|    Oct 19 Fri, 2018 3:34 am
FLASH NEWS

ഗതാഗതക്കുരുക്ക്; പുഴയ്ക്കലില്‍ ലൈന്‍ ട്രാഫിക് സംവിധാനം നടപ്പാക്കും

Published : 9th September 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍-കുന്നംകുളം സംസ്ഥാനപാതയിലെ പുഴയ്ക്കല്‍ മുതുവറ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പരിഹാരമാര്‍ഗങ്ങള്‍ തെളിയുന്നു. പുഴയ്ക്കലില്‍ ലൈന്‍ട്രാഫിക് സംവിധാനം നടപ്പിലാക്കും. സംസ്ഥാനപാതയില്‍ പൂര്‍ണമായും തകര്‍ന്ന മുതുവറ പെട്രോള്‍ പമ്പ് മുതല്‍ മുതുവറ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് ടാറിങ്ങിന് പകരം കോണ്‍ക്രീറ്റ് ബ്രിക്‌സ് തിങ്കളാഴ്ച മുതല്‍ വിരിച്ച് തുടങ്ങും. ഇതുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി അനില്‍ അക്കര എം.എല്‍.എ.അറിയിച്ചു. പുഴയ്ക്കലിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ശോഭാസിറ്റിക്ക് സമീപം ട്രാഫിക് ഡിവൈഡറുകള്‍ സ്ഥാപിക്കും. ശോഭാസിറ്റിക്ക് മുന്നിലെ ഇടുങ്ങിയ റോഡില്‍ നിന്ന് നേരിട്ട് വാഹനങ്ങള്‍ വലത്തേക്ക് തിരിയുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ട്രാഫിക് ഡിവൈഡര്‍ സ്ഥാപിക്കുന്നത്. പുഴയ്ക്കല്‍ ബസ് സ്‌റ്റോപ്പിന് സമീപമുള്ള വീതികൂടിയ ഭാഗത്ത് ശോഭാസിറ്റിയിലേക്കുള്ള വാഹനങ്ങള്‍ തിരിഞ്ഞുപോകാന്‍ സൗകര്യമൊരുക്കും. ഇതിനുപുറമേ കുന്നംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് തടസങ്ങള്‍ കൂടാതെ പോകുന്നതിനായി പ്രത്യേക ലൈന്‍ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്. ലുലു ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സംവിധാനം ക്രമീകരണത്തിലെ പോരായ്മകളും പരിഹരിക്കും. കുന്നംകുളം ഭാഗത്തുനിന്ന് തൃശൂരിലേക്ക് വാഹനങ്ങള്‍ക്ക് സിഗ്‌നലില്‍ കുടുങ്ങി കിടക്കാതെ നേരിട്ട് പോകുന്നതിനായി പുഴയ്ക്കല്‍ ജംഗ്ഷനിലെ സിഗ്‌നല്‍ ലൈറ്റ് സംവിധാനം പുനഃക്രമീകരിക്കാനുമാണ് നീക്കം നടക്കുന്നത്. മുതുവറ പുഴയ്ക്കല്‍ ഭാഗങ്ങളിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉദ്യോഗസ്ഥതല യോഗം ചേരും. അനില്‍ അക്കരയുടെ അധ്യക്ഷതയില്‍ പേരാമംഗലം പോലിസ് സ്‌റ്റേഷനിലാണ് യോഗം ചേരുന്നത്. തൃശൂര്‍ ഗുരുവായൂര്‍ എ.സി.പിമാര്‍, കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, പുഴയ്ക്കല്‍ അടാട്ട് പഞ്ചായത്ത് ജനപ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം തൃശൂര്‍-കുന്നംകുളം സംസ്ഥാനപാതയില്‍ യാത്രാദുരിതം തുടരുകയാണ്. അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ പോലിസ് തൂമ്പയെടുത്തു. സംസ്ഥാനപാതയില്‍ ടാറിങ്ങ് തകര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായ മുതുവറയില്‍ നേരത്തെ നടത്തിയ അറ്റകുറ്റപ്പണി പൂര്‍ണമാകാത്തതിനെ തുടര്‍ന്നാണ് പോലിസ് തൂമ്പയെടുത്ത് നിരത്തിലിറങ്ങിയത്. ഹൈവേ പോലിസിന്റെ നേതൃത്വത്തില്‍ മുതുവറ റോഡിലെ കുഴികള്‍ ഇഷ്ടികയും ഇഷ്ടികപ്പൊടിയും ഉപയോഗിച്ച് അടച്ചു. മുതുവറയിലെ പെട്രോള്‍ പമ്പ് മുതല്‍ ജംഗ്ഷന്‍ വരെയുള്ള കുഴികളാണ് അടച്ചത്. മുതുവറയിലും പുഴയ്ക്കലിലും കുരുക്ക് മുറുകുന്ന സമയങ്ങളില്‍ കുന്നംകുളത്ത് നിന്നു തൃശൂരിലേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ മുണ്ടൂരില്‍ നിന്നു വരടിയം വഴി തൃശൂരിലേക്ക് വഴിതിരിച്ച് വിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss