|    Feb 24 Fri, 2017 9:54 am
FLASH NEWS

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തും

Published : 8th November 2016 | Posted By: SMR

കുമളി: മണ്ഡല മകരവിളക്ക് സീസണില്‍ കുമളി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പേ ആന്റ് പാര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്താന്‍ കുമളിയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ തീരുമാനം. ശബരിമല സീസണില്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വാഹനങ്ങളാണ് കുമളി വഴി കടന്നു പോവുന്നത്. ഇതു മൂലം ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിനാണ് ഇടുക്കി സബ് കലക്ടര്‍ എന്‍ ടി എല്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.കുമളി പഞ്ചായത്ത് ഓഫിസിനടുത്തും പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനു സമീപത്തും ഇതിനായി സ്വകാര്യ വ്യക്തികളുടെ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. സംസ്ഥാന അതിര്‍ത്തിയില്‍ റോഡിനു നടുവില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് വക ബസ്സുകള്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ടെന്ന് യോഗത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം പരിഹരിക്കുന്നതിന് തേനി ജില്ലാ ഭരണകൂടവുമായും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അധികൃതരുമായും ചര്‍ച്ച നടത്തും.കുമളി അതിര്‍ത്തി മുതല്‍ തേക്കടിക്കവല വരെ റോഡിന്റെ ഒരു വശത്ത് മാത്രവും തേക്കടിക്കവല മുതല്‍ കുളത്തുപാലം വരെ ഇരുവശങ്ങളിലും കുളത്തുപാലം മുതല്‍ ഹോളീഡേ ഹോം വരെ ഒരു വശത്തും മാത്രമേ വാഹന പാര്‍ക്കിങ് അനുവദിക്കൂ. എന്നാല്‍ ഇത്തവണ ഇവിടങ്ങളില്‍ റോഡിനു സമാന്തരമായി മാത്രമേ തീര്‍ത്ഥാടകരുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അനുവദിക്കുകയുള്ളൂ. നിയമം ലംഘിച്ച് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നവരുടെ പേരില്‍ നടപടി സ്വീകരിക്കാനും തീരുമാനമായി. തേക്കടിക്കവലയില്‍ ഗതാഗത തടസ്സം രൂക്ഷമായാല്‍ ദര്‍ശനം കഴിഞ്ഞു വരുന്ന ഭക്തരുടെ വാഹനങ്ങള്‍ ഒന്നാംമൈല്‍ തിരിച്ചു വിടാനും തീരുമാനിച്ചു.കാല്‍നട യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പൊതുസ്ഥലങ്ങളിലേക്ക് ഇറക്കി വച്ചുള്ള വ്യാപാരം അനുവദിക്കില്ല. കൂടാതെ ഫുട്പാത്തും പൊതുസ്ഥലങ്ങളും കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമെന്നും സബ് കലക്ടര്‍ അറിയിച്ചു. കുമളി വ്യാപാര ഭവനിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ്‌മോഹന്‍, കുമളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജയിംസ്, വൈസ് പ്രസിഡന്റ് ബിജു ഡാനിയേല്‍, വിവിധ ടാക്‌സി ഡ്രൈവേഴ്‌സ് യുനിയന്‍ നേതാക്കളും വ്യാപാരി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക