|    Apr 25 Wed, 2018 10:49 am
FLASH NEWS
Home   >  News now   >  

ഖുറൈശി പ്രമാണിമാരേക്കാള്‍ പ്രാമുഖ്യം വിശ്വാസിയായ അന്ധന്

Published : 17th June 2016 | Posted By: Imthihan Abdulla

ramadanപ്രവാചകന്‍ (സ) ഒരിക്കല്‍ ഖുറൈശി പ്രമാണിമാരായ അബൂലഹബ്, ഉമയ്യതുബ്‌നു ഖലഫ്, ഉബയ്യുബ്‌നു ഖലഫ് തുടങ്ങിയ ഖുറൈശി പ്രമുഖരോട് ഇസലാമിനെ പരിചയപ്പെടുത്തി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തന്‍ പ്രമാണിത്തവും അഹങ്കാരവും മാത്രം കൈമുതലായിട്ടുളളവരാണെങ്കിലും മക്കയുടെ കടിഞ്ഞാണ്‍ അവരുടെ കയ്യിലാണ്. അവരെ സംബന്ധിച്ച ഭീതിയാലാണ് മക്കയിലെ സാധാരണക്കാരില്‍ നല്ലൊരു പങ്കും ഇസ്‌ലാം സ്വീകരിക്കാന്‍ വൈമുഖ്യം കാണിക്കുന്നത്. ഈ പ്രമാണിമാരൊന്നാകെയോ അല്ലെങ്കില്‍ ചിലരെങ്കിലുമോ സത്യദീനിനെ ഉള്‍കൊളളാന്‍ തയ്യാറായാല്‍ ശൈശവ ദശയിലുളള ഇസലാമിക പ്രസ്ഥാനത്തിനത് വലിയ നേട്ടമായിരിക്കുമെന്ന് പ്രവാചകന്‍ കരുതി. അതിനാല്‍ തന്നെ അത്യധികമായ ഉത്സാഹത്തോടും ആവേശത്തോടും കൂടിയാണ് പ്രവാചകന്‍ അവരോട് സംസാരിച്ചു കൊണ്ടിരുന്നത്.
ഈ സമയത്താണ് പ്രവാചക പത്‌നി ഖദീജ(റ)യുടെ അമ്മാവിയുടെ മകനും അന്ധനുമായ അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം(റ) പ്രവാചക സന്നിധിയിലേക്കു കടന്നു വന്നത്. പ്രവാചകന്റെ ആദ്യ അനുചരന്‍മാരില്‍ പെട്ട ഒരാളായിരുന്നു അദ്ദേഹം.
അന്ധനായിരുന്നതിനാല്‍ സ്വാഭാവികമായും പ്രവാചകന്‍ ഖുറൈശീ നേതാക്കളോട് സംസാരിക്കുന്നത് അബ്ദുല്ലാഹിബ്‌നു മക്തൂം കണ്ടിരുന്നില്ല. അദ്ദേഹം നേരെ പ്രവാചകനരികില്‍ വന്ന് ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനമന്വേഷിച്ചു.
നബി(സ) പ്രവാചകനായതിനു ശേഷം തന്റെ മുഴുവന്‍ സമയവും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നീക്കി വെച്ചതാണ്. വിശ്വാസികള്‍ക്ക് എല്ലായ്‌പ്പോഴും അദ്ദേഹം പ്രാപ്യനുമാണ്. എന്നാല്‍ ഖുറൈശീ പ്രമാണിമാരെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വേളയില്‍ അബ്ദുല്ലാഹിബ്‌നു മക്തൂമിന്റെ വരവ് പ്രവാചകന് ഇഷ്ടപ്പെട്ടില്ല. ഖുറൈശി പ്രമുഖര്‍ ഇസലാമിലേക്കു വന്നാലുണ്ടാകാവുന്ന സാധ്യതകളായിരുന്നു അദ്ദേഹത്തിന്റെ മനസു നിറയെ. ഇബ്‌നു മക്തൂമിനെ പിന്നെയും പരിഗണിക്കാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. പ്രവാചകന്റെ മുഖത്തു നീരസം പ്രകടമായി. പ്രവാചകന്റെ ഈ നടപടിയെ നിശിതമായി വിമര്‍ശിച്ചും പ്രബോധന പ്രവര്‍ത്തനങ്ങളിലെ എക്കാലത്തെയും മുന്‍ഗണനാ ക്രമം പ്രവാചകനെയും വിശ്വാസികളെയും മാത്രമല്ല ശത്രുക്കളെക്കൂടി ബോധ്യപ്പെടുത്തി കൊണ്ട് ഖുര്‍ആന്‍ അവതരിച്ചു.

‘അദ്ദേഹം (പ്രവാചകന്‍) നെറ്റി ചുളിച്ച് തിരിഞ്ഞു കളഞ്ഞുവല്ലോ, ആ അന്ധന്‍ തന്നെ സമീപിച്ചതിന്റെ പേരില്‍, താങ്കള്‍ക്കെന്തറിയാം ഒരു വേള അയാള്‍ വിശുദ്ധിയാര്‍ജിച്ചേക്കാം. അഥവാ ഉപദേശം ശ്രദ്ധിക്കുകയും അതയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്‌തേക്കാം. എന്നാല്‍ സ്വയം പോന്നവനായി ചമയുന്നവനാരോ,അവനെയാണ് നീ ശ്രദ്ധിക്കുന്നത്. അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്? നിന്റെയടുക്കല്‍ ഓടിയെത്തുകയും (അല്ലാഹുവിനെ) ഭയപ്പെടുകയും ചെയ്യുന്നവനോ,അവനോട് നീ വിമ്മിട്ടം കാട്ടുന്നു. ഇത് ഒരിക്കലും പാടില്ല. ഇതൊരു ഉദ്‌ബോധനമാകുന്നു. ഇഷ്ടമുളളവര്‍ അത് സ്വീകരിക്കട്ടെ. ആദരണീയവും ഉന്നതവും പവിത്രവുമായ ഏടുകളിലായി മാന്യരും വിശുദ്ധരുമായ എഴുത്തുകാരുടെ കരങ്ങളില്‍ നിലകൊളളുന്നത്.
(വിശുദ്ധ ഖുര്‍ആന്‍ അധ്യയം 80 സൂറ അബസ 1-16)

മുന്‍ ലക്കങ്ങള്‍ താഴെ വായിക്കാം…

അബൂലഹബിന്റെ ധിക്കാരത്തിനേറ്റ പ്രഹരം

ആദര്‍ശത്തില്‍ വിട്ടു വീഴ്ചയില്ല

പരസ്യ പ്രബോധനത്തിന്റെ അലയൊലികള്‍

ഗുഹാ മുഖത്തവതരിച്ച ജ്ഞാനോദയം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss