|    Oct 16 Tue, 2018 8:52 am
FLASH NEWS

ഗതാഗതക്കുരുക്കിന് പരിഹാരം : നഗരത്തിലെ ആറ് റോഡുകള്‍ 16 ന് തുറക്കും

Published : 11th September 2017 | Posted By: fsq

 

കോഴിക്കോട്: നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന രീതിയില്‍ പണി തീര്‍ത്ത ആറ് റോഡുകള്‍ 16 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. നഗരത്തില്‍ വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും യാത്രാ ക്ലേശം പരിഹരിക്കുന്നതിനും ഏറെ ഉപകാരപ്പെടുന്നവയാണ് ഈ റോഡുകള്‍. നഗര വികസനത്തിന്റെ ഭാഗമായി വികസിപ്പിച്ച റോഡുകള്‍ തുറക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാവുമെന്നാണ് ട്രാഫിക് പോലിസിന്റെ കണക്ക് കൂട്ടല്‍. സ്‌റ്റേഡിയം പുതിയറ ജങ്ങ്ഷന്‍ റോഡ്, പനാത്തുതാഴം സിഡബഌുആര്‍ഡിഎം റോഡ്, വെളളിമാടുകുന്ന് കോവൂര്‍ റോഡ്, ഗാന്ധി റോഡ് മിനി ബൈപാസ്, കുനിയില്‍കാവ് മാവൂര്‍റോഡ് ജങ്ഷന് സമീപമുളള ചെറിയ ഭാഗം,  പുഷ്പ ജങ്ഷന്‍ മാങ്കാവ് റോഡ് എന്നിവയാണ് ആറ് റോഡുകള്‍.   സാധാരണ റോഡ് നവീകരണത്തില്‍ നിന്നു വ്യത്യസ്തമായി റോഡ് ഫണ്ട് ബോര്‍ഡ്ആന്വിറ്റി മാതൃകയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. റോഡ് പണിയുടെ കരാര്‍ ഏറ്റെടുക്കുന്നവര്‍ തന്നെ വരുന്ന 15 കൊല്ലത്തേക്ക് റോഡിന്റെ പൂര്‍ണമായ ഉത്തരവാദിത്തവും നവീകരണപ്രവര്‍ത്തികളും ഏറ്റെടുക്കുന്ന പദ്ധതിയാണ് ആന്വിറ്റി. റോഡില്‍ സ്ഥാപിക്കുന്ന സിഗ്‌നല്‍ ലൈറ്റുകള്‍, ഫുട്പാത്ത്, ഇന്റര്‍ലോക്ക് തുടങ്ങിയവയുടെ അറ്റകുറ്റപണികളും ഇതില്‍ ഉള്‍പ്പെടും. തിരുവനന്തപുരത്ത് വിജയിച്ച പദ്ധതിയുടെ രണ്ടാം ഘട്ടമാണ് കോഴിക്കോട് നടപ്പാക്കിയത്. പദ്ധതിയുടെ കരാറെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി(യുഎല്‍സിസിഎസ്) ആണ്. 15 കൊല്ലം കൊണ്ട് 30 തവണകളായി ആറ് മാസം കൂടുമ്പോഴാണ് ഇവര്‍ക്ക്  തുക ലഭിക്കുക. കരാറില്‍ 24 മാസം കാലാവധി ആവശ്യപ്പെട്ട  പദ്ധതി ഏഴ് മാസം ബാക്കി നില്‍ക്കെയാണു പൂര്‍ത്തിയാക്കിയിരിക്കുന്നത്. രാജ്യാന്തര നിലവാരത്തിലാണ് റോഡ് നവീകരണം. ആറു റോഡുകളിലുമായി 13 ജങ്ഷനുകളില്‍ സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് റോഡുകളില്‍ ഇന്റര്‍ലോക്ക് സീബ്ര സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങളുടെ വേഗത കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. അല്‍പം ഉയര്‍ത്തി പരന്ന പ്രതലത്തില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകുകയാണ് രീതി. ജില്ലയില്‍ ആദ്യമായാണ് ഇതിതരമൊരു സംവിധാനം നടപ്പിലാക്കുന്നത്. പൊതുവെ തിരക്കുള്ളയിടങ്ങളിലാണ്  ഈ സംവിധാനം നടപ്പില്‍ വരുത്തുക. പെട്ടെന്ന് ശ്രദ്ധ ലഭിക്കുമെന്നതിനാല്‍ വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ സാധിക്കുന്നതോടൊപ്പം തന്നെ കാല്‍നടയാത്രകാര്‍ക്ക് ഭയമില്ലാതെ റോഡ് മുറിച്ചു കടക്കാം. ഈ റോഡുകളിലെ ജങ്ഷനുകളില്‍ ഡിബിഎം ബിസി ടാറിങ്ങിനുപകരം സ്‌റ്റോണ്‍ മെട്രിക്‌സ് ആസ്ഫാള്‍ട്ട് ഉപയോഗിച്ചാണ് പ്രതല നിര്‍മാണം. കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്നതുമൂലമുണ്ടാകുന്ന കേടുപാടുകള്‍ ഒഴിവാക്കാനാണ്  സ്‌റ്റോണ്‍ മെട്രിക്‌സ് ആസ്ഫാള്‍ട്ട്  (എസ്എംഎ) ഉപയോഗിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss