|    Dec 10 Mon, 2018 9:42 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഖഷഗ്ജി വധത്തിനു പിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെന്ന് സിഐഎ

Published : 18th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ കൊല്ലാന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎ. വാഷിങ്ടണ്‍ പോസ്റ്റും അസോഷ്യേറ്റഡ് പ്രസ്സുമാണ് സിഐഎയുടെ കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനുമായിരുന്ന ഖഷഗ്ജി ഒക്ടോബര്‍ 2നാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത്.
ഖഷഗ്ജിയെ കോണ്‍സുലേറ്റില്‍ മയക്കുമരുന്ന് നല്‍കി വെട്ടിനുറുക്കി കൊന്ന കാര്യം കഴിഞ്ഞ ദിവസം സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. രേഖകള്‍ വാങ്ങാന്‍ ഖഷഗ്ജിയെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പറഞ്ഞയച്ചത് മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരനും സൗദിയുടെ അമേരിക്കന്‍ അംബാസഡറുമായ ഖാലിദ് ബിന്‍ സല്‍മാനാണെന്ന് സിഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. ഖഷഗ്ജിയുമായുള്ള ഖാലിദിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരമാണ് ഫോണ്‍ വിളിച്ചതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, തുര്‍ക്കിയിലേക്ക് പോകുന്നതു സംബന്ധിച്ച് അംബാസഡറും ഖഷഗ്ജിയും തമ്മില്‍ സംസാരമുണ്ടായിട്ടില്ലെന്ന് വാഷിങ്ടണിലെ സൗദി എംബസി വക്താവ് പറഞ്ഞു. സിഐഎയുടെ കണ്ടെത്തലുകള്‍ എംബസി നിഷേധിച്ചു.
രാജ്യത്തെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയാതെ കൊലപാതകം നടക്കില്ലെന്നാണ് സിഐഎ ഉദ്യോഗസ്ഥരുടെ നിലപാട്. ഖഷഗ്ജി കൊല്ലപ്പെട്ട സമയത്ത് സൗദി കോണ്‍സുലേറ്റിനുള്ളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദവും സിഐഎ പരിശോധിച്ചിട്ടുണ്ട്. ഖഷഗ്ജി എംബസിയില്‍ കയറിയ ഉടനെ ഖഷഗ്ജി കൊല്ലപ്പെട്ടുവെന്നും ഖഷഗ്ജിയുടെ മൃതദേഹം കളയണമെന്ന് കോണ്‍സുലേറ്റ് ജനറല്‍ പറയുന്നതും ഈ ശബ്ദരേഖയില്‍ നിന്ന് വ്യക്തമാവുന്നു. കൊലപാതകത്തിനു ശേഷം കൊലയാളിസംഘത്തിലെ അംഗമായ മാഹിര്‍ മുത്‌രിബ്, മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത സഹായിയായ സൗദ് അല്‍ ഖഹ്താനിയെ വിളിച്ച് കാര്യം അറിയിച്ചെന്നും മറ്റൊരു ഓഡിയോ റെക്കോര്‍ഡില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
ഖഷഗ്ജിയെ വധിക്കാന്‍ സര്‍ക്കാര്‍ വിമാനത്തില്‍ സൗദിയില്‍ നിന്ന് തുര്‍ക്കിയിലേക്കു പറന്നെത്തിയ 15 അംഗ സംഘത്തില്‍ പെട്ട ചിലര്‍ സൗദി കിരീടാവകാശിയുടെ സുരക്ഷാസംഘത്തിലുള്ളവരാണ്. നേരത്തേ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോടൊപ്പം ഇവരും ഉണ്ടായിരുന്നു. പാസ്‌പോര്‍ട്ട് രേഖകള്‍ ഉദ്ധരിച്ചാണ് വാഷിങ്ടണ്‍ പോസ്റ്റ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
കൊലപാതകത്തില്‍ പങ്കുള്ള അഞ്ചു പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട സൗദി അറ്റോര്‍ണി ജനറല്‍ കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഒരു പങ്കുമില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss