|    Dec 15 Sat, 2018 8:01 am
FLASH NEWS
Home   >  Districts  >  Alappuzha  >  

ഖുര്‍ആനെ സമീപിക്കുമ്പോള്‍

Published : 22nd May 2018 | Posted By: kasim kzm

മുഹമ്മദുല്‍ ഗസ്സാലി
ആദ്യ നൂറ്റാണ്ടുകളിലെ മുസ്‌ലിംകള്‍ ഖുര്‍ആന്‍ പാരായണശാസ്ത്രവും ഉച്ചാരണശാസ്ത്രവും പ്രാധാന്യത്തോടെ പഠിച്ചിരുന്നു. ഖുര്‍ആന്റെ സ്വരശബ്ദഘടനകള്‍ അവതീര്‍ണമായതുപോലെ സംരക്ഷിക്കാന്‍ അവര്‍ ശ്രമിച്ചു. ‘ഖറഅ്തു’ (ഞാന്‍ വായിച്ചു) എന്ന വാക്യം സാധാരണക്കാരന്‍ ഉരുവിടുമ്പോഴും കേള്‍ക്കുമ്പോഴും മനസ്സിലാക്കപ്പെടുന്നതിങ്ങനെയാണ്: ഒരു സന്ദേശം തനിക്ക് കൈവന്നു, അല്ലെങ്കില്‍ ഒരു ലിഖിതം തന്നിലെത്തിച്ചേര്‍ന്നു, പാരായണം ചെയ്തു, സാരം സ്പഷ്ടമായി. അല്ലാഹു പറയുന്നു: ‘നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള അനുഗൃഹീതമായ ഗ്രന്ഥം. അതിന്റെ സൂക്തങ്ങളെ അവര്‍ ഉറ്റാലോചിക്കാനും ബുദ്ധിയുള്ളവര്‍ ചിന്തിച്ച് ഉദ്ബുദ്ധരാവാനും വേണ്ടി.’ സാരമുള്‍ക്കൊള്ളാതെയും ബാഹ്യാര്‍ഥങ്ങള്‍ക്കപ്പുറവുമുള്ള തലങ്ങളിലേക്ക് ഊളിയിടാതെയുമുള്ള ഉപരിപ്ലവമായ പാരായണത്തില്‍ ഉദ്ബുദ്ധതയെവിടെ? അല്ലാഹു അടിമകളെ വിലക്കിയ സ്വഭാവം ഖുര്‍ആനെ സമീപിക്കുമ്പോള്‍ മുസ്‌ലിംകള്‍ പ്രകടിപ്പിക്കാന്‍ പാടില്ല. ഖുര്‍ആന്‍ പറയുന്നു: ‘അവരുടെ നാഥന്റെ സൂക്തങ്ങള്‍ കേള്‍പ്പിക്കപ്പെട്ടാല്‍ അതിനോടവര്‍ അന്ധരും ബധിരരുമായി വര്‍ത്തിക്കുന്നില്ല.’
മുസ്‌ലിംകള്‍ ഖുര്‍ആനോട് സ്വീകരിച്ചിരിക്കുന്ന നിലപാട് മറ്റു സമൂഹങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാവണം അന്താരാഷ്ട്ര റേഡിയോ സര്‍വീസുകള്‍ ഖുര്‍ആന്‍ പ്രക്ഷേപണത്തിനു സമയം നീക്കിവയ്ക്കുന്നത്. ബിബിസി ഖുര്‍ആന്‍ പാരായണം കൊണ്ടാണ് ദിനപരിപാടികള്‍ ആരംഭിക്കാറ്. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഇസ്രായേല്‍ റേഡിയോയും ഖുര്‍ആന്‍ പ്രക്ഷേപണം ചെയ്യുന്നുണ്ടാവണം. കേവലം ശ്രോതാക്കളാവുകയെന്നല്ലാതെ ചിന്തിക്കാന്‍ തുനിയാത്ത ഉമ്മത്തിന്റെ അവസ്ഥയില്‍ അവര്‍ സംതൃപ്തരാണ്. സ്വപ്‌നങ്ങളില്‍നിന്നു ശരീഅത്തിന്റെ വിധികള്‍ സൃഷ്ടിച്ചെടുക്കാനാവില്ലെന്നത് സുവ്യക്തമായ കാര്യമാണ്.
ഉപദേശങ്ങള്‍, വിധികള്‍, പ്രേരണകള്‍, താക്കീതുകള്‍, വാഗ്ദാനങ്ങള്‍ തുടങ്ങി മുസ്‌ലിംകളുടെ ചരിത്രദൗത്യത്തിന് നവജീവന്‍ നല്‍കാനാവശ്യമായ കാര്യങ്ങള്‍ പഠിച്ചറിയണം. വായനയ്ക്കിടയില്‍ ദിവ്യഗ്രന്ഥത്തോടൊപ്പം ഔന്നത്യത്തിലേക്കുയരുന്ന മനുഷ്യമനസ്സുകളുടെ ആത്മാനുഭൂതികളെ കുറിച്ച് അഖാദ് വിശദീകരിക്കുന്നുണ്ട്. വസ്തുതകളെ ബിംബീകരിച്ച് മനസ്സില്‍ കാണുന്നതിനാണ് പുസ്തകത്തോടൊപ്പം മനസ്സുകള്‍ പറന്നുയരുന്നത്. ഈ നിലപാട് സാധാരണ പുസ്തകങ്ങളോട് സ്വീകരിക്കപ്പെടുന്നുവെങ്കില്‍ ദൈവിക ഗ്രന്ഥം കൂടുതല്‍ ശക്തമായി അത് താല്‍പ്പര്യപ്പെടുന്നുണ്ട്.
നബിയുടെ സ്വഭാവം ഖുര്‍ആനായിരുന്നുവെന്നാണ് ഹസ്‌റത്ത് ആഇശ പ്രസ്താവിച്ചത്. ഇതിന്റെ അര്‍ഥം ഖുര്‍ആനിക മണ്ഡലത്തില്‍ അദ്ദേഹം ജീവിച്ചിരുന്നുവെന്നും ഖുര്‍ആനിക മൂല്യങ്ങള്‍ അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ പ്രതിഫലിച്ചിരുന്നുവെന്നുമാണ്. ഖുര്‍ആനിലെ ഭാഷണം അല്ലാഹുവിനെ സംബന്ധിച്ചാവുമ്പോള്‍, അദ്ദേഹത്തിന്റെ ബാഹ്യവും ആന്തരികവുമായ ബോധതലങ്ങള്‍ ദൈവസന്നിധിയിലായിരിക്കും. പ്രാപഞ്ചിക ശക്തിയും രഹസ്യങ്ങളും വിഷയീഭവിക്കുമ്പോള്‍ ദൈവിക ദൃഷ്ടാന്തങ്ങളെ കുറിച്ചുള്ള ചിന്തയില്‍ അദ്ദേഹത്തിന്റെ ധിഷണ മുഴുകിക്കൊണ്ടിരിക്കും. ഖുര്‍ആനിലെ ചരിത്രകഥകള്‍ ചര്‍ച്ചയ്‌ക്കെത്തുമ്പോള്‍ മുന്‍ഗാമികളുടെ സമരങ്ങളില്‍നിന്നും സ്വഭാവരീതികളില്‍നിന്നും പാഠങ്ങളും ഉദ്‌ബോധനങ്ങളും ഉള്‍ക്കൊള്ളുന്നതില്‍ അദ്ദേഹം നിമഗ്നനായിരിക്കും. ‘ഖുര്‍ആനിലുള്ള നബിയുടെ അവഗാഹവും ആ അവഗാഹത്തിന്റെ പ്രതിഫലനവുമാണ് സുന്നത്ത്. ഖുര്‍ആന്‍ അദ്ദേഹത്തിന്റെ ജീവിതവുമായി കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു.’ (ഇമാം ശാഫി)
ഖുര്‍ആന്‍ വായിച്ചറിഞ്ഞതോടുകൂടി, സാമൂഹികനീതി പരിലസിക്കുന്ന, വര്‍ണവിവേചനവും അധീശത്വ മനോഭാവവും അഹംഭാവവും അതിക്രമവും വെറുക്കുന്ന സമൂഹമായി അറബികള്‍ പരിണമിച്ചതായി നാം കാണുന്നു. ”മനുഷ്യാടിമത്തത്തില്‍നിന്ന് ഏകനായ അല്ലാഹുവിന്റെ അടിമത്തത്തിലേക്കും ഇഹത്തിന്റെ ഞെരുക്കത്തില്‍നിന്ന് ഇഹപരലോകങ്ങളുടെ വിശാലതയിലേക്കും മതങ്ങളുടെ അനീതിയില്‍നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും ജനങ്ങളെ നയിക്കാനാണ് ഞങ്ങളാഗതരായതെ”ന്ന് ഗ്രാമീണനായ റബീഅ് ബ്‌നു ആമിര്‍ പേര്‍ഷ്യന്‍ അധിപനോട് പ്രഖ്യാപിക്കുന്നതും നാം കണ്ടതാണ്. അവര്‍ കാരണം ഇസ്‌ലാമിക സമൂഹം ഖുര്‍ആനോടൊപ്പം ഉന്നത വിതാനത്തിലെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss