|    Dec 11 Tue, 2018 1:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗജ ചുഴലിക്കാറ്റ്: ജാഗ്രത വേണമെന്ന് സര്‍ക്കാര്‍

Published : 18th November 2018 | Posted By: kasim kzm

തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായുണ്ടായ ഗജ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും നല്‍കി. ശക്തി കുറഞ്ഞ് എത്തിയ ഗജ ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നിലവില്‍ ഈ ന്യൂനമര്‍ദം കൊച്ചി തീരത്തുനിന്നും ഏകദേശം 400 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് നിലനില്‍ക്കുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനമനുസരിച്ച് ചുഴലിക്കാറ്റ് തുടര്‍ന്നും പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കും. അതിനാല്‍ അടിയന്തര നടപടികള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം. എല്ലാ മല്‍സ്യബന്ധന ഗ്രാമങ്ങളിലും ഹാര്‍ബറുകളിലും പോര്‍ട്ടുകളിലും തീരദേശത്തെ ആരാധനാലയങ്ങളിലും വിളിച്ചറിയിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഫിഷറീസ് വകുപ്പിന് നിര്‍ദേശം നല്‍കി.
തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും 55 മുതല്‍ 65 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലും കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അപകടസാധ്യതയുള്ളതിനാല്‍ 20 വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നാണ് നിര്‍ദേശം. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റു വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മരങ്ങള്‍, വൈദ്യുത തൂണുകള്‍, ടവറുകള്‍ എന്നിവിടങ്ങളില്‍ അധികസമയം ചെലവഴിക്കുകയോ വാഹനങ്ങള്‍ നിര്‍ത്തി ഇടുകയോ ചെയ്യാന്‍ പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss