|    Mar 25 Sun, 2018 1:08 am
FLASH NEWS

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി വടകര നഗരം

Published : 20th January 2016 | Posted By: SMR

വടകര: വടകര ടൗണില്‍ ഗതാ ഗതക്കുരുക്ക് രൂക്ഷം. പുതിയ ബസ്സ്റ്റാന്റ്, പഴയബസ്സ്റ്റാന്റ് എന്നിവ കടന്നു യാത്ര ചെയ്യേണ്ടി വരുന്നവരുടെ പ്രയാസം ഇപ്പോ ള്‍ വളരെയേറെയാണ്. ഗതാഗത കുരുക്കില്‍ വീര്‍പ്പു മുട്ടി നില്‍ക്കുന്ന വടകര നഗരത്തെ മോചിപ്പിക്കാനുള്ള നടപടികള്‍ പോലിസ്-ട്രാഫിക് വിഭാഗം നടപടിയെടുക്കണമെന്നാണ് നാട്ടുകരുടെ ആവശ്യം. വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളെ ടൗണിലേക്ക് പ്രവേശിക്കുന്നത് ക്രമീകരിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
കൂടുതലായും വടകര പഴയബസ്സ്റ്റാന്റിനു സമീപത്താണ് കുരുക്ക് അനുഭവപ്പെടുന്നത്. ചില സമയങ്ങളില്‍ മണിക്കൂറുകളോളം കുരുക്ക് അനുഭവപ്പെടുന്നതായി യാത്രക്കാര്‍ പറയുന്നു. ബസ്സ്റ്റാന്റിനു മുന്നിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ ജെടി റോഡുമുതല്‍ എടോടി വരെയുള്ള വന്‍ ഗാതാഗത കുരുക്കിന് ഇരയാവുകയാണ് ചെയ്യുന്നത്.
തലശ്ശേരിയില്‍ നിന്നും പാനൂര്‍ നാദാപുരം മേഖലയില്‍ നിന്നും പുതിയ ബസ്സ്റ്റാന്റിലേക്ക് വരുന്ന ബസ്സുകള്‍ പഴയ ബസ്സ്റ്റാന്റ് വഴിയാണ് കടന്നു പോകുന്നത്. നഗരത്തിലേക്ക് പ്രവേശിക്കുന്ന ഈ ബസ്സുകള്‍ വിവിധ ഇടങ്ങളിലായി പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെങ്കിലും ബസ്സുകള്‍ സ്ഥിരതയില്ലാതെയാണ് സ്റ്റോപ്പിങ് ചെയ്യുന്നത്. ഇത് ഒന്നില്‍ കൂടുതല്‍ ബസ്സുകള്‍ ഉണ്ടെങ്കില്‍ മല്‍സരിച്ചുള്ള സ്‌റ്റോപ്പിങ് ആയിത്തീരും. ഇത് ചെറുവാഹനങ്ങളെ അപകടങ്ങളിലേക്കും നയിക്കാറുണ്ട്.
ഈ ബസ്സുകള്‍ക്ക് പുറമെ കൊയിലാണ്ടി ഭാഗത്തേക്ക് പോവുന്ന ബസ്സുകളും പുതിയ ബസ്സ്സ്റ്റാന്റ് വഴി അടക്കാ തെരുവ്-മാര്‍ക്കറ്റ് റോഡിലൂടെയാണ് പഴയ ബസ്സ്റ്റാന്റിലേക്ക് എത്തുന്നത്. ഈ ബസ്സുകളുടെ യാത്രയ്ക്കു പുറമെയാണ് പുതിയ ബസ്സ്റ്റാന്റിലേക്കുള്ള ബസ്സുകളുടെ ഓട്ടവും ഇതുവഴി നടക്കുന്നത്.
ഓട്ടോറിക്ഷകളുടെ കാര്യമാണെങ്കില്‍ പറയേണ്ടെന്ന വിഷയത്തിലേക്ക് എത്തിയിരിക്കുകയാണ്. സ്റ്റാന്റിനു സമീപ ഭാഗങ്ങളിലായി ഓട്ടോറിക്ഷകള്‍ക്ക് സ്റ്റാ ന്റുകള്‍ അനുവദിച്ചിട്ടുണ്ട്. ആളുകളെ കയറ്റാനും ഇറക്കാനുമായിട്ടാണ് ഇവിടങ്ങളില്‍ സ്റ്റാന്റുകള്‍ അനുവദിച്ചത്. എന്നാല്‍ ഓട്ടോറിക്ഷകളും ബസ്സുകളെ പോലെ തഥൈവ.
സ്റ്റാന്റിനു പുറമെ സ്റ്റോപ്പി ങും കൂടാതെ വിവിധയിടങ്ങളിലെ നിറുത്തിയടലും കുരുക്കിന് കാരണമായിത്തീരുന്നുണ്ട്. പഴയബസ്സ്റ്റാന്റിന് സമീപത്തെ ഗസ്റ്റ് ഹൗസിനു മുന്നിലായി നിറുത്തിയടുന്ന ഭാഗത്താണ് ഇത്തരക്കാരെ കൊണ്ട് കൂടുതല്‍ കുരുക്ക് അനുഭവപ്പെടുന്നത്. ബസ്സ്റ്റാന്റില്‍ നിന്ന് ബസ്സുകള്‍ പുറത്തേക്ക് വരുന്നതിനാലും ഓട്ടോറിക്ഷകളുടെ ഇത്തരം നടപടി മൂലവും മറ്റു വാഹനങ്ങളും പ്രയാസത്തിലാണ്.
വടകരയിലെ ഗതാഗത കുരുക്കിന് മോചനം വരുമെന്ന പ്രതീക്ഷയിലാണ് രണ്ട് പതിറ്റാണ്ട് കാലത്തെ നിയമ യുദ്ധത്തിനൊടുവില്‍ ലിങ്ക് റോഡിന്റെ നിര്‍മാണം ആരംഭിച്ചത്. പാലത്തിലെ അശാസ്ത്രീയ നിര്‍മാണം കാരണം ഒരു കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള പാതയില്‍ നാലോളം ഹെയര്‍പ്പിന്‍ വളവുകളാണുള്ളത്. അപകട സാധ്യതയുണ്ടെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഈ റോഡ് വഴിയുള്ള ബസുകളുടെ ഓട്ടം തടഞ്ഞത്. ഇതോടെ ലിങ്ക് റോഡിന്റെ ഒരു ഭാഗം നഗരത്തിലെ പ്രധാന പാര്‍ക്കിങ്ങ് കേന്ദ്രമായി മാറി. പഴയ ബസ് സ്റ്റാന്റിന് തൊട്ട് തെക്ക് ഭാഗത്ത് നിന്ന് ആരംഭിച്ച് ഒരു കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദേശീയ പാതയില്‍ അവസാനിക്കുന്ന വിധമുള്ള പാത വടകരക്കാരുടെ സ്വപ്‌നമായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാട്ടുകാര്‍ക്ക് മനോഹരമായ ഒരു നിര്‍മിതി മാത്രമായി ലിങ്ക് റോഡ് മാറി.
ഗതാഗത കുരുക്കില്‍ നിന്ന് മോചനം നേടാനും അനധികൃതമായുള്ള ബസ്സുകളുടെയും ഓട്ടോറിക്ഷകളുടെയും സ്റ്റോപ്പിങ് അവസാനിപ്പിക്കാനും ട്രാഫിക് വിഭാഗം നടപടിയെടുക്കുന്നില്ലെന്ന പരാതിയാണ് നാട്ടുകാര്‍ക്കുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss