|    May 25 Fri, 2018 8:52 am
FLASH NEWS
Home   >  Opinion   >  

ഖുര്‍ആന്റെ അവതരണ പശ്ചാത്തലം

Published : 24th January 2016 | Posted By: TK

 

അക്ഷരജ്ഞാനമില്ലാത്ത ഒരു സമൂഹത്തിനു മുമ്പില്‍ ഒറ്റയടിക്ക് ഒരു ഗ്രന്ഥം അവതരിപ്പിച്ചാല്‍ അത് ഉള്‍ക്കൊള്ളാനാവുകയില്ല. ഒരു പുതിയ ആദര്‍ശ സമൂഹത്തെ ഒറ്റയടിക്ക് രൂപപ്പെടുത്തിയെടുക്കുവാന്‍ സാധ്യമാവുകയില്ല, മനുഷ്യ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് സംഭവിക്കുന്നവയല്ല. അവയ്ക്ക് ഒറ്റയടിക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നത് പ്രായോഗികവുമല്ല. അതുകൊണ്ട്തന്നെ സന്ദര്‍ഭാനുസൃതമായ ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണം അനിവാര്യമായിത്തീരുന്നു.


 

quran3

 

ഇഎന്‍ ഇബ്രാഹിം

 

നുഷ്യ സമൂഹത്തിന്റെ സന്മാര്‍ഗ്ഗ പ്രാപ്തിക്കായും അതുവഴി ഇഹപര വിജയത്തിനായും അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ‘ഖുര്‍ആന്‍’ ഒരു അറബി പദമാണ്. വായിക്കുക, ശേഖരിക്കുക, സമാഹരിക്കുക എന്നിങ്ങനെ അര്‍ത്ഥം പറയാവുന്ന ഖിറാഅത്ത് എന്ന പദത്തില്‍നിന്നോ, കൂട്ടിച്ചേര്‍ക്കുക എന്ന് അര്‍ത്ഥമുള്ള ഖര്‍ന് എന്ന പദത്തില്‍നിന്നോ ആവാം ഈ പദത്തിന്റെ വ്യുല്‍പത്തി.

 

അവതരണ രീതി

ദിവ്യ വേദങ്ങള്‍ എന്നോ ആകാശ വേദങ്ങള്‍ എന്നോ പറയപ്പെടുന്ന ഖുര്‍ആന്‍, തോറഃ (തൗറാത്ത്), സങ്കീര്‍ത്തനം (സബൂര്‍), സുവിശേഷം (ഇന്‍ജീല്‍) തുടങ്ങിയുള്ളവ പ്രവാചകന്മാര്‍ക്കാണ് അവതരിച്ചുകിട്ടിയത്. ഖുര്‍ആനെയും ഇതരവേദങ്ങളെയും വ്യത്യസ്തമാക്കുന്നത് പ്രധാനമായും അവയുടെ അവതരണ രീതിയാണ്. ഇതരവേദങ്ങള്‍ ഒറ്റത്തവണയായാണെങ്കില്‍ ഖുര്‍ആന്‍ ഖണ്ഡശഃയായാണ് അവതരിച്ചത്. പ്രതിയോഗികള്‍ പ്രവാചകനോട് ചോദിക്കുന്ന ഒരു ചോദ്യവും, അതിന് നല്‍കയ മറുപടിയും ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് കാണുക: ‘എന്തേ ഈ ഖുര്‍ആന്‍ അവന് ഒറ്റത്തവണയായി അവതരിപ്പിച്ചു കൊടുത്തില്ല? അങ്ങനെമാത്രം നിനക്ക് മനഃസ്ഥൈര്യം നല്‍കാന്‍. (25:32).
ഒറ്റത്തവണയായല്ല, പല തവണയായാണ് ഖുര്‍ആന്‍ അവതരിച്ചത്. പ്രവാചകന് മനഃസ്ഥൈര്യം ലഭിക്കുകയായിരുന്നു അതിന്റെ താല്‍പര്യമെന്നത്രെ ‘അങ്ങനെ മാത്രം’ എന്ന് പറഞ്ഞു കൊണ്ട് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. ഖുര്‍ആന്‍ ഖണ്ഡശഃയായാണ് അവതരിച്ചത് എന്നത് മാത്രമല്ല, ഇതരവേദങ്ങള്‍ ഒറ്റത്തവണയായാണ് അവതരിച്ചത് എന്നു കൂടിയാണ് ഈ വചനം സ്ഥാപിക്കുന്നത്. വേറെയും ഇടങ്ങളില്‍ ഖുര്‍ആന്‍ അതിന്റെ ഈ അവതരണ രീതിയെപ്പറ്റി പറയുന്നുണ്ട്.
അല്‍ഫുര്‍ഖാന്‍: 32-ാം സൂക്തത്തിന് ശഹീദ് സയ്യിദ് ഖുതുബ് നല്‍കിയ വിവരണം ഇങ്ങനെ: ‘ഒരു ജനപഥത്തെ വളര്‍ത്തിയെടുക്കാനും ഒരു സമൂഹത്തെ സൃഷ്ടിക്കാനും ഒരു വ്യവസ്ഥിതി സ്ഥാപിക്കാനുമാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത്. ഏതൊരു സമൂഹത്തെയും പാകപ്പെടുത്തിയെടുക്കാന്‍ ഒരു ദര്‍ശനവും ഒരു കര്‍മ്മപദ്ധതിയും ഒരു കാലയളവും വേണ്ടിവരും. ഒരു മുന്നേറ്റവും ഒരു പ്രയോഗവും ആവശ്യമായി വരും. ഒരു ദര്‍ശനത്തിന്റെ പ്രമാണരേഖ മുഴുവന്‍ ഒരു ദിവസംകൊണ്ട് വായിച്ചുതീര്‍ത്താല്‍ മാറുന്നതല്ല മനുഷ്യന്റെ മനോഭാവം. പടിപടിയായി മാത്രമെ പ്രസ്തുത ദര്‍ശനത്തിന്റെ സ്വാധീനത്തില്‍ മനുഷ്യമനസ്സകപ്പെടൂ. അതിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ അവന്‍ ശീലിക്കൂ. സങ്കീര്‍ണ്ണമായൊരു ഭാരം ഏല്‍പിക്കപ്പെടുമ്പോള്‍ എന്നപോലെ പിന്നെയവന്റെ മനസ്സ് കുതറി മാറുകയില്ല. ഓരോ ദിവസവും ഊര്‍ജ്ജം സംഭരിച്ച് വരുംദിവസം കൂടുതല്‍ വീര്യം നേടാനുള്ള സന്നദ്ധത കൈവരിക്കും. സംവേദനക്ഷമതയും ആസ്വാദനക്ഷമതയും അതിന് അധികരിക്കും.
വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണമായൊരു ജീവിത പദ്ധതിയാണ്. മനുഷ്യന്റെ പ്രകൃതിക്കിണങ്ങിയ പ്രമാണവുമാണ്. പിറവിയെടുത്ത ശേഷം വളര്‍ച്ചയുടെ വഴിയിലായിരുന്ന ഇസ്‌ലാമിക സമൂഹത്തിന്റെ ജീവത്തായ ആവശ്യങ്ങള്‍ക്കും ദൈവികമായ ശിക്ഷണ പദ്ധതിയുടെ തണലില്‍ പടിപടിയായി വികസിക്കാനുള്ള അതിന്റെ സന്നദ്ധകതയ്ക്കുമനുസരിച്ച് ക്രമപ്രവൃദ്ധമായിട്ടാണ് ഖുര്‍ആന്‍ അവതരിച്ചത്.
എന്താണ് ശിക്ഷണമെന്നും എങ്ങനെയാണവര്‍ ജീവിക്കേണ്ടതെന്നും പഠിപ്പിക്കുന്ന പ്രമാണമാണത്. ആസ്വാദനം ലക്ഷ്യം വെച്ചോ വിജ്ഞാന സമ്പാദനം മുന്നില്‍ കണ്ടോ വായിച്ചു തീര്‍ക്കാനുള്ള ഒരു ഗ്രന്ഥമല്ല, ഓരോ അക്ഷരവും ഓരോ നിര്‍ദ്ദേശവും നടപ്പില്‍ വരുത്താനാണ് അത് അവതരിച്ചത്.

quran-1വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളെല്ലാം ദൈനംദിനം അനുസരിക്കേണ്ട ശാസനകളാണ്. സ്വായത്തമാക്കുന്നതോടൊപ്പം മുസ്‌ലിംകള്‍ പ്രാവര്‍ത്തികമാക്കേണ്ട അറിവുകള്‍. താല്‍പര്യത്തോടും ആര്‍ജ്ജവത്തോടും കൂടി ഒരു യോദ്ധാവ് അവന്റെ സൈനിക ക്യാമ്പില്‍നിന്നോ പരേഡ് ഗ്രൗണ്ടില്‍നിന്നോ ദൈനംദിന കമാന്റുകള്‍ സ്വീകരിക്കുകയും അതേപടി നടപ്പിലാക്കുകയും ചെയ്യുന്നതുപോലെ.
ഇതുകൊണ്ടൊക്കെയാണ് ഖുര്‍ആന്‍ ഘട്ടം ഘട്ടമായി അവതരിച്ചത്. ആദ്യമേ അത് അതിന്റെ സത്യസരണി പ്രവാചകന്റെ ഹൃദയത്തിനു മുന്നില്‍ തുറന്നിടുകയാണ്. എന്നിട്ടാ സത്യസരണിയില്‍ തിരുഹൃദയത്തെ ഉറപ്പിച്ചു നിര്‍ത്തുകയാണ്. യാത്രയുടെ ഓരോ ഘട്ടത്തിലും അവസരോചിതമായ നിര്‍ദ്ദേശങ്ങള്‍ വായിച്ചുകൊടുക്കുകയാണ്.
സമൂഹത്തിന്റെ കുതിപ്പില്‍ ഓരോ ഘട്ടത്തിലും അനുയോജ്യമായ ശിക്ഷണ ശീലങ്ങള്‍ നല്‍കുകയുമായിരുന്നു ഈ അവതരണ രീതി കൈകൊണ്ടതിന്റെ താല്‍പര്യം എന്നാണ് സയ്യിദ് ഖുതുബിന്റെ ഈ വാക്കുകള്‍ സമര്‍ത്ഥിക്കുന്നത്.

 

കാരണമുള്ളവയുംഇല്ലാത്തവയും
ഖുര്‍ആന്‍ അവതരണത്തിന് രണ്ട് രീതികളുണ്ടെന്ന് കാണാം. പ്രത്യേക പശ്ചാത്തലമില്ലാതെയുള്ള ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണമാണ് ഒരു രീതി. മനുഷ്യന്റെ മാര്‍ഗ്ഗദര്‍ശനം മാത്രം ഉദ്ദേശിച്ച് അവതരിച്ചതാണവ. ഖുര്‍ആന്റെ സിംഹഭാഗവും ആ ഇനത്തിലാണ് ഉള്‍പ്പെടുന്നത്. നബിക്ക് പ്രവാചകത്വം ലഭിച്ച ആദ്യഘട്ടത്തില്‍ അവതരിച്ച ഭാഗം ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. സൂറത്തുല്‍ അലഖിലെ ആദ്യ അഞ്ച് സൂക്തങ്ങള്‍ ഉദാഹരണം. പ്രത്യേക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സൂക്തങ്ങളുടെ അവതരണമാണ് രണ്ടാമത്തെ രീതി. പ്രവാചക കാലത്തെ പുതിയ സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള വിധികള്‍, പ്രവാചകന്റെ മുന്നില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ എന്നിവയുടെ അവതരണം ഈ രീതിയിലാണുണ്ടായിട്ടുള്ളത്. ചില ഉദാഹരണങ്ങള്‍ പറയാം:
1) മദീനയിലെ രണ്ട് പ്രധാന ഗോത്രങ്ങളായിരുന്നു ഔസും ഖസ്‌റജും. ദീര്‍ഘകാലം ശത്രുക്കളായി കഴിഞ്ഞുപോന്ന ഈ രണ്ട് ഗോത്രങ്ങളെയും കൂട്ടിയിണക്കിയത് ഇസ്‌ലാമാണ്. ഇരുഗോത്രങ്ങളും തമ്മിലുള്ള ഐക്യം യഹൂദര്‍ക്ക് സഹിക്കാവുന്ന ഒന്നായിരുന്നില്ല. അവര്‍ ഔസിനെയും ഖസ്‌റജിനെയും വൈരികളാക്കാന്‍ കൊണ്ടുശ്രമിച്ചു. ഈ ഗോത്രങ്ങള്‍ക്കിടയില്‍ പണ്ട് നിലനിന്നിരുന്ന പക ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് യഹൂദര്‍ അത് സാധിച്ചത്. ഇരു ഗോത്രങ്ങളും ഒരിക്കല്‍കൂടി പരസ്പരം വാളോങ്ങുന്നിടത്തോളമെത്തി. വിവരമറിഞ്ഞ പ്രവാചകന്‍ അവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ആലു ഇംറാന്‍ അധ്യായത്തിലെ 100 മുതല്‍ ഏതാനും സൂക്തങ്ങള്‍ അവതരിച്ചത്.
2) നിഷിദ്ധമാക്കും മുമ്പ് പ്രവാചക ശിഷ്യന്മാര്‍ മദ്യം കഴിച്ച് നമസ്‌ക്കരിക്കുമായിരുന്നു. ഒരിക്കല്‍ മദ്യപിച്ചുകൊണ്ട് അവരില്‍ ചിലര്‍ നമസ്‌ക്കരിച്ചു. നമസ്‌ക്കാരവേളയില്‍ അവര്‍ ഖുര്‍ആനിലെ 109ാം അദ്ധ്യായം തെറ്റുകളോടെയാണ് പാരായണം ചെയ്തത്. ‘നിഷേധികളേ, നിങ്ങള്‍ പൂജിക്കുന്നവയെ ഞാന്‍ പൂജിക്കുകയില്ല…’ എന്നതിന് പകരം ‘നിങ്ങള്‍ പൂജിക്കുന്നവയെ ഞാന്‍ പൂജിക്കും’ എന്ന് അവര്‍ പറഞ്ഞുപോയി. അപ്പോഴാണ് അന്നിസാഅ് അധ്യായത്തിലെ ‘വിശ്വാസികളെ ഉന്മാദികളായിരിക്കെ നമസ്‌ക്കരിക്കാന്‍ വരരുത്’ എന്നുള്ള സൂക്തം അവതരിച്ചത്.
3) പ്രവാചക ശിഷ്യന്മാര്‍ക്ക് ചില പ്രതീക്ഷകളുണ്ടായിരുന്നു. അത് അവര്‍ പ്രവാചകന്റെ മുന്നില്‍ ഉന്നയിക്കുമായിരുന്നു. ആ പശ്ചാത്തലത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതീര്‍ണ്ണമായിട്ടുണ്ട്. ഹസ്‌റത്ത് ഉമര്‍ ഒരു ഉദാഹരണം പറയുന്നുണ്ട്. മൂന്നു കാര്യങ്ങളില്‍ ഞാന്‍ എന്റെ നാഥനുമായി യോജിച്ചു. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഇബ്രാഹിമിന്റെ മഖാം നമസ്‌ക്കാര സ്ഥലമാക്കിയിരുന്നെങ്കില്‍! ഇബ്രാഹിമിന്റെ മഖാം നമസ്‌ക്കാര സ്ഥലമാക്കുക എന്ന നിര്‍ദ്ദേശം അവതരിച്ചത് അതിനെ തുടര്‍ന്നാണ്. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ വീട്ടിലേക്ക് ദുഷ്ടരും മറ്റും കടന്നു വരുന്നു. അതിനാല്‍ അവരോട് ഒരു മറ സ്വീകരിക്കാന്‍ ആജ്ഞാപിച്ചെങ്കില്‍! തുടര്‍ന്നാണ് മറ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന സൂക്തം അവതരിച്ചത്. പ്രവാചക ഭാര്യമാര്‍ രോഷം പ്രകടപ്പിച്ചു കൊണ്ട് അദ്ദേഹത്തിന് ചുറ്റും കൂടി. അപ്പോള്‍ ഞാന്‍ പറഞ്ഞു: പ്രവാചകന്‍ നിങ്ങളെ വിവാഹമോചനം നടത്തിയാല്‍തന്നെ അല്ലാഹു അദ്ദേഹത്തിന് ഉത്തമകളായ ഭാര്യമാരെ നല്‍കിയെന്നുവരും. തുടര്‍ന്ന് ഉമറിന്റെ അഭിപ്രായങ്ങള്‍ ശരിവെച്ചുകൊണ്ടുള്ള വേദവാക്യം അവതരിച്ചു.
4) ‘അവര്‍ നിന്നോട് ചോദിക്കുന്നു’ എന്ന വാചകവും അവയ്ക്ക് അല്ലാഹു നല്‍കിയ മറുപടിയും ഖുര്‍ആനില്‍ പതിനഞ്ചിടങ്ങളിലായി കാണാം. ഇത് പ്രത്യേക പശ്ചാത്തലത്തിലുള്ള ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണത്തിന്റെ മറ്റൊരു ഉദാഹരണമാണ്.
5) പ്രവാചകന് തന്നെയും ചില മര്യാദകള്‍ പഠിപ്പിക്കുന്നതാവാം മറ്റൊന്ന്. ആത്മാവ്, ഗുഹാവാസികള്‍, ദുല്‍ഖര്‍നൈന്‍ എന്നിവയെക്കുറിച്ചുള്ള ജനങ്ങളുടെ ചേദ്യത്തിനുള്ള പ്രവാചകന്റെ മറുപടി ‘നാളെ പറയാം’ എന്നായിരുന്നു.’വഹ്‌യ’നുസരിച്ച് പറയാം എന്നാണ് പ്രവാചകന്‍ ഉദ്ദേശിച്ചത്. എന്നാലും അത് തന്റെ പ്രസ്താവത്തോടൊപ്പം ചേര്‍ത്ത് പറയണമായിരുന്നു. അതുണ്ടായില്ല. പ്രവാചകന് അശ്രദ്ധ പിണയുകയുണ്ടായി. അദ്ദേഹം മറ്റാരെക്കാളും ജാഗരൂകനാവണമായിരുന്നു. ഈ കാര്യം അദ്ദേഹത്തെ പഠിപ്പിക്കേണ്ടതുണ്ട്.
ഒരിക്കല്‍ ‘നാളെ പറയാം’ എന്ന വാക്ക് പാലിക്കാന്‍ നബിക്ക് കഴിഞ്ഞില്ല. ഏതാനും നാള്‍ വഹ്‌യ് വൈകി എന്നതായിരുന്നു അതിന്റെ കാരണം. അത് പ്രവാചകനെ പിടിച്ചുലച്ചു. വാക്ക് പാലിക്കാന്‍ കഴിയാതെ പോയത്, ശത്രുക്കളുടെ പരിഹാസംത്തിന് വിധേയമായി. അല്ലാഹു തന്നെ കൈവെടിഞ്ഞുവോ എന്ന് അദ്ദേഹം ശങ്കിച്ചു. തുടര്‍ന്ന് പ്രവാചകനെ മാന്യമായ സമീപനം പഠിപ്പിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിച്ചു. ‘അല്ലാഹു ഉദ്ദേശിച്ചുവെങ്കില്‍’ (ഇന്‍ശാ അല്ലാഹ്) എന്ന് കൂടിപറഞ്ഞു കൊണ്ടല്ലാതെ അങ്ങനെ ചെയ്ത്കളയാം എന്ന് ഒരു കാരണവശാലും പഞ്ഞുപോവരുത്.’
ചില ഗുണഫലങ്ങള്‍
അക്ഷരജ്ഞാനമില്ലാത്ത ഒരു സമൂഹത്തിനു മുമ്പില്‍ ഒറ്റയടിക്ക് ഒരു ഗ്രന്ഥം അവതരിപ്പിച്ചാല്‍ അത് ഉള്‍ക്കൊള്ളാനാവുകയില്ല. ഒരു പുതിയ ആദര്‍ശ സമൂഹത്തെ ഒറ്റയടിക്ക് രൂപപ്പെടുത്തിയെടുക്കുവാന്‍ സാധ്യമാവുകയില്ല, മനുഷ്യ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് സംഭവിക്കുന്നവയല്ല. അവയ്ക്ക് ഒറ്റയടിക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നത് പ്രായോഗികവുമല്ല. അതുകൊണ്ട്തന്നെ സന്ദര്‍ഭാനുസൃതമായ ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണം അനിവാര്യമായിത്തീരുന്നു. ഈ അവതരണരീതിയുടെ ഫലങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1) ഖുര്‍ആന്റെ തത്വങ്ങള്‍ യഥോചിതം പ്രയോഗവല്‍ക്കരിക്കാന്‍ കഴിയുന്നു.
2) അവിശ്വാസിയെങ്കിലും നിഷ്പക്ഷത പാലിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്റെ പ്രായോഗികത മനസ്സിലാക്കാന്‍ ഈ രീതി സഹായിക്കുന്നു. അയാളുടെ മനം മാറ്റത്തിനും സന്മാര്‍ഗ്ഗപ്രാപ്തിക്കും അത് കാരണമായിത്തീരുന്നു.
3) ഖുര്‍ആനിക സൂക്തത്തിന്റെ ശരിയര്‍ത്ഥവും ആശയവും ഗ്രഹിക്കാന്‍ അവതരണ പശ്ചാത്തല വിവരണം സഹായകമാവുന്നു. സൂക്തങ്ങളുടെ ആശയം സമ്പൂര്‍ണ്ണമായി ഗ്രഹിക്കണമെങ്കില്‍ പശ്ചാത്തലം സംബന്ധിച്ചുള്ള അറിവ് അനിവാര്യമാണ്. ഇമാം വാഹിദിയുടെ അഭിപ്രായം ശ്രദ്ധിക്കുക. കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റെതത്രെ. നിങ്ങള്‍ എവിടേക്ക് തിരിഞ്ഞാലും അവിടെയെല്ലാം അല്ലാഹുവുണ്ട്.‘(അല്‍ ബഖറ: 115). അവതരണ പശ്ചാത്തലം മനസ്സിലാക്കിയിട്ടില്ലാത്ത ഒരാള്‍ക്ക് നാട്ടിലായാലും യാത്രയിലായാലും നമസ്‌ക്കാരത്തില്‍ ഏതു ഭാഗത്തേക്ക് തിരിഞ്ഞാലും കുഴപ്പമില്ലെന്നും കഅ്ബയെ അഭിമുഖീകരിക്കല്‍ നിര്‍ബന്ധമില്ലെന്നും തോന്നാം. യാത്രയിലെ സുന്നത്ത് നമസ്‌ക്കാരവുമായി ബന്ധപ്പെട്ടാണ് ഈ സൂക്തം അവതരിച്ചതെന്ന് ഗ്രഹിച്ചെങ്കിലേ സൂക്തത്തിന്റെ യഥാര്‍ത്ഥാശയം ഉള്‍ക്കൊള്ളാനാവൂ. ഖിബ്‌ലയുടെ ദിശയറിയാതെ നിര്‍ബന്ധ നമസ്‌ക്കാരം നിര്‍വ്വഹിച്ചവര്‍ക്കും അതിന്റെ ആനുകൂല്യം പറ്റാം. അത്രതന്നെ. എവിടെവെച്ചും മസ്ജിദുല്‍ ഹറാമിന് നേരെ തിരിയണം എന്നതിന് ഖുര്‍ആന്റെ ഖണ്ഡിത നിര്‍ദ്ദേശമുണ്ട്.

 

safa1സഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതത്രെ. അതിനാല്‍ ഹജ്ജോ ഉംറയോ നിര്‍വ്വഹിക്കുന്നവര്‍ അത് രണ്ടിനുമിടയില്‍ കറങ്ങുന്നത് തെറ്റല്ല. (അല്‍ബഖറ: 158) തെറ്റല്ല എന്ന വാക്ക് നിര്‍ബന്ധമില്ല എന്ന ധ്വനിയുള്‍ക്കൊള്ളുന്നുണ്ടെന്ന് തോന്നാം. യഥാര്‍ത്ഥത്തില്‍ സഫാ മര്‍വക്കിടയിലെ സഅ്‌യ് ഹജ്ജിന്റെയും ഉംറയുടെയും ഒരനിവാര്യ ഘടകമാണ്. അത്‌കൊണ്ടുതന്നെ അപ്പറഞ്ഞതിന്റെ യഥാര്‍ത്ഥാശയം ഉള്‍ക്കൊള്ളാന്‍ അതിന്റെ അവതരണ പശ്ചാത്തലം മനസ്സിലാക്കേണ്ടിവരുന്നു.
ഇസ്‌ലാമിന് മുമ്പ് ഈ രണ്ട് കുന്നുകളിലും രണ്ട് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്നു. സഫയില്‍ ‘ഇസാഫും’ മര്‍വയില്‍ ‘നാഇല’യും. ഇസ്‌ലാമിന് മുമ്പ് ഹജ്ജും ഉംറയും നിര്‍വ്വഹിക്കുമ്പോള്‍ ജനങ്ങള്‍ ഈ രണ്ട് വിഗ്രഹങ്ങളെയും തൊട്ട് വന്ദിക്കുമായിരുന്നു. ഇസ്‌ലാം സൃഷ്ടി പൂജയെ തീര്‍ത്തും തൂത്തെറിഞ്ഞപ്പോള്‍ ചില സഹാബിമാരെങ്കിലും സഫാ മര്‍വയ്ക്കിടയിലെ സഅ്‌യ് കുറ്റകരമായിരിക്കുമെന്ന് ധരിച്ചു. അവരെ തിരുത്തിക്കൊണ്ടാണ് ഈ സൂക്തം അവതരിച്ചിട്ടുള്ളത്. സഫാ മര്‍വക്കിടയിലെ സഅ്‌യ് കുറ്റമായി കാണരുതെന്ന് പറയുന്നത് ഈ പശ്ചാത്തലത്തിലാണ്.
പറയുക: എനിക്ക് ലഭിച്ച സന്ദേശത്തില്‍ ശവം, ഒഴുകുന്ന രക്തം, പന്നിമാംസം, അത് മ്ലേച്ഛമാണ്. അല്ലാഹുവല്ലാത്തവരുടെ പേരില്‍ നിവേദിച്ച ഭക്ഷ്യവസ്തു എന്നിവയല്ലാതെ ഒന്നുംതന്നെ ഭക്ഷിക്കുന്നവന് ഭക്ഷിക്കല്‍ നിഷിദ്ധമായതായി ഞാന്‍ കാണുന്നില്ല.’ (6: 145)

അവതരണ പശ്ചാത്തലം മനസ്സിലാക്കാതെ ഈ സൂക്തം പാരായണം ചെയ്യുന്ന ഒരാള്‍ക്ക് മേല്‍ വിവരിച്ച വസ്തുക്കള്‍ മാത്രമെ നിഷിദ്ധമായിട്ടുള്ളൂ, മറ്റെന്തും ഭക്ഷിക്കാം എന്നു തോന്നാം. യാഥാര്‍ത്ഥ്യമോ? അല്ലാഹു അനുവദിച്ചത് നിഷിദ്ധമായും അവന്‍ നിഷിദ്ധമാക്കിയത് അനുവദനീയമായും നിഷേധികള്‍ കൊണ്ടുനടന്ന ഒരു സാഹചര്യത്തിലാണ് ഈ സൂക്തം അവതരിക്കുന്നത്. മേല്‍പ്പറഞ്ഞ വസ്തുക്കളത്രയും അനുവദനീയമാണെന്ന് അവര്‍ അംഗീകരിച്ചുപോന്ന ഘട്ടത്തില്‍. അതിനാല്‍ തന്നെ ഈ വസ്തുക്കളത്രയും നിഷിദ്ധമാണെന്ന് പ്രസ്താവിക്കുകയാണ് ഈ സൂക്തം അവതരിച്ചതിന്റെ താല്‍പര്യം.
എങ്ങനെ അറിയാം
ഖുര്‍ആന്റെ അവതരണത്തിന് സാക്ഷികളായ സഹാബിമാര്‍ വഴിയായി ലഭിച്ച പ്രബല ഉദ്ധരണികളാണ് അവതരണ പശ്ചാത്തലം അിറയാനുള്ള ഏക മാര്‍ഗ്ഗം. സഹാബിമാര്‍ അത്തരം കാര്യങ്ങളില്‍ സ്വാഭിപ്രായം പ്രകടിപ്പിക്കുകയില്ല. അറിയാത്ത കാര്യം പറയുന്നത് ശ്രദ്ധിക്കുക. എന്റെ പേരില്‍ ബോധപൂര്‍വ്വം കള്ളം പറയുന്നവര്‍ നരകത്തില്‍ പാര്‍പ്പിടം ഉറപ്പിച്ചു കൊള്ളട്ടെ’ എന്നിങ്ങനെയുള്ള നബിയുടെ താക്കീതുകള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടവരാണ് സഹാബിമാര്‍. സഹാബിയല്ലാത്ത ഒരാള്‍ സഹാബിയെ ഉദ്ധരിക്കാതെ അവതരണ പശ്ചാത്തലം വിവരിച്ചാല്‍ അത് അസ്വീകാര്യമായിരിക്കും.
വിവരണ വൈവിധ്യം
അവതരണ പശ്ചാത്തല വിവരണത്തില്‍ വിവിധ ശൈലികള്‍ കാണാനാവും. ശൈലി വ്യത്യാസത്തിനൊത്ത് അവതരണത്തെക്കുറിച്ചുള്ള ഈടുറപ്പിലും വ്യത്യാസം വരും. ഒരു സൂക്തം പ്രത്യേകമായ ഒരു കാരണത്താലാണ് അവതരിച്ചതെന്ന് പറഞ്ഞാല്‍ അതില്‍ പിന്നെ വ്യാഖ്യാനത്തിന് പഴുതില്ല. ‘നബിയുടെ മുമ്പില്‍ ഒരു പ്രശ്‌നം ഉന്നയിക്കപ്പെട്ടു. ഉടനെ ഖുര്‍ആന്‍ അവതരിച്ചു.’ ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ അവതരണവുമായി ബന്ധപ്പെട്ട് ഈ ശൈലിയിലാണ് പറഞ്ഞതെങ്കില്‍ അവതരണ പശ്ചാത്തലം വ്യക്തമാണ്. എന്നാല്‍ ഒരു സംഭവത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു സൂക്തത്തിന്റെ അവതരണ കാരണം അതാണ് എന്ന ശൈലിയാണ് സ്വീകരിക്കുന്നതെങ്കില്‍ അത് പശ്ചാത്തല വിവരണമായി പരിഗണിക്കുകയില്ല. സാഹചര്യത്തെളിവ് കൂടിയുണ്ടെങ്കിലേ അവതരണ ഫശ്ചാത്തലത്തിന്റെ കൃത്യത ഉറപ്പിക്കാനാവൂ.

പശ്ചാത്തല ബഹുലത

ചിലപ്പോള്‍ ഒരേ സൂക്തത്തിന് ഒന്നിലധികം അവതരണ പശ്ചാത്തലങ്ങള്‍ ഉണ്ടാവാം. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രബലമായ വിവരണം ഏത്, എല്ലാം പ്രബലങ്ങളെങ്കില്‍ ഒരു പരാമര്‍ശത്തിന് പ്രത്യേകം പ്രാമുഖ്യം നല്‍കാവുന്ന ഏതെങ്കിലും ന്യായീകരണമുണ്ടോ എന്ന് പരിശോധിച്ച് വേണം ഒരു തീര്‍പ്പിലെത്താന്‍. എല്ലാ ഉദ്ധരണികളും തുല്യപരിഗണനയര്‍ഹിക്കുന്നെങ്കിലോ? പല കാരണങ്ങള്‍ ഒന്നിച്ച് ചേര്‍ന്നപ്പോഴാണ് നിശ്ചിത സൂക്തം അവതരിച്ചിട്ടുള്ളത് എന്നാവും നിര്‍ണ്ണയിക്കുന്നത്. ബുഖാരിയില്‍നിന്നും മുസ്‌ലിമില്‍നിന്നും ഉദ്ധരിക്കുന്ന, അള്ളുഹാ അധ്യായത്തിന്റെ അവതരണ പശ്ചാത്തല വിവരണം ശ്രദ്ധിക്കുക: നബിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഒന്നുരണ്ടു നാള്‍ അദ്ദേഹം പുറത്തിറങ്ങിയില്ല. ശത്രുനിരയിലെ ഒരു സ്ത്രീ വന്നു ചോദിച്ചു: ‘മുഹമ്മദേ, നിന്റെ ചെകുത്താന്‍ നിന്നെ കൈവെടിഞ്ഞെന്നാണ് തോന്നുന്നത്!’ ഈ ഘട്ടത്തിലാണ് അള്ളുഹാ അധ്യായം അവതരിച്ചത്.

തബ്‌റാനിയും ഇബ്‌നു അബീശൈബയും ഉദ്ധരിക്കുന്നത് ഇങ്ങനെ: ഒരു നായക്കുട്ടി പ്രവാചകന്റെ വീട്ടില്‍ കയറി. അത് കട്ടിലിന്നടിയില്‍ കിടന്ന് ചത്തു. നാല് നാള്‍ നബിക്ക് വഹ്‌യ് വരാതായി. ഖൗലഃ എന്ന ഭൃത്യയോട് നബി ചോദിച്ചു: പ്രവാചകന്റെ വീട്ടില്‍ എന്താണ് വിശേഷമുണ്ടായത്. ജിബ്‌രീല്‍ വരുന്നില്ലല്ലോ. ഖൗലഃ ആത്മഗതം ചെയ്തു. വീട്ടില്‍ പരിശോധന നടത്തി അവിടം അടിച്ചുവാരി വൃത്തിയാക്കാം. ചൂലെടുത്ത് കട്ടിലിന്‍ ചുവട്ടിലേക്ക് കുമ്പിട്ടപ്പോഴാണ് ചത്ത നായക്കുട്ടിയെ കണ്ടത്. ഖൗല അതിനെ പുറത്തെടുത്തു. തുടര്‍ന്ന് ജിബ്‌രീല്‍ വന്നു. അള്ളുഹാ അദ്ധ്യായം അവതരിച്ചു.
മേല്‍ക്കൊടുത്ത രണ്ട് വിവരണങ്ങളില്‍ ആദ്യം പറഞ്ഞതാണ് പ്രബലം. രണ്ടാമത്തേത് ദുര്‍ബലവും. നായക്കുട്ടി സംഭവത്തിന് യാതൊരു പ്രസക്തിയും ഇല്ലെന്നാണ് ഇബ്‌നുഹജര്‍ ഫത്ഹുല്‍ ബാരിയില്‍ പറയുന്നത്.
ചില അവസരങ്ങളില്‍ സംഭവ വിവരണങ്ങള്‍ എല്ലാം പ്രബലങ്ങളാണാവാം. എന്നാല്‍, ഒന്നിന് മറ്റേതിനെ അപേക്ഷിച്ച് പ്രാമാണികത നല്‍കാവുന്ന മറ്റൊരു തെളിവുകൂടിയുണ്ടെന്ന് വരാം. ദൃക്‌സാക്ഷിയുടെ വിവരണത്തിനാണ് അല്ലാത്ത ഒരാളുടെ വിവരണത്തെക്കാള്‍ സ്വീകാര്യത നല്‍കേണ്ടത്. 17:85 ാം സൂക്തത്തിന്റെ അവതരണ പശ്ചാത്തലം സംബന്ധിച്ചുള്ള വിവരണം ഉദാഹരണമായെടുക്കാം.
ഇമാം ബുഖാരി ഉദ്ധരിക്കുന്നു: ‘അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറഞ്ഞു: ‘ഞാന്‍ മദീനയില്‍ നബിയോടൊപ്പം നടക്കുകയാണ്. അവിടുന്ന് ഒരു ഈന്തപ്പനമടലിന്റെ തണ്ടില്‍ ഊന്നുന്നുണ്ട്. ഒരു പറ്റം യഹൂദരുടെ അരികില്‍ കൂടി അവിടുന്ന് കടന്നുപോയി. അവര്‍ പരസ്പരം പറയുന്നുണ്ടായിരുന്നു. ഇദ്ദേഹത്തോട് വല്ലതുമൊന്നു ചോദിച്ചിരുന്നെങ്കില്‍! തുടര്‍ന്ന് അവര്‍ പറഞ്ഞു: റൂഹ് സംബന്ധിച്ച് ഞങ്ങള്‍ക്ക് പറഞ്ഞു തരാമോ?
തുടര്‍ന്ന് നബി അവിടെ അല്‍പനേരം തലയുയര്‍ത്തിപ്പിടിച്ചു നിന്നു. അവിടത്തേക്ക് വഹ്‌യ് വരുന്നുണ്ടെന്ന് അപ്പോള്‍ ഞാന്‍ മനസ്സിലാക്കി. അവിടുന്ന് ഇപ്രകാരം പാരായണം ചെയ്തു: ‘പറയുക, റൂഹ് എന്റെ നാഥന്റെ കാര്യത്തില്‍പ്പെട്ടതാണ്. വിജ്ഞാനത്തില്‍ നിന്ന് തുച്ഛമേ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ.’
തിര്‍മുദി ഉദ്ധരിക്കുന്ന ഹദീസ് ഇപ്രകാരമാണ്: ‘ഇബ്‌നു അബ്ബാസ് പറഞ്ഞു: ഖുറൈശികള്‍ യഹൂദരോട് പറഞ്ഞു. ഈ മനുഷ്യനോട് ചോദിക്കാന്‍ പറ്റിയ വല്ലതും പറഞ്ഞു തരിക. അവര്‍ പറഞ്ഞു: അവനോട് റൂഹ് സംബന്ധിച്ച് ചോദിച്ച് നോക്കുക. അങ്ങനെ അവര്‍ ചോദിച്ചു: അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു: അവര്‍ നിന്നോട് റൂഹിനെക്കുറിച്ച് ചോദിക്കുന്നുവല്ലോ…’
ഈ രണ്ട് വിവരണങ്ങളില്‍ നിന്ന് ആദ്യത്തേത് ബുഖാരിയാണ് ഉദ്ധരിച്ചത്. രണ്ടാമത്തേത് തിര്‍മുദിയും. സൂക്തം അവതരിച്ചതും അതിന് പശ്ചാത്തലം ഒരുക്കിയതും മദീനയിലാണെന്നും താനതിന് സാക്ഷിയാണെന്നുമാണ് അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറയുന്നത്. ഇബ്‌നു മസ്ഊദ് അതിന് ദൃക്‌സാക്ഷിയാണുതാനും. സംഭവം മക്കയില്‍ വെച്ചാണെന്നത്രെ ഇബ്‌നു അബ്ബാസ് പറയുന്നത്. ഇവിടെ ഒന്നാമത്തെ വിവരണത്തിനാണ് പ്രാമാണികത. അതുതന്നെയാണ് സ്വീകാര്യയോഗ്യമായ വിവരണവും.
രണ്ട് വിവരണങ്ങളും തുല്യ പരിഗണനയര്‍ഹിക്കുന്നുവെങ്കില്‍, ഒന്നിന് മറ്റേതിനെക്കാള്‍ പ്രാമുഖ്യം നല്‍കാന്‍ പോന്ന കാരണം ഇല്ലെങ്കില്‍, അവതരണ പശ്ചാത്തലങ്ങള്‍ പലതാണെന്നു വരും. ഖുര്‍ആന്റെ ഒരു ഭാഗം അവതരിക്കാന്‍ ഒന്നിലധികം പശ്ചാത്തലങ്ങളുണ്ടാവാമെന്നത് സര്‍വ്വാംഗീകൃത തത്വമാണ്.
ഒരേ സൂക്തം വിവിധ പശ്ചാത്തലങ്ങളില്‍ പല തവണയായി അവതരിച്ചിരിക്കാനും സാധ്യതയുണ്ട്. ഒരേ പശ്ചാത്തലത്തില്‍ ഒന്നിലധികം സൂക്തങ്ങള്‍ മാത്രമല്ല അധ്യായം തന്നെയും അവതരിച്ചെന്നും വരാം.

പദപ്രയോഗം
ഖുര്‍ആന്റെ അവതരണ പശ്ചാത്തലം സംബന്ധിച്ചാണ് നാം ചര്‍ച്ചചെയ്യുന്നത്. ഖുര്‍ആനിലെയും ഹദീസിലെയും പദങ്ങള്‍ സംബന്ധിച്ച് നിദാന ശാസ്ത്രകാരന്മാര്‍ (ഉസൂലിയ്യൂന്‍) സഗൗരവം ചര്‍ച്ച ചെയ്തിട്ടുണ്ട്. ചില പദപ്രയോഗങ്ങള്‍ സാമാന്യമാവാം (ആം). മറ്റു ചിലത് സവിശേഷമാവാം (ഖാസ്വ്). വേറെ ചിലത് നിരുപാധികമാവാം (മുജ്മല്‍). ഇനിയും ചിലത് സോപാധികമാവാം (മുഖയ്യദ്). പദപ്രയോഗങ്ങള്‍ യഥാവിധി ഗ്രഹിച്ചില്ലെങ്കില്‍ നിയമ നിര്‍ദ്ധാരണം പാളിപ്പോവാം. വലിയ അബദ്ധങ്ങള്‍ സംഭവിക്കാം. ഖുര്‍ആന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലേക്കാണ് അത് നയിക്കുക. ഈ സാഹചര്യം വ്യക്തിയെയും സംഘങ്ങളെയും വിരട്ടുവാദങ്ങളിലേക്ക് കൊണ്ടുപോകാം. അത് നിയമനിര്‍മ്മാണത്തിന്റെ നൈരന്തര്യം നിലക്കാന്‍ കാരണമാക്കുന്നു. ഇസ്‌ലാമിനെ അപ്രസക്തമാക്കുന്നു. ഖുര്‍ആനും ഖുര്‍ആനിക വിജ്ഞാനീയങ്ങളും സമഗ്രമായും ഗഹനമായും പഠിച്ചിട്ടില്ലാത്തവര്‍ മുജ്തഹിദുകളായി അഭിനയിക്കരുത്. നിയമനിര്‍ദ്ധാരണം ഗൗരവപ്പെട്ട വിഷയമാണ്. യാതൊരു മാനദണ്ഡവുമില്ലാതെ നിയമനിര്‍ദ്ധാരണത്തെ കയ്യാളുന്നത് ഖുര്‍ആനെ അവഹേളിക്കുന്നതിന് തുല്യമാണ്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss