|    Nov 13 Tue, 2018 3:54 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഖുലഫാഇ റാഷിദീന്‍ മസ്ജിദ്: എന്‍ഐഎ വാദം പൊളിഞ്ഞു

Published : 2nd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഹരിയാനയിലെ പല്‍വാലില്‍ മസ്ജിദ് നിര്‍മിക്കുന്നതിനു ഭീകരസംഘടനയുടെ പണം ഉപയോഗിച്ചു എന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ വസ്തുതാന്വേഷണ സംഘം കണ്ടെത്തി.
പല്‍വാല്‍ ജില്ലയിലെ ഉത്താവര്‍ ഗ്രാമത്തിലുള്ള ഖുലഫാഇ റാഷിദീന്‍ മസ്ജിദ് നിര്‍മിച്ചത് പാകിസ്താനിലെ ലശ്കറെ ത്വയ്യിബയുടെ സാമ്പത്തിക സഹായത്തോടെയാണെന്ന് രണ്ടാഴ്ച മുമ്പ് എന്‍ഐഎ ആരോപിച്ചിരുന്നു. ഫണ്ട് സ്വീകരിച്ചിരുന്നുവെന്നാരോപിച്ച് പ്രദേശത്തെ ഏതാനും മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍, എന്‍ഐഎയുടെ ആരോപണം ഗ്രാമത്തലവനും പ്രദേശത്തെ ജനങ്ങളും തള്ളിക്കളഞ്ഞു. സത്യം കണ്ടെത്തുന്നതിന് വേണ്ടി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും ഡിഎംസി ഉപദേശകനുമായ ഉവൈസ് സുല്‍ത്താന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. പോലിസ്, പ്രദേശിക ഭരണകൂടം, പ്രദേശത്തെ ജനങ്ങള്‍, എന്‍ഐഎ അറസ്റ്റ് ചെയ്തവരുടെ കുടുംബങ്ങള്‍ എന്നിവരെ സന്ദര്‍ശിച്ചാണ് കമ്മിറ്റി വിവരങ്ങള്‍ ശേഖരിച്ചത്.
എന്നാല്‍, എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തതുപോലെ, ഖുലഫാഇ റാഷിദീന്‍ മസ്ജിദിന്റെ നിര്‍മാണത്തിന് ഭീകര സംഘടനയുടെ സഹായം ലഭിച്ചതായുള്ള യാതൊരു തെളിവും കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചില്ലെന്ന് ഉവൈസ് പറഞ്ഞു. ഒക്ടോബര്‍ 20ന് ആണ് മസ്ജിദ് നില്‍ക്കുന്ന പ്രദേശം സംഘം സന്ദര്‍ശിച്ചത്. മസ്ജിദിന്റെയും അനുബന്ധ മദ്‌റസയുടെയും നിര്‍മാണത്തിന് 10 ഏക്കര്‍ സ്ഥലം സംഭാവനചെയ്തതില്‍ പ്രദേശത്തെ മുസ്‌ലിംകളോടൊപ്പം ഹിന്ദുക്കളും ഉള്‍പ്പെടുന്നു.
വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാരോപിക്കപ്പെടുന്ന സല്‍മാന്‍ ന്യൂഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഏരിയയില്‍ താമസിക്കുന്നയാളാണ്. ഇയാള്‍ ദുബയിലെ ഒരു പാക് സ്വദേശിയുമായി സ്ഥിരമായി ബന്ധപ്പെടാറുണ്ടെന്ന് പറയപ്പെടുന്നു. പാക് സ്വദേശി ഫലാഹി ഇന്‍സാനിയ്യത്ത് ഫൗണ്ടേഷന്റെ (എഫ്‌ഐഎഫ്) ഉപമേധാവിയുമായി ബന്ധമുള്ളയാളാണ്. എന്നാല്‍, സല്‍മാന്‍ മസ്ജിദ് നിര്‍മാണത്തിന് സംഭാവന നല്‍കിയത് തന്റെ ഗ്രാമത്തിലെ പൈതൃക സ്വത്ത് വിറ്റുകിട്ടിയ പണത്തില്‍ നിന്നാണെന്ന് ഉവൈസ് വ്യക്തമാക്കി. ഖുലഫാഇ റാഷിദീന്‍ മസ്ജിദ് തബ്‌ലീഗ് ജമാഅത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. എന്നാല്‍, ലശ്കറെ ത്വയ്യിബയും എഫ്‌ഐഎഫും സലഫി ചിന്താധാര പിന്തുടരുന്നവരാണ്. രണ്ട് സംഘടനകളും ഒരു തരത്തിലും യോജിച്ച് പോവാത്തവരാണെന്ന് ഉവൈസ് ചൂണ്ടിക്കാട്ടി.
ഫലാഹി ഇന്‍സാനിയത്ത് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഫണ്ടിങ് അന്വേഷിക്കുന്നതിന് ജൂലൈയില്‍ എന്‍ഐഎ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ നടപടിക്രമങ്ങളില്‍ ഉണ്ടായ വീഴ്ച സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് എഴുതുന്നതിന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനോട് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഭീകരതയുമായി ബന്ധപ്പെട്ട കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ സൂക്ഷ്മത പാലിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss