|    Dec 10 Mon, 2018 11:58 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഖഷഗ്ജി വധത്തിനു പിന്നില്‍

Published : 7th November 2018 | Posted By: kasim kzm

പശ്ചിമേഷ്യന്‍ കത്ത് – ഡോ. സി കെ അബ്ദുല്ല

സൗദി പൗരനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി 2018 ഒക്‌ടോബര്‍ 2നു തുര്‍ക്കിയിലെ ഇസ്താംബൂളില്‍ സ്വന്തം രാജ്യത്തിന്റെ കോണ്‍സുലേറ്റില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ട സംഭവം ആലുസൗദ് ഭരണകൂടത്തില്‍ അഴിച്ചുപണികള്‍ നടക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നു. കിരീടാവകാശി അധികാരങ്ങള്‍ കൈയടക്കിയ ശേഷം ലണ്ടനിലേക്ക് താവളം മാറ്റിയ മുന്‍ ആഭ്യന്തരമന്ത്രിയും രാജാവിന്റെ സഹോദരനുമായ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് കഴിഞ്ഞ ദിവസം റിയാദില്‍ മടങ്ങിയെത്തിയതോടെയാണ് അഴിച്ചുപണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. സ്വന്തം സുരക്ഷയുടെ കാര്യത്തില്‍ ലണ്ടന്‍-വാഷിങ്ടണ്‍ പ്രഭുക്കളില്‍ നിന്ന് ഉറപ്പു ലഭിച്ചതിനു ശേഷമാണ് കീഴ്‌വഴക്കപ്രകാരം കിരീടാവകാശിയാവേണ്ട അദ്ദേഹം തിരിച്ചുവന്നത് എന്നതിനാല്‍, താങ്ങിനിര്‍ത്തുന്ന ശക്തികള്‍ രാജകുടുംബത്തിന് ചില കല്‍പനകള്‍ നല്‍കിയിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.
ആരായിരുന്നു ജമാല്‍ ഖഷഗ്ജി, അദ്ദേഹത്തിന്റെ വധം എന്തുകൊണ്ടാണ് ഇത്രയും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത് തുടങ്ങിയ ചോദ്യങ്ങള്‍ ലോക മാധ്യമങ്ങള്‍ സജീവമായി ചര്‍ച്ചചെയ്യുന്നുണ്ട്. ആലുസൗദ് ഭരണകൂടം നിലവില്‍ വരുന്നതിനു മുമ്പ് തുര്‍ക്കിയിലെ കൈസരി നഗരത്തില്‍ നിന്ന് ഹിജാസിലേക്കു കുടിയേറിയ ഖഷഗ്ജി കുടുംബം പൊതുവെ ഭരണകൂടത്തിന്റെ ഇഷ്ടസേവകരായിരുന്നു. സര്‍വാധികാരങ്ങളും കൈയടക്കിയ മുഹമ്മദ് ബിന്‍ സല്‍മാന്റെ (എംബിഎസ്) ചില നയങ്ങളെ വിമര്‍ശിച്ചതു കാരണം നാടുവിടാന്‍ നിര്‍ബന്ധിതനായ ഖഷഗ്ജി ഒരിക്കലും ഭരണകൂടത്തെ എതിര്‍ത്ത വിമതനായിരുന്നില്ല. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നതിലുപരി നയതന്ത്ര, രഹസ്യാന്വേഷണ മേഖലകളില്‍ നന്നായി ഉപയോഗപ്പെടുത്തപ്പെട്ട, ഭരണകൂടത്തിലെ ചിലരുടെ താല്‍പര്യപ്രകാരം പരിഷ്‌കരണങ്ങള്‍ക്കു വേണ്ടി വാദിച്ച ലിബറല്‍ നിലപാടുകാരനായ ഖഷഗ്ജി രാജ്യത്തെ പൗരസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന മതവകുപ്പിന്റെ ശകാരങ്ങള്‍ക്ക് വിധേയനായിരുന്നു.
1970കളില്‍ ഫഹദ് രാജാവിന്റെ കാലത്ത് രാജ്യത്തിനൊരു ലിബറല്‍ മതേതരമുഖം കൊണ്ടുവരാന്‍ കൈക്കൊണ്ടിരുന്ന നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ ചെലവില്‍ വിദേശത്തേക്ക് ഉപരിപഠനത്തിന് അയക്കപ്പെട്ട അനേകം പേരില്‍ ഒരാളായിരുന്ന ഖഷഗ്ജി അമേരിക്കയിലെ മാധ്യമപഠനത്തിനു ശേഷം ഭരണകൂടത്തിന്റെ വിശ്വസ്ത സേവകനായിരുന്നു. ഇസ്രായേലിന്റെ സ്വന്തം പ്രതിനിധി എന്നറിയപ്പെടുന്ന ഇന്റലിജന്‍സ് വിദഗ്ധന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ ആലുസൗദിന്റെ വിശ്വസ്ത ഉപദേശകനായിരുന്ന ഖഷഗ്ജിയുടെ ലിബറല്‍ ബ്രദര്‍ഹുഡ് പശ്ചാത്തലം പോരാട്ടസംഘങ്ങളില്‍ ഇടപെടാന്‍ ഉപയോഗപ്പെടുത്തി. ലണ്ടനിലും വാഷിങ്ടണിലും അംബാസഡറായും റിയാദില്‍ ഇന്റലിജന്‍സ് തലവനായും പ്രവര്‍ത്തിച്ചപ്പോഴെല്ലാം തുര്‍ക്കി ഫൈസല്‍ ഖഷഗ്ജിയെ കൂടെ നിര്‍ത്തിയിരുന്നു.
ലിബറല്‍ നടപടികള്‍ വിപരീത ഫലം ഉളവാക്കുകയും 1979ല്‍ ഒരു സലഫി വിഭാഗം മക്ക കേന്ദ്രീകരിച്ച് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത ശേഷം മുസ്‌ലിംലോകത്തെ സല്‍പ്പേര് തിരിച്ചുകൊണ്ടുവരാന്‍ കൈക്കൊണ്ട നടപടികളില്‍ ഒന്നായിരുന്നു 1980കളില്‍ അഫ്ഗാനിസ്താനില്‍ റഷ്യന്‍ അധിനിവേശത്തിനെതിരേ നടന്ന ചെറുത്തുനില്‍പിനു നല്‍കിയ പ്രചോദനം. അമേരിക്കന്‍ സിഐഎയുമായി സഹകരിച്ചു നടത്തിയ കാംപയിനിന്റെ ഭാഗമായി ഖഷഗ്ജിയെപ്പോലുള്ള ചിലരെ ഉപയോഗപ്പെടുത്തിയാണ് അന്ന് ഉസാമ ബിന്‍ ലാദിന്റെ പോരാട്ടസംഘത്തില്‍ സൗദി ഇന്റലിജന്‍സ് ഇടപെട്ടിരുന്നത്. പിന്നീട് 1990കളുടെ തുടക്കത്തില്‍ ഇറാഖ്-കുവൈറ്റ് യുദ്ധപശ്ചാത്തലത്തില്‍ രാജ്യരക്ഷയ്ക്ക് അമേരിക്കന്‍ സൈന്യത്തെ കൊണ്ടുവരുന്നതിനെ ചൊല്ലി ഉസാമയും സൗദി ഭരണകൂടവും ഇടഞ്ഞപ്പോള്‍ അനുരഞ്ജനം നടത്താന്‍ ഇന്റലിജന്‍സ് ദൂതനായി ഖഷഗ്ജി ശ്രമിച്ചിരുന്നു. വിവിധ സൗദി അറേബ്യന്‍ മാധ്യമങ്ങളിലെ എഡിറ്റര്‍ റോളിലും ഖഷഗ്ജി ഭരണകൂടത്തിന്റെ പ്രതിനിധിയായിരുന്നു. മതവകുപ്പിന്റെ കടുത്ത നിയന്ത്രണങ്ങളെ വിമര്‍ശിക്കുകയും സ്ത്രീകള്‍ക്ക് വാഹനമോടിക്കാനടക്കമുള്ള അവകാശങ്ങള്‍ക്കായി വാദിക്കുകയും ചെയ്തതിനാല്‍ ആഭ്യന്തര വകുപ്പ് പലതവണ അദ്ദേഹത്തെ എഡിറ്റര്‍ കസേരയില്‍ നിന്ന് താഴെയിറക്കുകയും ചെയ്തു.
എംബിഎസ് രംഗത്തുവന്ന ആദ്യകാലത്ത് അദ്ദേഹത്തെ വാഴ്ത്തിയിരുന്ന ഖഷഗ്ജി ഭരണകൂടവുമായി അകലാന്‍ പ്രധാന കാരണം എംബിഎസിനെ നിയന്ത്രിക്കുന്ന മറ്റൊരു ഗള്‍ഫ് കിരീടാവകാശിയുടെയും കൂട്ടരുടെയും അന്ധമായ ബ്രദര്‍ഹുഡ് വിരുദ്ധ നിലപാടാണെന്നു പറയപ്പെടുന്നു. കൂലിവിമര്‍ശനങ്ങള്‍പോലും നിരോധിക്കപ്പെട്ട എംബിഎസ് നയത്തിന്റെ ഇരകളായി ഭരണകൂടവുമായി അടുപ്പമുണ്ടായിരുന്ന പലരും അഴികള്‍ക്കുള്ളിലാവുന്നതു കണ്ടപ്പോള്‍ ഭരണകൂടത്തിന്റെ സ്വഭാവം ശരിക്ക് അറിയുന്ന ഖഷഗ്ജി അമേരിക്കയിലേക്കു തടിയെടുത്തു.
വേട്ടയാടലില്‍ നിന്നു രക്ഷതേടി വിദേശ രാജ്യങ്ങളില്‍ അഭയം തേടിയ സൗദി പൗരന്മാരില്‍ ആദ്യമായി ഇല്ലാതാക്കപ്പെടുന്ന ആളല്ല ഖഷഗ്ജി. ഭരണകൂടവുമായി ഇടഞ്ഞ രാജകുടുംബത്തിലെ കുബേരകുമാരന്‍മാര്‍ അടക്കം അനേകം പേരെ വിദേശങ്ങളില്‍ നിന്നു പിടിച്ചുകൊണ്ടുവന്ന് ഇല്ലാതാക്കുകയോ ഇരുട്ടറകളില്‍ അടയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഖഷഗ്ജി വിവാദം കത്തിനില്‍ക്കുന്നതിനിടെ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ പുഴയില്‍ നിന്ന് സഹോദരികളായ രണ്ടു സൗദി യുവതികളുടെ ശവശരീരങ്ങള്‍ ലഭിച്ചത് ഇതോടു ചേര്‍ത്തുവായിക്കാം. പരിഷ്‌കരണവാദികളായ അനേകം സ്ത്രീകള്‍ സൗദി ജയിലുകളില്‍ അടയ്ക്കപ്പെടുന്നതിനിടെ രാഷ്ട്രീയാഭയം ആവശ്യപ്പെട്ട് അമേരിക്കയിലേക്കു വന്ന ഈ യുവതികളോട് നാട്ടിലേക്കു തിരിച്ചുവരാന്‍ സൗദി അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന് ചെവികൊടുക്കാതിരുന്നതിനെ തുടര്‍ന്ന് രണ്ടുമാസം മുമ്പ് അപ്രത്യക്ഷരായ സഹോദരികളാണ് മാസങ്ങള്‍ക്കു ശേഷം ശവമായി പുഴയില്‍ പൊങ്ങിയത്. ഖഷഗ്ജിയുടെ അത്ര മാര്‍ക്കറ്റില്ലാത്ത അവരെക്കുറിച്ച് ചര്‍ച്ചകളൊന്നും ഉയര്‍ന്നിട്ടില്ല.
ആലുസൗദ് ഭരണകൂടത്തിന്റെ എല്ലാ ഞരമ്പുകളും അറിയുന്ന ഖഷഗ്ജി പുതിയ കൂടുറപ്പിക്കാന്‍ ശ്രമിച്ചത് അമേരിക്കയിലെ ട്രംപ് വിരുദ്ധ ഡീപ്‌സ്‌റ്റേറ്റ് ചേരിയിലാണ്. അമേരിക്കന്‍ നയതന്ത്ര താല്‍പര്യങ്ങള്‍ക്കു വിലകല്‍പിക്കാതെ സ്വന്തം കച്ചവടതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന പ്രസിഡന്റ് ട്രംപിനെ താഴെയിറക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ആഭ്യന്തര, വിദേശകാര്യ, പ്രതിരോധ വകുപ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പരന്നുകിടക്കുന്ന ഡീപ്‌സ്‌റ്റേറ്റ്. ട്രംപ് കൂട്ടുകെട്ടിനെതിരേ നിലകൊള്ളുന്ന ഡീപ്‌സ്‌റ്റേറ്റ് ചേരിയുടെ ഒരു ജിഹ്വയായ വാഷിങ്ടണ്‍ പോസ്റ്റില്‍ ഖഷഗ്ജിക്ക് ഒരു കസേര ലഭിച്ചത് കേവലം മാധ്യമപരിചയം നിമിത്തമല്ലെന്ന് അര്‍ഥം. പുതിയ അഡ്രസ്സില്‍ തനിക്കു ലഭിച്ച എല്ലാ വേദികളിലും പേജുകളിലും തന്റെ രാജ്യം ഇപ്പോള്‍ നേരിടുന്ന രൂക്ഷമായ സാഹചര്യം ഏറ്റവും നല്ല രാജ്യസ്‌നേഹിയായി ഖഷഗ്ജി അവതരിപ്പിച്ചു. യമന്‍ യുദ്ധം, ഖത്തര്‍ ഉപരോധം, സിറിയന്‍ വിപ്ലവത്തെ ഒറ്റുകൊടുത്തു തുടങ്ങിയ തലതിരിഞ്ഞ വൈദേശിക ഇടപെടലുകള്‍ മാത്രമല്ല ഖഷഗ്ജി തുറന്നുകാട്ടിയത്. നിയോം വരേണ്യനഗരിപോലുള്ള എംബിഎസ് സ്വപ്‌നപദ്ധതികള്‍ രാജ്യത്തിന്റെ സാമ്പത്തികാടിത്തറയുടെ ആണിക്കല്ല് മാന്തുമെന്ന് ഖഷഗ്ജി വാദിച്ചു. എംബിഎസിന്റെ മുഴുത്ത പണക്കിഴികള്‍ വാങ്ങിയ ചില പടിഞ്ഞാറന്‍ മാധ്യമങ്ങളും പിആര്‍ കമ്പനികളും തോമസ് ഫ്രീഡ്മാന്‍ പോലുള്ള വന്‍ കൂലിയെഴുത്തുകാരും സൗദിയുടെ നവപരിഷ്‌കര്‍ത്താവെന്ന് എംബിഎസിനെ വിളംബരം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മാധ്യമലോകത്തെ നിപുണന്‍ ഖഷഗ്ജി അതേ ഫീല്‍ഡില്‍ തിരിച്ചു കളിക്കുന്നത്.
ഒന്നുകൂടി മുന്നോട്ടു കടന്ന ഖഷഗ്ജി നവപരിഷ്‌കര്‍ത്താവിന് രണ്ടു പ്രധാന ഭീഷണികള്‍ ഉയര്‍ത്തിയിരുന്നു. നയതന്ത്ര ലോകത്തെ തന്റെ ഉപദേശകസേവനകാല ഡയറിക്കുറിപ്പുകള്‍ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തയ്യാറെടുത്തതാണ് ഒന്ന്. സൗദി അറേബ്യന്‍ രാജഭരണത്തെ ഒരു കോണ്‍സ്റ്റിറ്റിയൂഷനല്‍ മൊണാര്‍ക്കി (ഭരണഘടനാനുസൃത രാജഭരണം) ആയി പരിവര്‍ത്തിപ്പിക്കാനും ജനാധിപത്യാവകാശങ്ങള്‍ക്ക് സാധ്യത തുറക്കാനും ആഹ്വാനം ചെയ്യുന്ന ഒരു പുതിയ ജനാധിപത്യവേദിക്ക് രൂപം കൊടുക്കാനുള്ള ശ്രമങ്ങളിലായിരുന്നു അദ്ദേഹമെന്നത് മറ്റൊന്ന്. ഇപ്പോള്‍ റിയാദില്‍ തിരിച്ചുവന്ന അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആലുസൗദിനെ ഈ വേദിയുടെ അഡ്രസ്സില്‍ പുതിയ നേതാവായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലണ്ടന്‍-വാഷിങ്ടണ്‍ ഡീപ്‌സ്‌റ്റേറ്റുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെയാണ് ഖഷഗ്ജി ദുരന്തം സംഭവിക്കുന്നത്.
ഖഷഗ്ജി നാടുവിട്ട ശേഷം അദ്ദേഹത്തോടൊപ്പം ചേരാന്‍ ശ്രമിച്ച ഭാര്യയെ പിടികൂടിയ സൗദി അധികൃതര്‍ ഭീഷണിയിലൂടെ നിര്‍ബന്ധിച്ചു വിവാഹമോചനം നടത്തിച്ചിരുന്നു. തുടര്‍ന്നാണ് തുര്‍ക്കിക്കാരി ഖദീജ ജെങ്കിസിനെ വിവാഹം ചെയ്യാന്‍ ഖഷഗ്ജി ഒരുങ്ങുന്നത്. അവിവാഹിതനാണെന്നു തെളിയിക്കുന്ന രേഖ തേടി വാഷിങ്ടണിലെ സൗദി എംബസിയില്‍ ചെന്ന അദ്ദേഹത്തെ പ്രസ്തുത രേഖ ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ നിന്ന് വാങ്ങിക്കാന്‍ ആവശ്യപ്പെട്ട് തന്ത്രപൂര്‍വം എത്തിക്കുകയായിരുന്നു. സുന്നി ഇസ്‌ലാമിക ലോകത്തിന്റെ നേതൃത്വം തങ്ങളാണെന്നു വാദിക്കുന്ന ആലുസൗദ് ഭരണകൂടത്തിനു മുന്നില്‍ വലിയൊരു തടസ്സം തന്നെയാണ് ഇസ്‌ലാമിക രാഷ്ട്രീയം ഭരണത്തിലിരിക്കുന്ന തുര്‍ക്കി. അറബ് ലോകത്തെ ഭരണകൂട വേട്ടകളില്‍ നിന്ന് അഭയം തേടിയ അനേകം ഇസ്‌ലാമിക, മതേതര, രാഷ്ട്രീയ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കഴിയുന്ന തുര്‍ക്കിയില്‍ വച്ച് തുര്‍ക്കിയില്‍ വേരുകളുള്ള ഖഷഗ്ജിയെ വകവരുത്തുന്നതിലൂടെ ഉര്‍ദുഗാന്‍ സര്‍ക്കാരിന് നല്ലൊരു പണികൊടുക്കാന്‍ ഉദ്ദേശിച്ചെന്നും അതിനു പിന്നില്‍ സൗദി മാത്രമല്ലെന്നും നിരീക്ഷണമുണ്ട്. ഖഷഗ്ജി ഉന്മൂലനസംഘം തിരിച്ചുപോയപ്പോള്‍ വിമാനമിറങ്ങിയ രണ്ടു രാജ്യങ്ങളിലേക്കാണ് ആരോപണങ്ങള്‍ മുനചൂണ്ടുന്നത്.
തുര്‍ക്കി ഭരണകൂടം ഖഷഗ്ജി സംഭവം കൈകാര്യം ചെയ്ത രീതിയാണ് എംബിഎസ് ടീമിനെ തളര്‍ത്തിയത്. ഉന്നതരുടെ അറിവോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത സംഭവമാണ് ഖഷഗ്ജി വധമെന്നു കൃത്യമായ സൂചനകള്‍ പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇടയ്ക്കിടെ പുറത്തുവിടുകയും വിശദമായ തെളിവുകള്‍ അമേരിക്കന്‍ പ്രസിഡന്റ് അടക്കമുള്ളവരുടെ മേശപ്പുറത്ത് എത്തിക്കുകയും ചെയ്തു. കോണ്‍സുലേറ്റില്‍ ഖഷഗ്ജിയെ കഴുത്തുഞെരിച്ചു കൊന്നു മൃതദേഹം കഷണങ്ങളാക്കി വലിച്ചെറിഞ്ഞെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പുറത്തുവിടുകയും ചെയ്തതോടെ കല്‍പന കൊടുത്തവരെ ഉറ്റവര്‍പോലും കൈവെടിഞ്ഞു. അദ്ഭുതപ്പെടുത്തുന്ന പരിഷ്‌കര്‍ത്താവ് എന്നു വിശേഷിപ്പിച്ചവര്‍ തന്നെ ആരാച്ചാര്‍ എന്ന് ഇപ്പോള്‍ വിളിച്ചുകൂവുന്നു. മുഴുത്ത പണക്കിഴി നീട്ടിയും ഖത്തര്‍ ഉപരോധം, യമന്‍ യുദ്ധം, സിറിയയിലെ തുരപ്പന്‍പണികള്‍ തുടങ്ങിയവ അവസാനിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തും ഉര്‍ദുഗാനെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിലപ്പോയില്ലെന്നു ലണ്ടനില്‍ കഴിയുന്ന സൗദി വിമതര്‍ വിശദാംശങ്ങള്‍ സഹിതം പുറത്തുവിട്ടിരുന്നു.
തുര്‍ക്കിയോട് സംസാരിക്കാന്‍ അപേക്ഷിച്ച് ദോഹയില്‍ വന്ന എംബിഎസ് ദൂതന്മാരായ ഉന്നത നയതന്ത്രജ്ഞര്‍ വിമാനത്താവളത്തില്‍ നിന്ന് ഖഹ്‌വ കുടിച്ചു തിരിച്ചുപോയ തമാശ പറഞ്ഞു ചിരിക്കുകയാണു ഖത്തരികള്‍. അതിനിടെ, ഇസ്രായേലിന്റെ ഇഷ്ടതോഴന് സ്ഥാനചലനം സംഭവിക്കുമോയെന്നു സയണിസ്റ്റ് മാധ്യമങ്ങള്‍ സങ്കടംകൊള്ളുന്നുണ്ട്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss