|    Mar 20 Tue, 2018 11:13 pm
FLASH NEWS

ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

Published : 14th October 2016 | Posted By: Abbasali tf

കണ്ണൂര്‍: വളപട്ടണം പാലത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി തുടരുന്ന വാഹനനിയന്ത്രണം മൂലം പുതിയതെരുവിലും അനുബന്ധ റോഡുകളിലും ഗതാഗക്കുരുക്ക് രൂക്ഷമായി. ഫലത്തില്‍ യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും പീഡനമാവുകയാണ് പോലിസ് ഒരുക്കിയ ബദല്‍ ട്രാഫിക് സംവിധാനം.  ബസ്സുകള്‍, ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ ആംബുലന്‍സ്, സ്‌കൂള്‍ വാഹനങ്ങള്‍ എന്നിവ മാത്രമാണ് പാലത്തിലൂടെ കടത്തിവിടുന്നത്. കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്കുലോറികള്‍ തളിപ്പറമ്പ് ചിറവക്കില്‍നിന്നു തിരിഞ്ഞ് ശ്രീകണ്ഠപുരം, ഇരിക്കൂര്‍, ചാലോട്, തലശ്ശേരി വഴി പോവുന്നു. കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പറശ്ശിനിക്കടവ്, കരിങ്കല്‍ക്കുഴി, കൊളച്ചേരിമുക്ക്, കമ്പില്‍, നാറാത്ത്, കാട്ടാമ്പള്ളി, പുതിയതെരു വഴിയും തിരിച്ചുവിട്ടിട്ടുണ്ട്. എന്നാല്‍, ഇടുങ്ങിയ ബദല്‍ റോഡുകളില്‍ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. 2015 ഏപ്രിലില്‍ തുടങ്ങിയ പാലം അറ്റകുറ്റപ്പണി കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍, പ്രവൃത്തി ഇഴഞ്ഞുനീങ്ങിയ സാഹചര്യത്തിലാണ് ഇപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണി നടക്കുന്നത്. 30 വര്‍ഷത്തിലേറെയായി പാലത്തിന് ഉപ്പുകാറ്റേറ്റ് ഗുരുതരമായ ബലക്ഷയം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. തൂണുകളിലെ പുറംഭാഗത്തെ കോണ്‍ക്രീറ്റുകള്‍ പൊട്ടിച്ചുമാറ്റുകയും അകത്തെ ദ്രവിച്ച കമ്പികള്‍ നീക്കംചെയ്ത് പുതിയ കമ്പികള്‍ സ്ഥാപിച്ചുമാണ് പാലം ബലപ്പെടുത്തുന്നത്.  നാലുകോടി രൂപ ചെലവില്‍ ആലുവ ആസ്ഥാനമായ പദ്മജ ഗ്രൂപ്പിനാണ് കരാര്‍. നവീകരണ ജോലികള്‍ നവംബര്‍ അഞ്ചുവരെ തുടരും. പാലത്തിന് മുകളില്‍ കോണ്‍ക്രീറ്റ് ഗ്രില്ലിങ് നടക്കുന്നതിനാല്‍ ഒരു വശത്തുകൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. രാവിലെയും വൈകുന്നേരവുമാണ് യാത്രാദുരിതമേറെയും. ഗതാഗതം നിയന്ത്രിക്കാന്‍ തളിപ്പറമ്പ്, കണ്ണപുരം, വളപട്ടണം പോലിസ് സ്‌റ്റേഷനുകളിലെ ഇരുപതോളം പോലിസുകാരെയും സ്വകാര്യ സെക്യൂരിറ്റി ഗ്രൂപ്പുകാരെയും നിയോഗിച്ചിട്ടുണ്ടെങ്കിലും സേവനം ഫലപ്രദമല്ല. ഇവര്‍ക്ക് താല്‍പര്യമുള്ള വാഹനങ്ങളെ കടത്തിവിടുന്നതായാണ് ആക്ഷേപം. ഇതേച്ചൊല്ലി പോലിസുകാരും വാഹനയാത്രികരും തമ്മില്‍ വാക്തര്‍ക്കം പതിവാണ്. ചെറിയ യാത്രയ്ക്ക് കണ്ണൂരില്‍നിന്ന് തളിപ്പറമ്പിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരാണ് ഗതാഗതനിയന്ത്രണം കൊണ്ട് ഏറെ ബുദ്ധിമുട്ടുന്നത്. പാപ്പിനിശ്ശേരി, കല്യാശ്ശേരി, കീച്ചേരി ഭാഗത്തുള്ളവരുടെ കാറുകള്‍ കടന്നുപോവാന്‍ അനുവദിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. പാപ്പിനിശ്ശേരി ഭാഗത്തുനിന്ന് കാറുകള്‍ തിരിച്ചുവിട്ടാല്‍ അവ കണ്ണൂരിലെത്തൊന്‍ 30 കിലോമീറ്ററോളം യാത്ര ചെയ്യണം. തളിപ്പറമ്പ് ചിറവക്ക് ജങ്ഷനിലും പുതിയതെരുവിലും വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss