|    Nov 13 Tue, 2018 3:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖഷഗ്ജി: മൃതദേഹത്തിനായുള്ള തിരച്ചില്‍ നിര്‍ത്തിയെന്ന് തുര്‍ക്കി

Published : 11th November 2018 | Posted By: kasim kzm

ഇസ്താംബൂള്‍: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചതായി തുര്‍ക്കി പോലിസ്. എന്നാല്‍, കേസില്‍ അന്വേഷണം തുടരും. ഖഷഗ്ജിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചു എന്നു കരുതുന്ന, സൗദി കോണ്‍സലറുടെ വീട്ടില്‍ നിന്ന് ആസിഡ് അംശങ്ങള്‍ കണ്ടെത്തിയതായും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
സൗദി ഭരണകൂടത്തിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും കടുത്ത വിമര്‍ശകനായിരുന്ന ജമാല്‍ ഖഷഗ്ജി ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത്. സൗദി-തുര്‍ക്കി ഉദ്യോഗസ്ഥര്‍ സംയുക്തമായി ഇസ്താംബൂളിലെ കോണ്‍സുലേറ്റിലും കോണ്‍സലറുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍, സംഭവത്തില്‍ സൗദി ഭരണകൂടം കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. കൃത്യം നടപ്പാക്കിയ 15 അംഗ സംഘത്തെ തുര്‍ക്കിയിലേക്കയച്ചത് ആരാണെന്നു സൗദി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കുന്നതിനായി എത്തിയ ഖഷഗ്ജി കോണ്‍സുലേറ്റില്‍ നിന്നു തിരിച്ചുപോയി എന്നായിരുന്നു സൗദി ഭരണകൂടം ആദ്യം അവകാശപ്പെട്ടിരുന്നത്. അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ഖഷഗ്ജി സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള മല്‍പ്പിടിത്തത്തിനിടെ കൊല്ലപ്പെെട്ടന്നും സംഭവം ആസൂത്രിതമായിരുന്നുവെന്നും പിന്നീട് സൗദി അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. ഖഷഗ്ജി വധക്കേസുമായി ബന്ധപ്പെട്ടു ലഭിച്ച ഓഡിയോ, വീഡിയോ രേഖകള്‍ സൗദി അറേബ്യ, യുഎസ്, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കു കൈമാറിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. ഖഷഗ്ജി കൊല്ലപ്പെടുന്നതിനു മുമ്പ് ഇസ്താംബൂളിലെത്തിയ 15 പേരില്‍ നിന്നു കൊലപാതകിയെ കണ്ടെത്തണമെന്നും ഉര്‍ദുഗാന്‍ സൗദിയോട് ആവശ്യപ്പെട്ടു. കോണ്‍സുലേറ്റ് സന്ദര്‍ശിച്ച് സൗദി പ്രോസിക്യൂട്ടര്‍ അന്വേഷണവുമായി സഹകരിക്കാന്‍ വിസമ്മതിച്ചെന്നും അന്വേഷണം വൈകിപ്പിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss