|    Dec 11 Tue, 2018 12:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗജ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു; തമിഴ്‌നാട്ടില്‍ 36 മരണം

Published : 18th November 2018 | Posted By: kasim kzm

ചെന്നൈ: തമിഴ്‌നാട്, പുതുച്ചേരി തീരത്ത് വീശിയടിച്ച ഗജ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു ന്യൂനപക്ഷമായി രൂപപ്പെട്ടു. 471 ദുരിതാശ്വാസ ക്യാംപുകളിലേക്കായി 82,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് 36 പേര്‍ മരിച്ചതായി തമിഴ്‌നാട് ദുരന്തനിവാരണ വിഭാഗം അറിയിച്ചു. മരിച്ചവരില്‍ 20 പുരുഷന്‍മാരും 11 സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ സംസ്ഥാനത്ത് 1.27 ലക്ഷം മരങ്ങള്‍ കടപുഴകി വീണു. 30,000 വൈദ്യുതി പോസ്റ്റുകള്‍ നശിച്ചിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്ര സഹായം തേടി. പ്രകൃതിക്ഷോഭത്തില്‍ മരിച്ചവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ഗജ ചുഴലിക്കാറ്റിനു പിറകേ ലക്ഷദ്വീപില്‍ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടുന്നുണ്ട്.
കവരത്തിക്ക് സമീപമാണ് മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. മണിക്കൂറില്‍ 85 മുതല്‍ 95 വരെയാണ് വേഗം. കാറ്റിനെത്തുടര്‍ന്ന് അടുത്ത 24 മണിക്കൂറില്‍ മല്‍സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് ജാഗ്രതാ നിര്‍ദേശം.
നാഗപട്ടണം, വേളാങ്കണ്ണി, പുതുക്കോട്ടെ, തഞ്ചാവൂര്‍, കടലൂര്‍ തുടങ്ങിയ മേഖലകളിലാണ് ഗജ ചുഴലിക്കാറ്റ് കനത്തനാശം വിതച്ചത്. ഈ മേഖലകളില്‍ അടുത്ത 24 മണിക്കൂര്‍ കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരപ്രദേശങ്ങള്‍ക്ക് പുറമേ കൊടൈക്കനാല്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലും കനത്തമഴയില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഗജ ചുഴലിക്കാറ്റ് നിലവില്‍ ശക്തികുറഞ്ഞു ലക്ഷദ്വീപിനു സമീപത്തേക്കു നീങ്ങുകയാണ്. ഗജ ലക്ഷദ്വീപിലേക്ക് നീങ്ങുന്നതിനാല്‍ കേരളത്തിലും ലക്ഷദ്വീപിലും മഴയ്ക്ക് സാധ്യതയുണ്ട്.
പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ചുഴലിക്കാറ്റ് നാശംവിതച്ച മേഖലകളില്‍ ദേശീയ ദുരന്തനിവാരണ സേനയ്‌ക്കൊപ്പം നാവികസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ രണ്ടു കപ്പലുകള്‍ ശനിയാഴ്ച കാരയ്ക്കല്‍ തീരത്തെത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss