|    Jun 25 Sun, 2017 12:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഖുറം പര്‍വേസ് ജയില്‍ മോചിതനായി

Published : 1st December 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീരില്‍ നിന്നുള്ള പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറം പര്‍വേസ് ജയില്‍ മോചിതനായി. വിവാദ നിയമമായ പൊതുസുരക്ഷാ നിയമം (പിഎസ്എ) പ്രകാരം 76 ദിവസം തടവില്‍ കഴിഞ്ഞ ശേഷമാണ് ഖുറം പര്‍വേസ് പുറത്തിറങ്ങുന്നത്. കഴിഞ്ഞദിവസം ജമ്മു കശ്മീര്‍ ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹം മോചിതനാവുന്നത്. പര്‍വേസിന്റെ തടങ്കല്‍ നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ചത്തെ കോടതി ഉത്തരവില്‍ ജസ്റ്റിസ് മുസഫര്‍ ഹുസയ്ന്‍ അത്താര്‍ വ്യക്തമാക്കിയിരുന്നു.
ഖുറം പര്‍വേസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മോചനത്തിനായി പ്രാദേശികതലത്തിലും ആഗോളതലത്തിലും പ്രചാരണം ഉയര്‍ത്തിക്കൊണ്ടു വന്നവരോട് നന്ദി പ്രകടിപ്പിക്കുന്നതായും അദ്ദേഹത്തിന്റെ സംഘടനയായ ജമ്മു കശ്മീര്‍ കോ-അലിഷന്‍ ഓഫ് സിവില്‍ സൊസൈറ്റി (ജെകെസിസിഎസ്) അറിയിച്ചു. പര്‍വേസ് ഇന്ന് ശ്രീനഗറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച തന്നെ പര്‍വേസിനെ മോചിപ്പിക്കാനുള്ള കോടതി ഉത്തരവ് പുറത്തുവന്നെങ്കിലും ഉത്തരവിലെ സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് തടവ് ഇന്നലെവരെ നീണ്ടത്. അതെസമയം, പര്‍വേസിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചിട്ടില്ലെന്നും ജമ്മു മീരാന്‍ സാഹിബിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ മാറ്റിയെന്നും ജെകെസിസിഎസ് പ്രസ്താവനയില്‍ പറഞ്ഞു. കശ്മീരിലെ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ പ്രമുഖനായ പര്‍വേസിന്റെ അറസ്റ്റ് ദേശീയ അന്താരാഷ്ട്രതലത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. കശ്മീരിലെ പ്രശ്‌നബാധിത മേഖലകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ പര്‍വേസിന്റെ ജെകെസിസിഎസ് വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
യുഎന്‍ മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജനീവയിലേക്ക് പോവാനിരിക്കെ സപ്തംബര്‍ 15ന് ശ്രീനഗറില്‍വച്ചാണ് അദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക