|    Nov 18 Sun, 2018 5:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗഡ്ചിരോളിയില്‍ നടന്നത് ഏറ്റുമുട്ടലല്ല, കൂട്ടക്കൊലയെന്ന് ആരോപണം

Published : 29th April 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ ഭരണകൂട ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 2018 ഏപ്രില്‍ 22നു മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ നടന്ന മാവോവാദി വേട്ടയെന്നു തെളിവുകള്‍. ഗഡ്ചിരോളി ജില്ലയിലെ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ 40 മാവോവാദികള്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്തകള്‍. ജില്ലയില്‍ തദ്ഗാവോണ്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കസാന്‍സുര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ച കാലത്ത് 10നും 11നും ഇടയ്ക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 1.30 വരെ നീണ്ട ഏറ്റുമുട്ടലില്‍ 16ഓളം മാവോവാദികള്‍ കൊല്ലപ്പെട്ടെന്നായിരുന്നു പോലിസ് ആദ്യം അറിയിച്ചത്. പിന്നീട് ഇന്ദ്രാവതി നദിയില്‍ മൃതശരീരങ്ങള്‍ ഒഴുകിനടക്കുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് 15 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്.
കസാന്‍സുര്‍ ഏറ്റുമുട്ടല്‍ നടന്നു 36 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ഗഡ്ചിരോളി ജില്ലയില്‍ തന്നെയുള്ള ജിംലാഗാട്ട പ്രദേശത്തു നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലില്‍ ആറു മാവോവാദികള്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത വന്നത്. ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങളില്‍ നിന്ന് ആകെ 40 പേര്‍ കൊല്ലപ്പെട്ടതായാണ് അറിയാന്‍ കഴിയുന്നത്. കസാന്‍സുര്‍ ഗ്രാമത്തില്‍ നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനെത്തിയ മാവോവാദി സംഘത്തെ വിവരമറിഞ്ഞെത്തിയ മഹാരാഷ്ട്ര സായുധ പോലിസ് വിഭാഗമായ എസ് 60 കമാന്‍ഡോകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
നാലു മണിക്കൂറോളം നീണ്ട വെടിവയ്പില്‍ ഒരു പോലിസുകാരനു പോലും പരിക്ക് പറ്റിയില്ല എന്നതാണ് വിചിത്രം. വിവാഹത്തിനു വിളമ്പിയ ഭക്ഷണത്തില്‍ പോലിസ് വിഷം കലര്‍ത്തിയിരുന്നുവെന്നും ഭക്ഷണം കഴിച്ചു മയക്കത്തിലായ മാവോവാദികളെ വെടിവച്ചു കൊലപ്പെടുത്തുകയാണ് ഉണ്ടായതെന്ന ആരോപണവും പുറത്തുവന്നിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഗ്രാമീണരും ഉള്‍പ്പെട്ടിട്ടുള്ളതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. നാലു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മാവോവാദി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൊന്നായി പോലിസ് അവകാശപ്പെടുന്ന ഗഡ്ചിരോളി ഏറ്റുമുട്ടലില്‍ പോലിസിന്റെ വിവരണം തികച്ചും അവിശ്വസനീയമാ—ണ്.
ഭീകരതയ്‌ക്കെതിരേയും ദേശവിരുദ്ധര്‍ക്കെതിരേയും പോരാടുന്നെന്ന പേരില്‍ സര്‍ക്കാര്‍ പ്രദേശവാസികളെ ഉപദ്രവിക്കുന്നത് വര്‍ധിക്കുന്നു. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉ—ദ്യോഗസ്ഥനും പരിക്കേല്‍പ്പിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല.
ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍ ഉപയോഗിച്ച് വലിയ അപകടമുണ്ടാക്കും വിധം ഏകപക്ഷീയമായ ആക്രമണമാണ് നടത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ 26ന് ഛത്തീസ്ഗഡ്-തെലങ്കാന അതിര്‍ത്തിയില്‍ സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ ഏഴു മാവോവാദികള്‍ കൊലചെയ്യപ്പെട്ടിരുന്നു. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്.
ഛത്തീസ്ഗഡില്‍ നിന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തയനുസരിച്ച് സുക്മയില്‍ രണ്ടു മാവോവാദികള്‍ കൂടി കൊല്ലപ്പെട്ടിരിക്കുകയാണ്. അതില്‍ ഒരാള്‍ സ്ത്രീയാണ്. ഇത്തരത്തിലുള്ള കൂട്ടക്കശാപ്പുകള്‍ സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുകയും കൂടുതല്‍ രക്തച്ചൊരിച്ചിലിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കാന്‍ മാത്രമേ ഉതകൂ.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ മേഖലയില്‍ മാവോവാദി വേട്ടയുടെ പേരില്‍ വ്യാപകമായ സൈനികവല്‍ക്കരണം നടക്കുന്നതായും കോര്‍പറേറ്റുകള്‍ക്കു വേണ്ടി വനവും ഭൂമിയും ജലവും പിടിച്ചെടുക്കുന്നതിനായുള്ള അടിച്ചമര്‍ത്തല്‍ നടപടികള്‍ വ്യാപകമാവുന്നതും ഇതിനകം പുറത്തുവന്ന വസ്തുതകളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss