|    Mar 25 Sat, 2017 9:17 pm
FLASH NEWS

ഖാലിദ് ആസ്മിക്ക് അജ്ഞാതരുടെ വധഭീഷണി

Published : 11th March 2016 | Posted By: SMR

മുഹമ്മദ് പടന്ന

shahid-a

ഖാലിദ് ആസ്മി

മുംബൈ: കുര്‍ളയില്‍ തന്റെ ഓഫിസിലിരിക്കവേ 2010ല്‍ കൊല്ലപ്പെട്ട പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഷാഹിദ് ആസ്മിയുടെ സഹോദരന്‍ ഖാലിദ് ആസ്മിയെ വധിക്കുമെന്ന് അജ്ഞാതര്‍ ഭീഷണിപ്പെടുത്തി. അഭിഭാഷകന്‍ കൂടിയായ ഖാലിദ് കുര്‍ള പോലിസ് സ്‌റ്റേഷനില്‍ പോയിവരവെയാണ് മൂന്നു പേരടങ്ങിയ സംഘം വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ വീടിന്റെ ഏതാനും മീറ്റര്‍ സമീപത്തു വച്ചാണ് മധ്യവയസ്‌കരെന്ന് തോന്നിക്കുന്ന സംഘം ‘തന്റെ ജ്യേഷ്ഠനെ കൊന്നവരെ ഇതുവരെ ഒരു ചുക്കും ചെയ്യാനായില്ല; ഇനി നിന്നെയും കൊല്ലും ഒന്നും ചെയ്യാനാവില്ല’ എന്ന് ഭീഷണിപ്പെടുത്തിയത്. ഇതിനു ശേഷം ഓടിമറയുകയായിരുന്നുവെന്ന് ഖാലിദ് തേജസിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരാതിപ്പെടാന്‍ കുര്‍ള സ്റ്റേഷനില്‍ എത്തിയെങ്കിലും 45 മിനിറ്റോളം കഴിഞ്ഞ ശേഷമാണ് പോലിസ് പരാതി സ്വീകരിക്കാ ന്‍പോലും തയ്യാറായത് എന്ന് അദ്ദേഹം ആരോപിച്ചു.
ഭീകരാക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഷഹിം അന്‍സാരിയെ തെളിവില്ലെന്ന് കണ്ടു സുപ്രിംകോടതി വിട്ടയക്കാന്‍ കാരണമായത് സഹോദരന്‍ ഷാഹിദ് ആസ്മിയുടെ ശക്തമായ വാദമായിരുന്നു. പോട്ട, ടാഡ, മക്കോക്ക തുടങ്ങിയ കരിനിയമങ്ങളില്‍ കുടുങ്ങിയ ഒട്ടേറെ യുവാക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ ശക്തമായി ഇടപെട്ടിരുന്ന അദ്ദേഹത്തെ 2010 ഫെബ്രുവരി 11ന് ടാക്‌സിമെന്‍ കോളനി(കുര്‍ള)യിലെ തന്റെ ഓഫിസിലിരിക്കേ വെടിവച്ച് കൊല്ലുകയായിരുന്നു. സഹോദരന്റെ കൊലപാതകികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ശക്തമായി ഇടപെടുന്നത് ഖാലിദ് ആസ്മിയാണ്.

Shahid-Azmi

ഷാഹിദ് ആസ്മി

2002ലെ ഘാട്ട്‌കോപ്പര്‍ സ്‌ഫോടനക്കേസ്, 7/11 മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടനക്കേസ്, 2006 ഔറംഗബാദ് കേസ്, മലേഗാവ് സ്‌ഫോടനക്കേസ് തുടങ്ങിയവയില്‍ പ്രതിചേര്‍ക്കപ്പെട്ട ഒട്ടേറെ നിരപരാധികള്‍ക്ക് ഷാഹിദ് ആസ്മിയുടെ ഇടപെടല്‍ കാരണം നീതി ലഭ്യമായിരുന്നു. ഇത് ഹിന്ദുത്വ വാദികളുടെ കണ്ണിലെ കരടാവാന്‍ കാരണമാവുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഭാരത് നേപ്പാളി സംഘാംഗങ്ങളായ ദേവേന്ദ്ര ബാബു, ജഗ്താബ് ഏലിയാസ്, ജെഡി പിന്റോ, ദേവ്‌റാം ദാഗ്‌ളെ വിനോദ് യശ്‌വന്ത്, ഹസ്മുഖ് സോളങ്കി എന്നിവരെ മക്കോക്ക ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയുണ്ടായി. കേസിന്റെ തുടര്‍നടപടികള്‍ തുടരവേ പ്രതികള്‍ പലരും ജാമ്യത്തില്‍ കഴിയുകയാണ്. സഹോദരന്റെ കൊലപാതകികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ശക്തമായി ഇടപെടുന്നത് ഖാലിദ് ആസ്മിയാണ്. ഈ സാഹചര്യത്തില്‍ തനിക്കുനേരെ ഉയര്‍ന്ന വധഭീഷണി പോലിസ് ഗൗരവമായി എടുക്കണമെന്ന് ഖാലിദ് ആസ്മി പരാതിയില്‍ ആവശ്യപ്പെട്ടു. ഭീഷണിക്കുമുമ്പില്‍ മുട്ടുമടക്കില്ലെന്നും നിയമ പോരാട്ടം തുടരുമെന്നും ഖാലിദ് ആവര്‍ത്തിച്ചു.

(Visited 300 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക