധതിക്ക് അരങ്ങൊരുങ്ങുന്നു. റോഡിന്റെ വീതിക്കുറവ് പ്രതിസന്ധി തീര്‍ക്കുന്ന നിലമ്പൂര്‍ റോഡും മലപ്പുറം റോഡും വിതി കൂട്ടി വാഹന ഗതാഗതത്തിന് സൗകര്യം വര്‍ദ്ധിപ്പിക്കാനാണ് നീക്കം. നിലമ്പൂര്‍ റോഡില്‍ ജസീല ജംഗ്ഷന്‍ മുതല്‍ ചെരണി വരേയും മലപ്പുറം റോഡില്‍ കച്ചേരിപ്പടി ബൈപ്പാസ് ജംഗ്ഷന്‍ മുതല്‍ 22-ാം മയില്‍ വരേയും സ്ഥലമേറ്റെടുത്ത് റോഡ് വീതികൂട്ടാനുള്ള സാധ്യതയാണ് ആരായുന്നത്. പാണ്ടിക്കാട് റോഡില്‍ പയ്യനാട് ഗതാഗത കുരുക്കഴിക്കാന്‍ ജനകീയ സഹകരണത്തോടെ എം ഉമ്മര്‍ എംഎല്‍എ സമാന രീതിയില്‍ നടത്തിയ നീക്കം ഫലം കണ്ടിരുന്നു. ഇതേ രീതി വാഹനത്തിരക്കിനാല്‍ വീര്‍പ്പു മുട്ടുന്ന പ്രധാന രണ്ടു നിരത്തുകളില്‍ കൂടി പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യമെന്ന് എംഎല്‍എ അറിയിച്ചു. ഇതിന്റെ ആദ്യ കൂടിയാലോചനാ യോഗം ഇന്ന് വൈകുന്നേരം നാലിന് മേലാക്കത്ത് നടക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രാദേശിക ജനപ്രതിനിധികളും പൊതുമരാമത്ത്, റവന്യൂ, പോലിസ്, നഗരസഭ ഉദ്യോഗസ്ഥരും എംഎല്‍എ വിളിച്ച യോഗത്തില്‍ പങ്കെടുക്കും. വാഹന പെരുപ്പത്തിനനുസരിച്ച് റോഡുകളുടെ വീതി വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്തതാണ് നഗരത്തിലെ ഗതാഗത പ്രശ്‌നത്തിന് മുഖ്യ കാരണം. പ്രധാന റോഡുകളുടെ വശങ്ങളിലെല്ലാം പഴയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. ഇവ ഏറ്റെടുത്ത് പൊളിക്കാനുള്ള കാര്യക്ഷമമായ നീക്കം ഇതുവരെയുണ്ടായിട്ടില്ല. ഇപ്പോള്‍ പരിഗണിക്കുന്ന മലപ്പുറം, നിലമ്പൂര്‍ റോഡുകളുടെ വശങ്ങളില്‍ നിന്ന് എത്ര സ്ഥലം റോഡു വികസനത്തിനായി ഏറ്റെടുക്കേണ്ടിവരും, ഇതിലെ നിയമ പ്രശ്‌നങ്ങള്‍, ഫണ്ടു കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍, ജനകീയാടിസ്ഥാനത്തില്‍ തുക കണ്ടെത്താനുള്ള സാധ്യത തുടങ്ങിയവയെല്ലാം ആദ്യഘട്ട കൂടിയാലോചനയില്‍ വരും. ഈ യോഗ തീരുമാനപ്രകാരമായിരിക്കും തുടര്‍ പ്രവര്‍ത്തനങ്ങള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss