|    Feb 22 Wed, 2017 11:55 pm
FLASH NEWS

ഗണേശന്‍മാഷില്‍ നിന്ന് ഏറെയുണ്ട് പഠിക്കാന്‍

Published : 12th November 2016 | Posted By: SMR

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന തോട്ടം മേഖലയിലെ സാധാരണക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് കൈത്താങ്ങാണ് ഗണേശന്‍ മാഷ്. നൂറുകണക്കിന് സാധാരണക്കാരായ ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ ജോലിയിലെത്തിച്ച് ജൈത്ര യാത്ര തുടരുകയാണ് സിവില്‍ സപ്ലൈസ് റേഷനിങ് ഇന്‍സ്‌പെക്ടര്‍ കൂടിയായ ഗണേശന്‍. പിഎസ്‌സി നടത്തുന്ന പരീക്ഷയായ ഡപ്യൂട്ടി കലക്ടര്‍ റാങ്ക് ലിസ്റ്റില്‍ നിയമനത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍.പശുമല ആര്‍ബിടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി കനകമ്മ-മാടസ്വാമി ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമനാണ് ഗണേശന്‍. ഒഴിവു സമയങ്ങളില്‍ കൂലിപ്പണി ചെയ്തായിരുന്നു പഠനം. ബിടെക്് പഠനത്തിനിടയിലാണ് സര്‍ക്കാര്‍ ജോലി എന്ന മോഹം തോന്നിയത്. തമിഴ് കുടുംബത്തില്‍ ജനിച്ച ഗണേശന് മലയാളം എഴുതാന്‍ വശമില്ലായിരുന്നു. എങ്കിലും; തോല്‍ക്കാന്‍ തയ്യാറായില്ല. പിഎസ്‌സി കോച്ചിങിന് പോവാന്‍ പണമില്ലാത്തത് പ്രശ്‌നമായി. സുഹൃത്തുക്കളായ 10 പേരില്‍ നിന്നു 200 രൂപ വീതം കടം വാങ്ങി. അവര്‍ക്കൊരു വാഗ്ദാനവും നല്‍കി. താന്‍ പഠിക്കുന്നത് അവര്‍ നിര്‍ദേശിക്കുന്നവരെയും പഠിപ്പിക്കാം.2003ല്‍ പിഎസ്‌സി എല്‍ഡിസി പരീക്ഷയെഴുതി. സെലക്ഷന്‍ കിട്ടി. ഒപ്പം ഇദ്ദേഹം പഠിപ്പിച്ച ആറു പേര്‍ക്കും. 2005ല്‍ പത്തനംതിട്ട പോലിസ് വകുപ്പിലെ ക്ലര്‍ക്കായി. തോട്ടം മേഖലയിലെ നിരാലംബരായ യുവജനങ്ങള്‍ക്കു സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കുക എന്നതായിരുന്നു പിന്നീടുള്ള ദൗത്യം. ഇതിനു വേണ്ടി ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും ജോലി സ്ഥലത്ത് നിന്ന് എത്തി സൗജന്യ പരിശീലനം തുടങ്ങി. തുടക്കത്തില്‍ ഏഴു തൊഴില്‍രഹിതരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് ഓരോ ബാച്ചിലും 80ഓളം കുട്ടികള്‍ എന്ന നല്ല നിലയിലായി. ഇതിനിടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ നിയമനം ലഭിച്ചെങ്കിലും കോച്ചിങിനു തടസ്സമാവും എന്നതിനാല്‍ ചാര്‍ജ് എടുത്തില്ല. 2010ല്‍ റേഷനിങ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ചു. സ്ഥാപനത്തിന്റെ പേരില്‍ പോലും ഗണേശന്‍ വ്യത്യസ്തത സൃഷ്ടിച്ചു. അറിവിനെ പ്രചോദിപ്പിച്ച് സഹായിക്കുക എന്ന അര്‍ഥം വരുന്ന നോളജ് മോട്ടിവേഷന്‍ ഗ്രാറ്റിറ്റിയൂഡ് എന്നതിന്റെ ചുരുക്കമാണ് കെഎംജി, 2015ല്‍ പിഎസ്‌സി നടത്തിയ പോലിസ് ടെസ്റ്റിന് ഈ സ്ഥാപനത്തില്‍ നിന്ന് 35 പേര്‍ യോഗ്യത നേടി. ഇതില്‍ 10 പേര്‍ വനിതകളായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് 200ഓളം പേരെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാക്കിയത്. ഇവര്‍ ശമ്പളത്തില്‍ ഒരു വിഹിതം സ്ഥാപനത്തിനു നല്‍കാറുണ്ട്. തോട്ടം മേഖലയില്‍ നിന്നും സിവില്‍ സര്‍വീസ് ജേതാവിനെ ഉണ്ടാക്കുക എന്നതാണ് ഗണേശന്‍ മാഷിന്റെ ജീവിതാഭിലാഷം. റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് എഴില്‍ അരസിയാണ് ഭാര്യ. രണ്ടു കുട്ടികള്‍ കര്‍ണികയും കവിനേഷും. അവര്‍ മൂന്നാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക