|    Oct 19 Thu, 2017 7:40 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗംഗാ നദി നീന്തിക്കടക്കാന്‍ 11കാരിയുടെ സാഹസിക ഉദ്യമം

Published : 30th August 2016 | Posted By: SMR

കാണ്‍പൂര്‍: പത്തുദിവസം കൊണ്ട് 550 കിലോമീറ്റര്‍ ഗംഗാ നദി നീന്തിക്കയറാന്‍ ഒരുങ്ങി 11കാരി. ഗംഗാനദി ശുചീകരണം എന്ന സന്ദേശമുയര്‍ത്തിയാണ് ശ്രദ്ധ ശുക്ല എന്ന ഒമ്പതാം ക്ലാസുകാരിയുടെ സാഹസിക ഉദ്യമം. കാണ്‍പൂര്‍ മുതല്‍ വാരണാസി വരെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇതിനകം ശ്രദ്ധ 150 കിലോമീറ്റര്‍ നീന്തിക്കഴിഞ്ഞു. ഒരു ദിവസം ഏഴു മണിക്കൂറാണ് ശ്രദ്ധ നീന്തുന്നത്. ശുചിത്വ ഗംഗാ യജ്ഞത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനോടൊപ്പം അടുത്ത ഒളിംപിക്‌സില്‍ നീന്തല്‍ മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നതും ഈ പതിനൊന്നുകാരിയുടെ സ്വപ്‌നമാണ്. മുങ്ങല്‍ വിദഗ്ധനായ പിതാവ് ലളിത് ശുക്ലയുടെ മേല്‍നോട്ടത്തിലാണ് ശ്രദ്ധയുടെ പ്രകടനം.
പിതാവിനു കീഴില്‍ രണ്ടു വയസ്സു മുതല്‍ നീന്തല്‍ പരിശീലിക്കുന്ന ശ്രദ്ധ 2014ല്‍ തന്റെ ഒമ്പതാം വയസ്സില്‍ കാണ്‍പൂര്‍ മുതല്‍ അലഹാബാദ് വരെ നീന്തിയിട്ടുണ്ട്. ഒരാഴ്ചക്കാലമാണ് അന്ന് നീന്തിയത്. ദേശീയ കായിക ദിനത്തിലാണ് തന്റെ ഗംഗാ യജ്ഞം ആരംഭിച്ചത്. അച്ഛന്റെ നേതൃത്വത്തില്‍ എട്ടു മുങ്ങല്‍ വിദഗ്ധരും ഡോക്ടറും രണ്ടു ഷൂട്ടര്‍മാരുമടക്കം 10 അംഗ സംഘം ശ്രദ്ധയ്‌ക്കൊപ്പമുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി മല്‍സ്യബന്ധന വലയുടെ ഒരു കവചവും കുട്ടിക്കു ചുറ്റും ഒരുക്കി. ഗംഗയില്‍ ചിലയിടങ്ങളില്‍ കാണപ്പെടുന്ന മുതലകളുടെ ആക്രമണം ഭയന്നാണിത്. മറ്റു അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനാണ് ഷൂട്ടര്‍മാര്‍.
പ്രകടനം ഉടനീളം ചിത്രീകരിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്കു സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. ഇതിലൂടെ അടുത്ത ഒളിംപിക്‌സ് എന്ന ശ്രദ്ധയുടെ ലക്ഷ്യം കൈവരിക്കുന്നതിന് സാമ്പത്തിക സഹായമടക്കം നേടാനാവുമെന്നു പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമീപിക്കാനും പദ്ധതിയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക