|    Nov 13 Tue, 2018 4:23 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഖഷഗ്ജി കൊല്ലപ്പെട്ടു; സമ്മതിച്ച് സൗദി

Published : 21st October 2018 | Posted By: kasim kzm

റിയാദ്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി ഇസ്താംബൂളിലെ തങ്ങളുടെ കോണ്‍സുലേറ്റില്‍ വച്ചു കൊല്ലപ്പെട്ടതായി ഒടുവില്‍ സൗദിയുടെ സ്ഥിരീകരണം. ഒരുകൂട്ടം ആളുകളുമായുള്ള മല്‍പ്പിടിത്തത്തിനിടെ ഖഷഗ്ജി കൊല്ലപ്പെടുകയായിരുന്നുവെന്നാണ് അധികൃതരുടെ ഭാഷ്യം.
സംഭവത്തില്‍ പങ്കുള്ള 18 സൗദി പൗരന്‍മാരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സൗദി അറ്റോര്‍ണി ജനറല്‍ ശെയ്ഖ് സൗദ് അല്‍ മുജീബ് പ്രസ്താവനയില്‍ അറിയിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകന്‍ സൗദ് അല്‍ ഖഹ്താനി, ഡെപ്യൂട്ടി ഇന്റലിജന്‍സ് തലവന്‍ മേജര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് സ്ഥാനത്തുനിന്നു നീക്കിയതായും അദ്ദേഹം അറിയിച്ചു. ഖഷഗ്ജി കൊല്ലപ്പെട്ടെന്ന തുര്‍ക്കിയുടെ വാദം സൗദി നിഷേധിച്ചുവരുകയായിരുന്നു. അതേസമയം, ഖഷഗ്ജി കൊല്ലപ്പെട്ടുവെന്നു സ്ഥിരീകരിക്കുന്ന റിപോര്‍ട്ട് സൗദി ഭരണകൂടം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഖഷഗ്ജിയെ വധിച്ചതിന്റെ കുറ്റം ഉദ്യോഗസ്ഥരുടെ മേല്‍ ചുമത്തി മുഖം രക്ഷിക്കാനുള്ള നീക്കമാണ് സൗദി നടത്തുകയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
ഒക്ടോബര്‍ 2നു സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ചതിനു പിന്നാലെയാണ് ഖഷഗ്ജി അപ്രത്യക്ഷനായത്. ഖഷഗ്ജി കൊല്ലപ്പെട്ടിട്ടില്ലെന്നും കോണ്‍സുലേറ്റില്‍ നിന്നു പുറത്തുകടന്നിട്ടുണ്ടെന്നുമായിരുന്നു ഇതുവരെ സൗദിയുടെ വാദം. കൂടാതെ, സിസിടിവി പ്രവര്‍ത്തനക്ഷമമല്ലെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.
അതിനിടെ, ഖഷഗ്ജിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ മിഡില്‍ഈസ്റ്റ് ഐ രംഗത്തുവന്നിരുന്നു. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയ ഖഷഗ്ജിയെ രണ്ടു പേര്‍ ചേര്‍ന്ന് കോണ്‍സല്‍ ജനറലിന്റെ ഓഫിസില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മിഡില്‍ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തത്.
എന്തോ വിഷം കുത്തിവച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ കത്തി കൊണ്ട് മൃതദേഹം തുണ്ടംതുണ്ടമാക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍സല്‍ ജനറലിന്റെ വീട്ടിലെ പൂന്തോട്ടത്തില്‍ കുഴിച്ചുമൂടുകയും ചെയ്തതായാണ് റിപോര്‍ട്ട്. ഖഷഗ്ജി എപ്പോഴാണ്, ഏതു മുറിയില്‍ വച്ചാണ് കൊല്ലപ്പെട്ടതെന്നും മൃതദേഹം വെട്ടിമുറിച്ചത് എവിടെ വച്ചാണെന്നും തങ്ങള്‍ക്ക് അറിയാമെന്ന് അന്വേഷണസംഘവുമായി നേരിട്ടു ബന്ധമുള്ള തുര്‍ക്കി ഉദ്യോഗസ്ഥന്‍ അറിയിച്ചതായും മിഡില്‍ഈസ്റ്റ് ഐ വെളിപ്പെടുത്തിയിരുന്നു. പുനര്‍വിവാഹവുമായി ബന്ധപ്പെട്ട ചില രേഖകള്‍ക്കായി കോണ്‍സുലേറ്റില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് 59കാരനായ ഖഷഗ്ജിയെ കാണാതായത്. ഖഷഗ്ജി സ്വന്തം അന്ത്യനിമിഷം ആപ്പിള്‍ വാച്ചില്‍ റെക്കോഡ് ചെയ്ത് ഭാര്യക്ക് അയച്ചുവെന്ന് സംശയമുണ്ടെന്ന് തുര്‍ക്കി പത്രം റിപോര്‍ട്ട് ചെയ്തിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss