|    Jan 22 Sun, 2017 5:47 pm
FLASH NEWS

ഖുര്‍ആനുമായി അടുക്കുമ്പോള്‍

Published : 6th June 2016 | Posted By: mi.ptk

khuran

മുഹമ്മദുല്‍ ഗസ്സാലി
ഖുര്‍ആനോടുള്ള മുസ്‌ലിംകളുടെ സമീപനത്തെ  ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. ആദ്യ നൂറ്റാണ്ടുകളിലെ മുസ്‌ലിംകള്‍ പാരായണശാസ്ത്രവും അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനവും നീട്ടലും മണിക്കലും മറ്റ് ഉച്ചാരണശാസ്ത്ര സംബന്ധിയായ കാര്യങ്ങളും പ്രാധാന്യത്തോടെ പഠിച്ചിരുന്നു. ഖുര്‍ആന്റെ സ്വരശബ്ദഘടനകള്‍ അവതീര്‍ണമായതുപോലെ സംരക്ഷിക്കാന്‍ ശ്രമിച്ചതോടൊപ്പം അതിനോടുള്ള സമീപനരീതിയില്‍ ഒരുപടി മുന്നോട്ടായിരുന്നു അവര്‍. ‘ഖറഅ്തു’ (ഞാന്‍ വായിച്ചു) എന്ന വാക്യം ഒരു സാധാരണക്കാരന്‍ ഉരുവിടുമ്പോഴും കേള്‍ക്കുമ്പോഴും മനസ്സിലാക്കപ്പെടുന്നതിങ്ങനെയാണ്: ഒരു സന്ദേശം തനിക്ക് കൈവന്നു, അല്ലെങ്കില്‍ ഒരു ലിഖിതം തന്നിലെത്തിച്ചേര്‍ന്നു, പാരായണം ചെയ്തു, സാരം സ്പഷ്ടമായി. അറിവും വായനയും തമ്മില്‍ അര്‍ഥതലത്തില്‍ അന്തരമില്ല.അകപ്പൊരുള്‍ അറിയാതെയും ആന്തരിക സത്ത ആവാഹിച്ചെടുക്കാതെയുമുള്ള ഖുര്‍ആന്‍ വായന ശരീഅത്തിന്റെ കാഴ്ചപ്പാടില്‍ പ്രതിഷേധാര്‍ഹമാണ്. അല്ലാഹു പറയുന്നു: ”നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള അനുഗൃഹീതമായ ഗ്രന്ഥം. അതിന്റെ സൂക്തങ്ങളെ അവര്‍ ഉറ്റാലോചിക്കാനും ബുദ്ധിയുള്ളവര്‍ ചിന്തിച്ച് ഉല്‍ബുദ്ധരാവാനും വേണ്ടി”. (ഖു: 38/29). ഈ ആയത്തിന്റെ സാരത്തില്‍ ഉദ്‌ബോധനവും ഉള്‍ക്കാഴ്ചയും ധിഷണയും പരന്ന ചിന്തയും ഉള്‍ക്കൊള്ളുന്നു. എന്നാല്‍ എവിടെയാണീ ചിന്ത? സാരമുള്‍ക്കൊള്ളാതെയും ബാഹ്യാര്‍ഥങ്ങള്‍ക്കപ്പുറമുള്ള തലങ്ങളിലേക്ക് ഊളിയിടാതെയുമുള്ള ഉപരിപ്ലവമായ പാരായണത്തില്‍ ഉദ്ബുദ്ധതയെവിടെ? മനുഷ്യസമൂഹത്തിനു സാക്ഷികളായിക്കൊണ്ടും ഉമ്മത്തിന് നഷ്ടപ്പെട്ട അതിന്റെ നിയോഗം തിരിച്ചെടുക്കാനുതകുന്ന ആത്മീയ സാമൂഹിക ഉപാധികള്‍ ഖുര്‍ആനില്‍നിന്ന് ഉത്ഖനനം ചെയ്‌തെടുക്കാന്‍ തൊലിപ്പുറത്തുള്ള അര്‍ഥങ്ങള്‍ക്കപ്പറത്തേക്ക് കടന്നു ചെല്ലണം. എന്നാല്‍, ഖുര്‍ആനില്‍ വിശദീകരിക്കപ്പെട്ട അല്ലാഹുവിന്റെ അടിമകളുടെ ചില സവിശേഷ ഗുണങ്ങള്‍ അസ്തമിച്ചിരിക്കുന്നതായി ഞാന്‍ കാണുന്നു. ഇന്ദ്രിയങ്ങള്‍കൊണ്ട് ഖുര്‍ആനെ അഭിമുഖീകരിക്കുന്ന അവര്‍ ശ്രവിക്കുകയും വീക്ഷിക്കുകയും പിന്നീട് അതിനനുസൃതം ചരിക്കുകയും ചെയ്യുന്നതായി ഖുര്‍ആന്‍ വിവരിക്കുന്നു.സുപരിചിതമല്ലാത്ത ഒരു വാക്കിന്റെ അര്‍ഥം ചിലര്‍ക്ക് അറിഞ്ഞുകൊള്ളണമെന്നില്ല. ചില വചനങ്ങളുടെ സാരമുള്‍ക്കൊള്ളാന്‍ ആയാസം അനുഭവപ്പെടുകയുമാവാം. കാരണം, അവര്‍ രുചിച്ചറിഞ്ഞിട്ടില്ലാത്ത സാഹിതീയ തലത്തിലാണ് ഖുര്‍ആനിക പ്രയോഗങ്ങള്‍. പ്രൗഢമായ അറബിയിലാണ് ഖുര്‍ആനെന്നത് നിസ്തര്‍ക്കമാണ്. അല്ലാഹു അടിമകളെ വിലക്കിയ സ്വഭാവം ഖുര്‍ആനെ സമീപിക്കുമ്പോള്‍ മുസ്‌ലിം പ്രകടിപ്പിക്കാന്‍ പാടില്ല. ആ ദുര്‍ഗുണങ്ങള്‍ സത്യവിശ്വാസിക്ക് ഭൂഷണമല്ലെന്ന് ഖുര്‍ആന്‍ പറയുന്നു: ”അവരുടെ നാഥന്റെ സൂക്തങ്ങള്‍ കേള്‍പ്പിക്കപ്പെട്ടാല്‍ അതിനോടവര്‍ അന്ധരും ബധിരരുമായി വര്‍ത്തിക്കുന്നില്ല.” (വിഖു: 25/73)അന്ധരും ബധിരരുമായി ഖുര്‍ആനെ സമീപിക്കുന്നവര്‍ ഇന്ന് ധാരാളമുണ്ട്. മുസ്‌ലിംകള്‍ ഖുര്‍ആനോട് സ്വീകരിച്ചിരിക്കുന്ന നിലപാട് മറ്റ് സമൂഹങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാവണം അന്താരാഷ്ട്ര റേഡിയോ സര്‍വീസുകള്‍ ഖുര്‍ആന്‍ പ്രക്ഷേപണത്തിന് സമയം നീക്കവയ്ക്കുന്നത്. ബിബിസി ഖുര്‍ആന്‍ പാരായണം കൊണ്ടാണ് ദിനപരിപാടികള്‍ ആരംഭിക്കാറ്.

khuran-2വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഇസ്രായേല്‍ റേഡിയോയും ഖുര്‍ആന്‍ പ്രക്ഷേപണം ചെയ്യുന്നുണ്ടാവണം. കേവലം ശ്രോതാക്കളാവുകയെന്നല്ലാതെ ചിന്തിക്കാന്‍ തുനിയാത്ത ഉമ്മത്തിന്റെ അവസ്ഥയില്‍ അവര്‍ സംതൃപ്തരാണ്. ഈ അവസ്ഥ ഗൗരവത്തോടെ കണ്ട്, അതിന്റെ കാരണങ്ങള്‍ പരിശോധിക്കുകയും ഈ നിലപാടില്‍നിന്ന് മാറുകയും ചെയ്യേണ്ടതുണ്ട്. സ്വീകാര്യയോഗ്യവും യുക്തിപരവുമായൊരു നിവേദനം ഈ അവസ്ഥയെ ന്യായീകരിക്കുന്നതിന് കാണുന്നില്ല.സ്വപ്‌നങ്ങളില്‍നിന്ന് ശരീഅത്തിന്റെ വിധികള്‍ സൃഷ്ടിച്ചെടുക്കാവതല്ലെന്ന് സുവ്യക്തമായ കാര്യമാണ്. ഇസ്‌ലാമിക വിധികളുടെ ഉറവിടങ്ങള്‍ അല്ലാഹുവിന്റെ ഗ്രന്ഥവും റസൂലിന്റെ ചര്യയുമാണ്. പരിചിന്തനം ചെയ്തും സൂക്തങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കിയുമുള്ള  ഖുര്‍ആന്‍ പാരായണം അനിവാര്യമാണ്. അര്‍ഥം ഗ്രഹിക്കാനും ഉദ്ദേശ്യങ്ങളുള്‍ക്കൊള്ളാനും ഓരോരുത്തനും പരമാവധി പരിശ്രമിക്കണം. സുഗ്രാഹ്യമല്ലാത്തത് പരിജ്ഞാനികളോട് അന്വേഷിക്കണം. ഖുര്‍ആനെ കുറിച്ച് നിരന്തരമായി പഠനം നടക്കേണ്ടതുണ്ട്. പഠനമെന്നാല്‍, വായനയും പരിചിന്തനവുമാണ്. ദേഹങ്ങളിലും പ്രപഞ്ചത്തിലുമുള്ള ദൈവിക ചര്യകള്‍ തിരിച്ചറിയലാണ്, പുറമെ ഉപദേശങ്ങള്‍, വിധികള്‍, പ്രേരണള്‍, താക്കീതുകള്‍, വാഗ്ദാനങ്ങള്‍ തുടങ്ങി മുസ്‌ലിംകളുടെ ചരിത്ര ദൗത്യത്തിന് നവജീവന്‍ നല്‍കാനാവശ്യമായ കാര്യങ്ങള്‍ പഠിച്ചറിയലുമാണ്. വായനയ്ക്കിടയില്‍ ദിവ്യഗ്രന്ഥത്തോടൊപ്പം ഔന്നത്യത്തിലേക്കുയരുന്ന മനുഷ്യമനസ്സുകളുടെ ആത്മാനുഭൂതികളെ കുറിച്ച് അഖാദ് വിശദീകരിക്കുന്നുണ്ട്.

വസ്തുതകളെ ബിംബീകരിച്ച് മനസ്സില്‍ കാണുന്നതിനാണ് പുസ്തകത്തോടൊപ്പം മനസ്സുകള്‍ പറന്നുയരുന്നത്. ഈ നിലപാട് സാധാരണ പുസ്തകങ്ങളോട് സ്വീകരിക്കപ്പെടുന്നുവെങ്കില്‍ ദൈവിക ഗ്രന്ഥം കൂടുതല്‍ ശക്തമായി അത് താല്‍പര്യപ്പെടുന്നുണ്ട്. മുന്‍ഗാമികള്‍ ഖുര്‍ആന്‍ വായിക്കുന്നതോടൊപ്പം ഖുര്‍ആന്റെ തലത്തിലേക്കുയര്‍ന്നിരുന്നു. എന്നാല്‍ നാം ഖുര്‍ആനെ കീഴ്‌പ്പോട്ട് വലിച്ചിറക്കി നമ്മുടെ അവസ്ഥകളുമായി താദാത്മ്യം പ്രാപിക്കുന്നു. ഖുര്‍ആന്‍ ഇറക്കപ്പെട്ടവരില്‍ അതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമായി കാണണം. നബിയുടെ സ്വഭാവം ഖുര്‍ആനായിരുന്നു”വെന്നാണ് ഹസ്‌റത്ത് ആഇശ പ്രസ്താവിച്ചത്. ഇതിന്റെ അര്‍ഥം ഖുര്‍ആനിക മണ്ഡലത്തില്‍ അദ്ദേഹം ജീവിച്ചിരുന്നുവെന്നും ഖുര്‍ആനിക മൂല്യങ്ങള്‍ അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ പ്രതിഫലിച്ചിരുന്നുവെന്നുമണല്ലോ. ഖുര്‍ആനിലെ ഭാഷണം അല്ലാഹുവിനെ സംബന്ധിച്ചാവുമ്പോള്‍, അദ്ദേഹത്തിന്റെ ബാഹ്യവും ആന്തരികവുമായ ബോധതലങ്ങള്‍ ദൈവസന്നിധിയിലായിരിക്കും. പ്രാപഞ്ചിക ശക്തിയും രഹസ്യങ്ങളും വിഷയീഭവിക്കുമ്പോള്‍ ദൈവിക ദൃഷ്ടാന്തങ്ങളെ കുറിച്ചുള്ള ചിന്തയില്‍ അദ്ദേഹത്തിന്റെ ധിഷണ മുഴുകിക്കൊണ്ടിരിക്കും. ഖുര്‍ആനിലെ ചരിത്രകഥകള്‍ ചര്‍ച്ചയ്‌ക്കെത്തുമ്പോള്‍ മുന്‍ഗാമികളുടെ സംഘട്ടനങ്ങളില്‍നിന്നും സ്വഭാവരീതികളില്‍നിന്നും പാഠങ്ങളും ഉദ്‌ബോധനങ്ങളും ഉള്‍ക്കൊള്ളുന്നതില്‍ അദ്ദേഹം നിമഗ്നനായിരിക്കും. പരലോകത്ത് ഇരുകക്ഷികള്‍ക്കുമുള്ള പ്രതിഫലത്തെ വര്‍ണിക്കുമ്പോള്‍ സ്വര്‍ഗനരകങ്ങളായിരിക്കും അദ്ദേഹത്തിന്റെ മനസ്സില്‍. ഖുര്‍ആന്‍ അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ചിരുന്നുവെന്ന് സാരം. അതുകൊണ്ടാണ് ഇമാം ശാഫി ഇങ്ങനെ പ്രസ്താവിച്ചത്:  ” ഖുര്‍ആനിലുള്ള നബിയുടെ അവഗാഹവും ആ അവഗാഹത്തിന്റെ പ്രതിഫലനവുമാണ് സുന്നത്ത്. ഖുര്‍ആന്‍ അദ്ദേഹത്തിന്റെ ജീവിതവുമായി കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു.” ഖുര്‍ആനിക ആശയത്താല്‍ സംഘടിപ്പിക്കപ്പെട്ട സമൂഹം നബിയുടെ അമാനുഷികതയ്ക്ക് സാക്ഷിനില്‍ക്കുന്നു. ഖുര്‍ആനിക നാഗരികത മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയ ഒരു വിഭാഗത്തെ സൃഷ്ടിച്ചെടുത്തത് ഖുര്‍ആന്‍ വഴിയുണ്ടായ അമാനുഷികതയാണ്.

khuran-3ഖുര്‍ആന്‍ വായിച്ചറിഞ്ഞതോടുകൂടി, ചിന്താസ്വാതന്ത്ര്യത്തെ തൊട്ടറിഞ്ഞ, സാമൂഹിക നീതി പരിലസിക്കുന്ന വര്‍ണ വിവേചനവും അധീശത്വ മനോഭാവവും അഹംഭാവവും അതിക്രമവും വെറുക്കുന്ന സമൂഹമായി അറബികള്‍ പരിണമിച്ചതായി നാം കാണുന്നു. ”മനുഷ്യാടിമത്തത്തില്‍നിന്ന് ഏകനായ അല്ലാഹൂവിന്റെ അടിമത്തത്തിലേക്കും, ഇഹത്തിന്റെ ഞെരുക്കത്തില്‍നിന്ന്, ഇഹപരലോകങ്ങളുടെ വിശാലതയിലേക്കും, മതങ്ങളുടെ അനീതിയില്‍നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും ജനങ്ങളെ നയിക്കാനാണ് ഞങ്ങളാഗതരായതെ’ന്ന് ഗ്രാമീണനായ റബീഅ് ബ്‌നു ആമിര്‍ പേര്‍ഷ്യന്‍ അധിപനോട് പ്രഖ്യാപിക്കുന്നതും നാം കണ്ടതാണ്. അവര്‍ കാരണം ഇസ്‌ലാമിക സമൂഹം ഖുര്‍ആനോടൊപ്പം ഉന്നത വിതാനത്തിലെത്തിയിരുന്നു. ഖുര്‍ആന്‍ മനുഷ്യനെ സംസ്‌കരിച്ചതിന്റെ ഫലമായാണ് ഇസ്‌ലാമിക നാഗരികതയുടെ രംഗപ്രവേശം. അവിടം മുതലാണ് പേര്‍ഷ്യന്‍ സാഹിത്യത്തിലെ ധൈഷണികവും ആത്മീയവുമായ ദൃഷ്ടാന്തങ്ങളും റോമന്‍ തത്വശാസ്ത്രവും അസ്തമിക്കാനാരംഭിച്ചത്. കാരണം ഖുര്‍ആന്‍ പുതുമയാര്‍ന്ന ഒന്നുമായി രംഗത്തുവന്നു. കേവല താര്‍ക്കിക -സൈദ്ധാന്തിക അനുമാനങ്ങളില്‍നിന്നും ഭാഷണം- നിര്‍ദേശങ്ങളെ നിരീക്ഷണത്തിലേക്കും പരിശോധാ പാടവത്തിലേക്കും തിരിച്ചുവിട്ടു. ഗ്രീക്ക് ദര്‍ശനം അമൂര്‍ത്തമാണ്. പദാര്‍ഥം മ്ലേച്ഛമാണെന്നും ആത്മീയത പദാര്‍ഥത്തിനുമേല്‍ അധീശത്വം വാഴുന്നുവെന്നും അത് സമര്‍ഥിക്കുന്നു. എന്നാല്‍ ഖുര്‍ആനില്‍നിന്ന് ഉരുത്തിരിയുന്ന ദര്‍ശനം ശാസ്ത്രീയവും പ്രായോഗികവുമാണ്. അത് പദാര്‍ഥത്തെ ആദരിക്കുകയും അതിന്റെ പങ്കിനെ പുകഴ്ത്തുകയും ചെയ്യുന്നു. മാത്രമല്ല പദാര്‍ഥങ്ങളുടെ സ്രഷ്ടാവ്  അവകൊണ്ട് ആണയിടുന്നതായും കാണുന്നു. ഇതിനു കാരണം അവന്‍ തന്റെ മഹത്വത്തിന്റെ രഹസ്യങ്ങള്‍ പ്രപഞ്ചത്തില്‍ നിക്ഷേപിച്ചതുകൊണ്ടാണ്. അവന്റെ ഔന്നത്യ ഗുണങ്ങള്‍ വിശ്വത്തില്‍ വിതറിയിരിക്കുന്നു. പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രഗോളങ്ങളും, മനുഷ്യാത്മാവും സൃഷ്ടിപ്പും, കാറ്റും അസ്തമയ ശോഭയും രാത്രിയും അതിന്റെ അകംപൊരുളും പൂര്‍ണത പ്രാപിക്കുന്ന ചന്ദ്രനും… എല്ലാം അല്ലാഹുവിന്റെ പ്രതിജ്ഞയില്‍ വരുന്നു. അതവന്റെ അവകാശവുമാണ്.
വിവ: മീരാന്‍
(അവലംബം: കൈഫ തതആമലു മഅല്‍ ഖുര്‍ആന്‍)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 145 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക