|    Sep 24 Sun, 2017 8:53 am
Home   >  Todays Paper  >  Page 1  >  

ഗംഗാ പരിസരം ഇനി വികസന നിരോധിത മേഖല

Published : 14th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗംഗാനദിയുടെ ഹരിദ്വാറിനും ഉത്തര്‍പ്രദേശിലെ ഉനാവിനും ഇടയിലുള്ള പ്രദേശം വികസന നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഇതുപ്രകാരം നദിയുടെ ഇരുവശത്തുമുള്ള 100 മീറ്റര്‍ പ്രദേശത്ത് വികസന പദ്ധതികള്‍ നടപ്പാക്കുകയോ 500 മീറ്ററിനകത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുകയോ ചെയ്യരുത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. ഇവിടെ മാലിന്യം നിക്ഷേപിച്ചാല്‍ 50,000 രൂപ പിഴയീടാക്കാനും ജസ്റ്റിസ് സ്വതന്ത്രകുമാറിന്റെ നേതൃത്വത്തിലുള്ള  ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഇതോടൊപ്പം നദിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ പദ്ധതികള്‍ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി. കാണ്‍പൂരിലെ ജജാമൗവിലുള്ള തോല്‍ ഊറയ്ക്കിടുന്ന കേന്ദ്രങ്ങള്‍ ഉനാവിലെ ലെതര്‍ പാര്‍ക്കിലേക്കോ മറ്റോ മാറ്റാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ആറാഴ്ച സമയം അനുവദിച്ചു. ഗംഗയിലും അതിന്റെ പോഷകനദികളിലുമായി നടക്കുന്ന മതപരമായ ആചാരങ്ങള്‍ക്കായി ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ തയ്യാറാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മേല്‍നോട്ട സമിതിക്കും ട്രൈബ്യൂണല്‍ രൂപം നല്‍കി. ജലവിഭവ മന്ത്രാലയം സെക്രട്ടറിയായിരിക്കും സമിതി അധ്യക്ഷന്‍. ഐഐടി പ്രഫഷനലുകള്‍, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും. കൃത്യമായ ഇടവേളകളില്‍ സമിതി ട്രൈബ്യൂണലിന് റിപോര്‍ട്ട് സമര്‍പ്പിക്കണം. നദീപരിസരത്തുള്ള എല്ലാ ഫാക്ടറികളും ഭൂഗര്‍ഭജലം ഊറ്റുന്നത് ഉടന്‍ നിര്‍ത്തണം. ഗംഗാ ശുചീകരണ പദ്ധതിക്കായി നിലവില്‍ അനുവദിച്ച 7,000 കോടിയില്‍ കൂടുതല്‍ തുക ഇതിനായി അനുവദിക്കരുതെന്നും നിര്‍ദേശിച്ചു.  1985ല്‍ എം സി മേത്തയെന്ന വ്യക്തി സുപ്രിംകോടതിയില്‍ ഇതുസംബന്ധിച്ചു നല്‍കിയ പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തിലാണ് വിധി. 2014ല്‍ കോടതി ഹരജി ദേശീയ ഹരിത ട്രൈബ്യൂണലിലേക്ക് കൈമാറുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക