|    Dec 11 Tue, 2018 7:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖഷഗ്ജി വധംകിരീടാവകാശിയുടെ സഹായികള്‍ക്ക് എതിരേ അറസ്റ്റ് വാറന്റിന് നീക്കം

Published : 6th December 2018 | Posted By: kasim kzm

ഇസ്താംബൂള്‍/വാഷിങ്ടണ്‍: സൗദിഅറേബ്യന്‍ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ജമാല്‍ ഖഷഗ്ജിയെ വധിച്ച കേസില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത സഹായിയെയും വിദേശ ഇന്റലിജന്‍സ് മേധാവിയെയും അറസ്റ്റ് ചെയ്യാന്‍ വാറന്റ് പുറപ്പെടുവിക്കണമെന്ന് ഇസ്താംബൂള്‍ ചീഫ് പ്രോസിക്യൂട്ടര്‍. ചൊവ്വാഴ്ചയാണ് പ്രോസിക്യൂട്ടര്‍ വാറന്റിനുള്ള അപേക്ഷ സമര്‍പ്പിച്ചത്.
ഖഷഗ്ജി വധത്തെ തുടര്‍ന്ന് സ്ഥാനങ്ങളില്‍ നിന്നു പുറത്താക്കിയ സൗദ് അല്‍ ഖഹ്താനി, അഹ്മദ് അസീരി എന്നിവര്‍ക്കു കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ശക്തമായ സംശയമുണ്ടെന്നും പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. ഈ വ്യക്തികള്‍ക്കെതിരേ സൗദി ഭരണകൂടം നടപടി സ്വീകരിക്കില്ല എന്നതിനാലാണ് പ്രോസിക്യൂഷന്‍ ഇത്തരമൊരു നീക്കം നടത്തി—യതെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ഈ വാര്‍ത്തകളോട് സൗദി ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖഷഗ്ജി വധത്തില്‍ ഇരുവര്‍ക്കും പങ്കുള്ളതായി സൗദി പ്രോസിക്യൂട്ടര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കിരീടാവകാശിയുടെ വലംകൈ എന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് ഖഹ്താനി.
അതേസമയം, ഖഷഗ്ജി വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കില്ലാതിരിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് യുഎസ് സെനറ്റര്‍മാര്‍ അഭിപ്രായപ്പെട്ടു. സിഐഎ ഡയറക്ടര്‍ ജിന ഹെസ്പാലുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ മുന്‍നിലപാട് ഒന്നുകൂടി സ്ഥിരീകരിച്ചതായി ഡെമോക്രാറ്റിക് പ്രതിനിധിയും ഫോറിന്‍ റിലേഷന്‍ കമ്മിറ്റി അംഗവുമായ ബോബ് മെനന്‍ഡസ് വ്യക്തമാക്കി.
യമന്‍ യുദ്ധത്തിലും ഖഷഗ്ജി വധത്തിലും സൗദിഅറേബ്യക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നേരത്തേ ആവശ്യപ്പെട്ടിരുന്നു. കിരീടാവകാശിയുടെ നിര്‍ദേശപ്രകാരമല്ല വധം ആസൂത്രണം ചെയ്തതെന്ന നിഗമനത്തിലെത്തണമെങ്കില്‍ നിങ്ങള്‍ കണ്ണടച്ച് ഇരുട്ടാക്കണമെന്നായിരുന്നു റിപബ്ലിക്കന്‍ സെനറ്റര്‍ ലിന്റ്‌സേ ഗ്രഹാമിന്റെ പ്രതികരണം.
ഖഷഗ്ജി വധത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമാവാന്‍ അന്താരാഷ്ട്രതല അന്വേഷണം വേണമെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി മിഷല്‍ ബാഷലെ അഭിപ്രായ—പ്പെട്ടു. ജനീവയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ഇവര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss