|    Nov 21 Wed, 2018 1:44 am
FLASH NEWS

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി പൊന്നാനി അങ്ങാടി

Published : 4th August 2018 | Posted By: kasim kzm

പൊന്നാനി: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി പൊന്നാനി അങ്ങാടി. വലിയ വാഹനങ്ങള്‍ വണ്‍വേ പാലിക്കാത്തതാണ് പ്രധാനമായും പൊന്നാനി അങ്ങാടിയില്‍ ഗതാഗതക്കുരുക്കുണ്ടാവാന്‍ കാരണം. ഗതാഗതം സുഗമമാക്കാനുദ്ദേശിച്ചുളള ട്രാഫിക് കൗണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പാകാത്തതും കാര്യങ്ങള്‍ വഷളാക്കുന്നുണ്ട്. രാവിലെ 10മുതല്‍ ഉച്ചവരെയുള്ള സമയത്താണ് വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്. ലോറികളില്‍ നിന്ന് വ്യാപാരസ്ഥാപനങ്ങളിലേയ്ക്ക് ചരക്കിറക്കുന്ന സമയമാണിത്.
ഈ സമയത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നീളും. ട്രാഫിക് കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന ആവശ്യമാണ് ജനങ്ങളില്‍ നിന്നുയരുന്നത്. അതേസമയം നിലവിലെ വണ്‍വേ രീതി മാറ്റണമെന്ന അഭിപ്രായവും ശക്തമാണ്. ചന്തപ്പടിയില്‍ തിരിഞ്ഞ് മുനിസിപ്പല്‍ ബസ് സ്റ്റാന്റിലെത്തി അങ്ങാടി വഴി ബസുകള്‍ പോകുന്ന രീതി നടപ്പാക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. വണ്‍വേ നിശ്ചയിച്ചിരുന്നത് ചന്തപ്പടിയില്‍ നിന്നു തിരിഞ്ഞു പോകുന്ന രീതിയിലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുളള വണ്‍വേ രീതി ബസുകള്‍ മാത്രമാണ് പിന്തുടരുന്നത്.
നാല് ചക്രത്തില്‍ കൂടുതലുള്ള വാഹനങ്ങള്‍ വണ്‍വേ പാലിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇത് ലംഘിക്കപ്പെടുകയാണ്. അങ്ങാടിയില്‍ ചരക്ക് ലോറികള്‍ നിര്‍ത്തി ലോഡിറക്കുന്നതിനും കയറ്റുന്നതിനും പ്രത്യേക സമയം തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപ്പാകുന്നില്ല. വ്യാപാരസ്ഥാപനങ്ങളിലേയ്ക്ക് ചരക്കിറക്കാനെത്തുന്ന വാഹനങ്ങള്‍ അലക്ഷ്യമായി നിറുത്തിയിടുന്നതും കുരുക്കുണ്ടാക്കുന്നുണ്ട്.
കോടതിപ്പടി മുതല്‍ ചാണ റോഡ് വരെയാണ് ഗതാഗതക്കുരുക്ക് നേരിടുന്ന പ്രധാന ഭാഗം. ഇതിനിടയിലുളള അങ്ങാടിപ്പാലത്തിന്റെ വീതിക്കുറവ് ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്നാണ്. പാലം വീതി കൂട്ടാനുളള പദ്ധതികള്‍ ആലോചനയിലുണ്ടെങ്കിലും റോഡ് വീതി കൂട്ടല്‍ നടക്കാത്തതു കാരണം ഇത് ആലോചനകളിലൊതുങ്ങുകയാണ്. അങ്ങാടി വീതി കൂട്ടുന്നതിനായുള്ള വികസന പ്രവൃത്തികള്‍ പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നെങ്കിലും പൂര്‍ണ്ണതയിലെത്തിയിട്ടില്ല. വണ്ടിപ്പേട്ടയിലെ ചില കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി വീതി കൂട്ടിയെങ്കിലും ഭൂരിപക്ഷം കെട്ടിടങ്ങളും റോഡിലേയ്ക്ക് തള്ളിനില്‍ക്കുന്ന നിലയിലാണ്. അങ്ങാടി വികസനം യാഥാര്‍ഥ്യമായാലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss