|    Dec 12 Wed, 2018 7:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഖഷഗ്ജിയെ കോണ്‍സുലേറ്റില്‍ വെട്ടിനുറുക്കിയെന്ന് സമ്മതിച്ച് സൗദി

Published : 16th November 2018 | Posted By: kasim kzm

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെട്ടിനുറുക്കി കൊന്നുവെന്ന കാര്യം ഔദ്യോഗികമായി സമ്മതിച്ച് സൗദിഅറേബ്യ. ഇതാദ്യമായാണ് ഖഷഗ്ജിയെ ഏതു രീതിയിലാണ് വധിച്ചതെന്ന കാര്യം സൗദി സമ്മതിക്കുന്നത്. ഖഷഗ്ജിയെ മയക്കുമരുന്ന് നല്‍കി വെട്ടിനുറുക്കുകയായിരുന്നുവെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഷഅലാന്‍ അല്‍ ഷഅലാന്‍ സ്ഥിരീകരിച്ചു. കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് സംഭവത്തില്‍ പങ്കില്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. കൊലയ്ക്കുശേഷം ഖഷഗ്ജിയുടെ ശരീരം കഷണങ്ങളാക്കി കോണ്‍സുലേറ്റിന് പുറത്തേക്കു മാറ്റാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
സൗദി മുന്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി മേധാവി അഹ്മദ് അല്‍ അസീരി തുര്‍ക്കിയില്‍ നിന്ന് ഖഷഗ്ജിയെ സൗദിയിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തി. ഇതിന്റെ ഭാഗമായി ഖഷഗ്ജിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അസീരിയുള്‍പ്പെടെ 21 പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. ഇതില്‍ 11 പേരാണ് വിചാരണ നേരിടുന്നത്. ഇതില്‍ 5 പേര്‍ക്കാണ് വധശിക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊലപാതകത്തില്‍ സൗദി ഭരക്കെതിരേ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന ആവശ്യവുമായി പ്രോസിക്യൂട്ടര്‍ രംഗത്തെത്തിയത്.
ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍, വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനുമായ ഖഷഗ്ജി കൊല്ലപ്പെട്ടത്. അതേസമയം, ഖഷഗ്ജിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ചെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss