|    Nov 13 Tue, 2018 5:51 am
FLASH NEWS

ഖുര്‍ആന്‍ വെളിച്ചത്തിലേക്ക് നയിക്കുന്ന വേദഗ്രന്ഥം

Published : 1st June 2017 | Posted By: fsq

ഖുര്‍ആന്‍ എന്ന വാക്കിന്റെ അര്‍ഥം പാരായണം ചെയ്യപ്പെടുന്നത് എന്നാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണ്. 150 കോടിയിലേറെ ജനങ്ങള്‍ അതു വായിക്കുന്നു. 1400 വര്‍ഷമായി അത് ഇടവിടാതെ തുടര്‍ന്നുവരുന്നു. ഇനിയൊരിക്കലും അതിനു മുടക്കം വരുകയുമില്ല. ഖുര്‍ആന്‍ എത്ര തവണ വായിച്ചാലും മടുപ്പുണ്ടാവില്ല. ഓരോ വായനയും പുതിയ വായനയ്ക്കു പ്രേരിപ്പിക്കുന്നു. അത് ഹൃദിസ്ഥമാക്കിയവര്‍ അനേകലക്ഷമത്രേ.  ഖുര്‍ആന്‍ ദൈവികമാണ്; ആശയമെന്നതുപോലെ ഭാഷയും. ദൈവത്തിന്റെ അന്ത്യദൂതനായ മുഹമ്മദിലൂടെയാണ് അത് അവതീര്‍ണമായത്. അതു മനുഷ്യനു വിജയപാത കാണിച്ചുകൊടുക്കുന്നു. അംഗീകരിക്കുന്നവരെ നേര്‍വഴിക്കു നടത്തുന്നു. ഇരുളകറ്റി പ്രകാശം പരത്തുന്നു. ഐഹികക്ഷേമവും പരലോകരക്ഷയും ഉറപ്പുവരുത്തുന്നു. ഖുര്‍ആന്റെ ഭാഷ അത്യാകര്‍ഷകമാണ്. ശൈലി ആര്‍ക്കും അനുകരിക്കാനാവാത്തതും പദഘടന വായനക്കാരെ പിടിച്ചിരുത്തുന്നതുമാണ്. അതിന്റെ ഉള്ളടക്കം അനുവാചകരില്‍ ഉള്‍ക്കിടിലമുണ്ടാക്കുന്നു. ഹൃദയങ്ങളില്‍ പ്രകമ്പനം സൃഷ്ടിക്കുന്നു. മനസ്സുകളെ കാരുണ്യനിരതമാക്കുന്നു. കരളില്‍ കുളിരു പകരുന്നു. സിരകളില്‍ കത്തിപ്പടരുന്നു. മസ്തിഷ്‌കങ്ങളില്‍ മിന്നല്‍പ്പിണരുകള്‍ പോലെ പ്രഭപരത്തുന്നു. അങ്ങനെ അതവരെ അഗാധമായി സ്വാധീനിക്കുന്നു. പരിപൂര്‍ണമായി പരിവര്‍ത്തിപ്പിക്കുന്നു. വിശ്വാസം, ജീവിതവീക്ഷണം, ആചാരം, ആരാധന, അനുഷ്ഠാനം, സ്വഭാവം, പെരുമാറ്റം- എല്ലാറ്റിലും മാറ്റമുണ്ടാക്കുന്നു. വികാരം, വിചാരം, സ്വപ്‌നം തുടങ്ങി സകലതിനെയും നിയന്ത്രിക്കുന്നു. ശരീരത്തെ കരുത്തുറ്റതും മനസ്സിനെ സംസ്‌കൃതവും ആത്മാവിനെ ഉല്‍കൃഷ്ടവും ചിന്തയെ പക്വവും വിവേകത്തെ വികസിതവുമാക്കുന്നു. വിനയത്തിന്റെയും വിട്ടുവീഴ്ചയുടെയും വികാരങ്ങള്‍ വളര്‍ത്തുന്നു. സ്ഥൈര്യത്തിന്റെയും ക്ഷമയുടെയും പാഠങ്ങള്‍ അഭ്യസിക്കുന്നു. വിശ്വാസത്തെയും ജീവിതത്തെയും കൂട്ടിയിണക്കുന്നു. വാക്കുകളെയും കര്‍മങ്ങളെയും കോര്‍ത്തിണക്കുന്നു. വിപ്ലവത്തെയും വിമോചനത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിയില്‍ പെട്ടുഴലുന്ന മനുഷ്യന്റെ മുമ്പില്‍ അഭൗതിക ജ്ഞാനത്തിന്റെ അറകള്‍ തുറന്നുവയ്ക്കുന്നു. വ്യക്തിജീവിതം, കുടുംബഘടന, സമൂഹസംവിധാനം, സാമ്പത്തിക സമീപനം, രാഷ്ട്രീയ ക്രമം, ഭരണനിര്‍വഹണം തുടങ്ങി മുഴുമേഖലകളെയും ഖുര്‍ആന്‍ പുനസ്സംവിധാനിക്കുന്നു. വായിക്കാന്‍ ആവശ്യപ്പെട്ട് അവതീര്‍ണമായ ഗ്രന്ഥമാണത്. അതിന്റെ അകം അറിവിന്റെ അതിരുകളില്ലാത്ത ലോകമാണ്. ഏതു സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കുമത് പരിഹാരം നിര്‍ദേശിക്കുന്നു. സത്യം, സമത്വം, സാഹോദര്യം, നീതി, ന്യായം, യുദ്ധം, സന്ധി- എല്ലാറ്റിനെയും ദിവ്യവെളിച്ചത്തില്‍ വിലയിരുത്തുന്നു. മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, അയല്‍ക്കാര്‍, അനാഥര്‍, അഗതികള്‍, തൊഴിലാളികള്‍, തൊഴിലുടമകള്‍, ഭരണാധികാരികള്‍, ഭരണീയര്‍- എല്ലാവര്‍ക്കുമിടയിലെ പരസ്പരബന്ധം എവ്വിധമാവണമെന്ന് നിര്‍ദേശിക്കുന്നു. ഓരോരുത്തരുടെയും അവകാശ-ബാധ്യതകള്‍ നിര്‍ണയിക്കുന്നു. അതില്‍ ഇടം കിട്ടാത്ത ഇടപാടുകളില്ല. വിശകലനം ചെയ്യാത്ത വിഷയങ്ങളില്ല. എല്ലാറ്റിലും ഏറ്റവും ശരിയായത് കാണിച്ചുതരുന്നു. പരമമായ സത്യത്തിലേക്ക് വഴിനടത്തുന്നു. ഖുര്‍ആന്‍ ജീവിതത്തെയും മരണത്തെയും ബന്ധിപ്പിക്കുന്നു. ഇഹലോകത്തെയും പരലോകത്തെയും കൂട്ടിയിണക്കുന്നു. കാലം കണ്ട ഏറ്റവും കരുത്തുറ്റ വിപ്ലവം സൃഷ്ടിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. അന്ധവിശ്വാസികളെ സത്യവിശ്വാസികളും നിരക്ഷരരെ സാക്ഷരരും പ്രാകൃതരെ പരിഷ്‌കൃതരും കാട്ടാളരെ നാഗരികരും പരുഷപ്രകൃതക്കാരെ പരമദയാലുക്കളും ക്രൂരന്‍മാരെ കരുണാര്‍ദ്രരും പരാക്രമികളെ പരോപകാരികളും ഭീരുക്കളെ ധീരരും കിരാതരെ സ്‌നേഹമയരുമാക്കി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അറുതി വരുത്തി. സാമൂഹിക ഉച്ചനീചത്വവും സാംസ്‌കാരിക ജീര്‍ണതയും രാഷ്ട്രീയ അടിമത്തവും ധാര്‍മികത്തകര്‍ച്ചയും സാമ്പത്തിക ചൂഷണവും ഇല്ലാതാക്കി. അടിമകളുടെയും അധഃസ്ഥിതരുടെയും നില മെച്ചപ്പെടുത്തു. അഗതികള്‍ക്കും അനാഥര്‍ക്കും അവശര്‍ക്കും അശരണര്‍ക്കും ആശ്വാസമേകി. സ്ത്രീകളുടെ പദവി ഉയര്‍ത്തി. കുട്ടികള്‍ക്ക് മുന്തിയ പരിഗണന നല്‍കി. തൊഴിലാളികള്‍ക്ക് മാന്യത നേടിക്കൊടുത്തു. പാവപ്പെട്ടവര്‍ക്ക് പരിരക്ഷ നല്‍കി. ഖുര്‍ആന്‍ വ്യക്തി ജീവിതത്തെ വിശുദ്ധവും കുടുംബഘടനയെ ഭദ്രവും സമൂഹത്തെ സംസ്‌കൃതവും രാഷ്ട്രത്തെ ക്ഷേമപൂര്‍ണവും ലോകത്തെ പ്രശാന്തവുമാക്കി. നിസ്തുലമായ സാംസ്‌കാരിക-നാഗരികതകള്‍ക്ക് ജന്മമേകി. സമകാലിക ലോകം ഉയര്‍ത്തുന്ന സമസ്ത പ്രശ്‌നങ്ങള്‍ക്കും ദൈവിക പരിഹാരം നിര്‍ദേശിക്കുന്ന ഖുര്‍ആന്‍ മനുഷ്യരാശിയെ അതിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു. ’”ഈ ഖുര്‍ആനെ നാം ഉദ്‌ബോധനത്തിന്റെ ലളിത മാധ്യമമാക്കിയിരിക്കുന്നു. ഉദ്‌ബോധനം സ്വീകരിക്കാന്‍ സന്നദ്ധരായി ആരെങ്കിലുമുണ്ടോ?” (54:17).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss