|    Jan 24 Tue, 2017 12:33 am

ഖാസിയുടെ മരണം: ആക്ഷന്‍ കമ്മിറ്റി നടത്തിവന്ന സമരം താല്‍ക്കാലികമായി നിര്‍ത്തി

Published : 4th July 2016 | Posted By: SMR

കാസര്‍കോട്: ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തില്‍ സിബിഐയുടെ പ്രത്യേക സംഘം ഇപ്പോള്‍ നടത്തുന്ന അന്വേഷണം കാര്യക്ഷമമാക്കണമെന്നും അന്വേഷണം അട്ടിമറിക്കാന്‍ ലോക്കല്‍ പോലിസ് നടത്തിയ ശ്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട്ട് ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തിവരികയായിരുന്ന അനിശ്ചിതകാല സമരം മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഇന്നലെ രാവിലെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം തല്‍ക്കാലം പിന്‍വലിക്കാന്‍ ധാരണയായത്. സമരം 65-ാം ദിവസത്തിലേക്ക് കടന്ന ഘട്ടത്തിലാണ് ആക്ഷന്‍കമ്മിറ്റിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയത്.
സിബിഐ അന്വേഷണത്തില്‍ ഏതൊക്കെ വിധത്തില്‍ ഇടപെടാന്‍ സാധിക്കുമെന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് അക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ്, വൈസ് ചെയര്‍മാന്‍മാരായ സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, കണ്‍വീനര്‍ ഇ അബ്ദുല്ലക്കുഞ്ഞി, ഖാസിയുടെ മകന്‍ സി എം മുഹമ്മദ് ശാഫി, മരുമകന്‍ യു എം അഹമ്മദ് ശാഫി, അബ്ദുല്‍ ഖാദര്‍ സഅദി, പൊതുപ്രവര്‍ത്തകനായ ഹംസ മേല്‍പ്പറമ്പ്, രാഷ്ട്രീയപ്രതിനിധികളെ പ്രതിനിധീകരിച്ച് മൊയ്തീന്‍ കുഞ്ഞി കളനാട്, വി കെ രാജന്‍, കുഞ്ഞബ്ദുല്ല കോളിയടുക്കം എന്നിവരാണ് റവന്യൂമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഒപ്പുമരച്ചുവട്ടില്‍ പ്രത്യേകം പന്തല്‍ കെട്ടിയാണ് രണ്ടുമാസത്തിലധികമായി ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബാംഗങ്ങളും സമരത്തിലേര്‍പ്പെട്ടുവന്നത്.
സമരം തല്‍ക്കാലം നിര്‍ത്തിവച്ചുവെങ്കിലും ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബവും വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക