|    Aug 16 Thu, 2018 5:27 pm

ഗണിതത്തില്‍ ജില്ലയ്ക്ക് മികവ് പോര: മികവുല്‍സവം ശില്‍പശാല

Published : 2nd August 2018 | Posted By: kasim kzm

കണ്ണൂര്‍: കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയിലെ ഗണിതത്തില്‍ കണ്ണൂര്‍ ജില്ല വിജയശതമാനത്തില്‍ സംസ്ഥാനത്ത് ഒന്നാമതെത്തിയെങ്കിലും മറ്റു വിഷയങ്ങളെപ്പോലെ മികവ് പ്രകടിപ്പിക്കാന്‍ സാധിച്ചില്ലെന്ന് വിലയിരുത്തല്‍. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച മികവുല്‍സവം ശില്‍പശാലയിലെ അവലോകനത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. ജില്ലയില്‍ പരീക്ഷയെഴുതിയ 34227 കുട്ടികളില്‍ ഗണിതത്തില്‍ 8882 പേര്‍ക്ക് പകുതിയില്‍ കുറവ് മാര്‍ക്ക് മാത്രമേ ലഭിച്ചുള്ളൂ. സാമൂഹിക ശാസ്ത്രത്തില്‍ 6019 പേര്‍ക്കും സി പ്ലസില്‍ കുറവ് ഗ്രേഡ് മാത്രമാണു നേടാനായത്. എല്ലാ വിഷയങ്ങളിലും സംസ്ഥാന ശരാശരിയേക്കാള്‍ മികച്ച വിജയശതമാനം കൈവരിക്കാനായി. ഫിസിക്‌സ്, ഐടി വിഷയങ്ങളില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും ഹിന്ദി, ബയോളജി വിഷയങ്ങളില്‍ മൂന്നാം സ്ഥാനവും കൈവരിച്ചു.
മലയാളം ഒന്നാം പേപ്പറില്‍ സംസ്ഥാനത്ത് എട്ടാം സ്ഥാനം മാത്രമാണ് ജില്ലയ്ക്കുള്ളത്. സാമൂഹിക ശാസ്ത്രത്തില്‍ ഏഴും ഇംഗ്ലീഷില്‍ ആറുമാണ് ജില്ലയുടെ സ്ഥാനം. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ 99.036 ശതമാനവുമായി സംസ്ഥാനത്ത് മൂന്നാമതാവാന്‍ കണ്ണൂര്‍ ജില്ലയ്ക്ക് സാധിച്ചിരുന്നു. പരീക്ഷയ്ക്കിരുന്ന 34227 കുട്ടികളില്‍ 33897 പേര്‍ തുടര്‍പഠനത്തിന് യോഗ്യത നേടി. 30 പേരെ കൂടി വിജയിപ്പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കുമായിരുന്നു. പിഴവുകള്‍ തിരുത്തി മുന്നോട്ടുപോവാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ശില്‍പശാല ചര്‍ച്ച ചെയ്തു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. 100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്ക് അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉപഹാരം സമ്മാനിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss