|    Apr 26 Thu, 2018 8:27 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖുംറ ചലചിത്ര മേളയ്ക്ക് ഇന്നു തുടക്കം

Published : 4th March 2016 | Posted By: SMR

ദോഹ: ഖുംറ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാകും. ഒരാഴ്ച നീളുന്ന ഫെസ്റ്റിവല്‍ ഒന്‍പതിന് സമാപിക്കും. ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും അതിഥികള്‍ എത്തിക്കൊണ്ടിരിക്കുന്നതായും സംഘാടകരായ ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു.
നൂറിലധികം ചലച്ചിത്രപ്രതിഭകളാണ് ഇത്തവണ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതെന്ന് ഡിഎഫ്‌ഐ സിഇഒ ഫാത്തിമ അല്‍ റുമൈഹി പറഞ്ഞു. ഉദ്ഘാടന ദിനമായ ഇന്ന് ജോനാസ് കാര്‍പിഗ്‌നാനോയുടെ മെഡിറ്ററേനിയ, ഖത്തരി സംവിധായകന്‍ ജാസിം അല്‍റുമൈഹിയുടെ പാം ട്രീ, ഓസ്‌കര്‍ പുരസ്‌കാരം നേടിയ ക്രൗച്ചിങ് ടൈഗര്‍ ഹിഡണ്‍ ഡ്രാഗണ്‍ എന്നിവ പ്രദര്‍ശിപ്പിക്കും. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്കിലാണ് സിനിമകളുടെ പ്രദര്‍ശനം. സൂഖ് വാഖിഫില്‍ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ചലച്ചിത്ര വ്യവസായ വിദഗ്ധര്‍, ഫെസ്റ്റിവല്‍ സംവിധായകര്‍, നിര്‍മാതാക്കള്‍, സെയ്ല്‍സ് ഏജന്റ്‌സ്, കണ്‍സള്‍ട്ടന്റ്‌സ്, ഫണ്ട് മാനേജര്‍മാര്‍ എന്നിവരുടെ സാന്നിധ്യം ഇത്തവണയുണ്ടാകും.
കഴിഞ്ഞവര്‍ഷം പങ്കെടുത്ത നിരവധി പ്രമുഖര്‍ ഇത്തവണയും പങ്കെടുക്കും. ഇവരോടൊപ്പം നവാഗതരുടെ സാന്നിധ്യവുമുണ്ട്.
ക്രൗച്ചിങ് ടൈഗറിനു പുറമേ ജോഷ്വ ഒപ്പന്‍ഹീമറിന്റെ ദി ലുക്ക് ഓഫ് സയലന്‍സ്, നൂറി ബില്‍ഗെ സെയ്‌ലാന്റെ വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ അനറ്റോലിയ, അലക്‌സാണ്‍ട്രോ സൊകുറോവിന്റെ റഷ്യന്‍ ആര്‍ക്ക്, നവോമി കൗസേയുടെ ദി മൗണ്ടെയ്ന്‍ ഫോറസ്റ്റ്, എന്നിവയാണ് ഖുംറ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍. ന്യൂ വോയ്‌സ് ഇന്‍ സിനിമ വിഭാഗത്തില്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഗ്രാന്റോടെ നിര്‍മിച്ച റൗണ്ട് എബൗട്ട് ഇന്‍ മൈ ഗെഡും നിരവധി പുരസ്‌കാരങ്ങള്‍ നേടിയ എലി ദാഗ്ഹറിന്റെ വേവ്‌സ് 98 എന്ന ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിക്കും. ഇരുന്നൂറോളം പ്രതിനിധികളും മേളയുടെ ഭാഗമാകും.
ഖുംറ ഇന്‍ഡസ്ട്രി പ്രോഗ്രാം പ്രകാരം 33 ചലച്ചിത്രപദ്ധതികളാണ് ഖുംറയില്‍ അവതരിപ്പിക്കുന്നത്. വിവിധ തലങ്ങളിലായാണ് ഖുംറയില്‍ പരിപാടികള്‍ നടക്കുക. ശില്‍പ്പശാലകള്‍, ട്യൂട്ടോറിയലുകള്‍, വ്യക്തിഗത സംവാദങ്ങള്‍, ചലച്ചിത്രപദ്ധതി ചര്‍ച്ചകള്‍ ഉള്‍പ്പടെയുള്ളവ നടക്കും.
കാന്‍, ടൊറോന്റോ, ലൊക്കാര്‍ണോ, കോപ്പന്‍ഹേഗന്‍, മോറെലിയ, മെക്‌സിക്കോ ആന്റ് സാന്‍ സെബാസ്റ്റിയന്‍, റോട്ടര്‍ഡാം, ബുസാന്‍, അര്‍ജന്റീന ലാറ്റിന്‍ അറബ് ഇന്റര്‍നാഷനല്‍, മെല്‍ബണ്‍, അമേരിക്കയിലെ ട്രിബേക്ക, ഇസ്താംബുള്‍, ഹോട്ട് ഡോക്‌സ് കനേഡിയന്‍, ബെര്‍ലിനാലെ ഷോര്‍ട്ട്‌സ്, സരെയാവോ, ദുബയ് തുടങ്ങിയ രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളുടെ ഡയറക്ടര്‍മാരും പ്രോഗ്രാമര്‍മാരും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഹ്രസ്വചിത്രങ്ങളും ഫീച്ചര്‍ സിനിമകളും ഫീച്ചര്‍ ഡോക്യുമെന്ററികളും ഉള്‍പ്പടെ 19 രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്രപദ്ധതികള്‍ ഖുംറയില്‍ അവതരിപ്പിക്കും. ഇവയുടെ നിര്‍മാതാക്കളും സംവിധായകരും ഖുംറയുടെ ഭാഗമാകും. ഇതിനു പുറമെ പത്ത് ഫീച്ചര്‍ ഡോക്യുമെന്ററികള്‍, പത്ത് ഹ്രസ്വചിത്രങ്ങള്‍ എന്നിവയും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
തങ്ങളുടെ ചലച്ചിത്ര പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനും രാജ്യാന്തര തലത്തില്‍ അവതരിപ്പിക്കുന്നതിനും സഹായകമായ അവസരം എന്ന നിലയിലാണ് ഈ ചലച്ചി്രതപ്രവര്‍ത്തകര്‍ ഖുംറ ഫെസ്റ്റിവലിനെ കാണുന്നത്.
സിനിമകളുടെ പ്രദര്‍ശനത്തോടൊപ്പം ചോദ്യോത്തര സെഷന്‍, സെമിനാറുകള്‍ തുടങ്ങിയവയും നടക്കും. അക്കാഡമി അവാര്‍ഡ്, കാന്‍ ഫിലിം ഫെസ്റ്റിവല്‍, അജ്‌യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരങ്ങള്‍ നേടിയവരുമായി ആശയവിനിമയത്തിനുള്ള അവസരവും ഒരുക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss